ചിലപ്പോൾ ചിലർ
ചിലപ്പോൾ ചിലർ അങ്ങനാണ്
ഒന്നും പറയാതെ ഇറങ്ങിപ്പോകും
പാതികുടിച്ച കാപ്പിക്കപ്പിൽ
ഒരു ഉറുമ്പ് അവസാനത്തെ
പിടയ്ക്കലിലായിരിക്കും
പാതി കിളച്ചിട്ട വാഴത്തടങ്ങൾ
കാത്തിരിക്കുന്നുണ്ടാകും
കുഞ്ഞുമോൾക്ക് കെട്ടിക്കൊടുത്ത
ഊഞ്ഞാൽ ഇരിപ്പുറക്കാതെ
മാവിൻകൊമ്പിൽ തൂങ്ങിയാടും
പത്രത്തിന് മുകളിൽ ഒരു കണ്ണട
വെളിച്ചത്തിലേക്ക് തുറിച്ചുനോക്കും
ചിലപ്പോൾ ചിലരങ്ങനാണ്
നീളത്തിലരിഞ്ഞ് വെളിച്ചെണ്ണ
തൂകി വറുത്തെടുക്കാൻ
തോട്ടത്തിലെ പയറൊരുപിടി,
വെളുത്തുള്ളിയിട്ട്
ഒതുക്കിയെടുക്കാൻ ചീര,
പാവയ്ക്കപ്പച്ചടിക്ക് തൈര്
എല്ലാം ഒരുക്കികൊടുത്ത്
പശുവിൻറെ കയറിലൊരു
കുരുക്കുമിട്ട് ഇപ്പോൾ വരാമെന്ന്
തിരക്കില്ലാതെ പറഞ്ഞ്
ധൃതിപ്പെട്ടങ്ങ് ഇറങ്ങിപ്പോകും
ചിലപ്പോൾ ചിലരങ്ങനാണ്
ഒരു പിൻവിളി വിളിക്കാൻ
നിനക്കും എനിക്കും തോന്നിയോ
എന്ന് അമ്മയും മകളും
പിന്നീട് കൺനിറക്കും
തേങ്ങപൊഴിച്ച് തെങ്ങും
മാങ്ങ കനിഞ്ഞ് മാവും
ആരോടെന്നില്ലാതെ
പരിഭവിക്കും
ഒരുപിടി മീഞ്ചോറിന്
കാത്തിരുന്ന് കുറിഞ്ഞിപ്പൂച്ച
വിശന്ന് കരയും
ചിലപ്പോൾ ചിലരങ്ങനാണ്
വലിയ ശൂന്യതയിൽ
നിറയെ ഇരുട്ട് നിറച്ച്
ഒന്നും മിണ്ടാതെ....
***********
ചിലപ്പോൾ ചിലർ അങ്ങനാണ്
ഒന്നും പറയാതെ ഇറങ്ങിപ്പോകും
പാതികുടിച്ച കാപ്പിക്കപ്പിൽ
ഒരു ഉറുമ്പ് അവസാനത്തെ
പിടയ്ക്കലിലായിരിക്കും
പാതി കിളച്ചിട്ട വാഴത്തടങ്ങൾ
കാത്തിരിക്കുന്നുണ്ടാകും
കുഞ്ഞുമോൾക്ക് കെട്ടിക്കൊടുത്ത
ഊഞ്ഞാൽ ഇരിപ്പുറക്കാതെ
മാവിൻകൊമ്പിൽ തൂങ്ങിയാടും
പത്രത്തിന് മുകളിൽ ഒരു കണ്ണട
വെളിച്ചത്തിലേക്ക് തുറിച്ചുനോക്കും
ചിലപ്പോൾ ചിലരങ്ങനാണ്
നീളത്തിലരിഞ്ഞ് വെളിച്ചെണ്ണ
തൂകി വറുത്തെടുക്കാൻ
തോട്ടത്തിലെ പയറൊരുപിടി,
വെളുത്തുള്ളിയിട്ട്
ഒതുക്കിയെടുക്കാൻ ചീര,
പാവയ്ക്കപ്പച്ചടിക്ക് തൈര്
എല്ലാം ഒരുക്കികൊടുത്ത്
പശുവിൻറെ കയറിലൊരു
കുരുക്കുമിട്ട് ഇപ്പോൾ വരാമെന്ന്
തിരക്കില്ലാതെ പറഞ്ഞ്
ധൃതിപ്പെട്ടങ്ങ് ഇറങ്ങിപ്പോകും
ചിലപ്പോൾ ചിലരങ്ങനാണ്
ഒരു പിൻവിളി വിളിക്കാൻ
നിനക്കും എനിക്കും തോന്നിയോ
എന്ന് അമ്മയും മകളും
പിന്നീട് കൺനിറക്കും
തേങ്ങപൊഴിച്ച് തെങ്ങും
മാങ്ങ കനിഞ്ഞ് മാവും
ആരോടെന്നില്ലാതെ
പരിഭവിക്കും
ഒരുപിടി മീഞ്ചോറിന്
കാത്തിരുന്ന് കുറിഞ്ഞിപ്പൂച്ച
വിശന്ന് കരയും
ചിലപ്പോൾ ചിലരങ്ങനാണ്
വലിയ ശൂന്യതയിൽ
നിറയെ ഇരുട്ട് നിറച്ച്
ഒന്നും മിണ്ടാതെ....
***********
No comments:
Post a Comment