Thursday, 26 September 2019

കവിത - അഹം



എല്ലാ വാതായനങ്ങളും
തുറന്നുവച്ചിട്ടുണ്ട്
കണ്ണിന്റെ, ചെവിയുടെ,
മനസ്സിന്റെ,ഹൃദയത്തിന്റെ.
ഒന്നു മുട്ടുക പോലും
 ചെയ്യാതെ അകത്തുവരാം
ഒരു മ്യൂസിയമോ
ചരിത്രസ്മാരകമോ
ഉള്ളിൽ സൂക്ഷിച്ചിട്ടില്ല.
മയിൽപ്പീലിയും
വളപ്പൊട്ടുകളും
നിറച്ചൊരു കുഞ്ഞുപെട്ടകം,
ചിത്രശലഭങ്ങൾ
പാറിപ്പറക്കുന്നൊരു പൂന്തോട്ടം,
കടൽക്കാറ്റ് നിറച്ചൊരു
വർണ്ണബലൂൺ,
കോടമഞ്ഞിൽ പൊതിഞ്ഞൊരു
താഴ് വാരത്തിലേക്കുള്ള
വഴിയുടെ രേഖാചിത്രം,
ആരോ വരച്ചു മറന്നൊരു
ആകാശത്തിൻറെ ഛായാപടം
ഇത്രയേ ബാക്കിയുള്ളൂ.
കണ്ടുമടങ്ങുമ്പോൾ
ഹൃദയഭിത്തിയിലൊരു
കൈയ്യൊപ്പുചാർത്തണം
തിളങ്ങുന്ന നീലമഷികൊണ്ട്
അതായിരിക്കണം
ജീവിതത്തിലേക്കുള്ള
അടഞ്ഞവാതിലിന്റെ താക്കോൽ.

രജനി വെള്ളോറ


1 comment: