Thursday, 26 September 2019

കവിത - ഒഴുക്ക്

ഒഴുക്ക്
      ................
ഇനി ഒരുമിച്ചൊഴുകാമെന്ന്
രണ്ടു കൈത്തോടുകളും
ആദ്യം കണ്ടപ്പോൾത്തന്നെ
തീരുമാനിച്ചതാണ്.
സ്വകാര്യം പറയുന്നത് കേട്ട്
കൈതോലക്കാടും കുളക്കോഴിയും
കോപ്രായം കാണിച്ചതുമാണ്.
ഒന്നും മിണ്ടാതെ
രണ്ടാളും ഒന്നായപ്പോൾ
ആറ്റുവഞ്ചിയൊരു പൂച്ചെണ്ടും
കുഞ്ഞിപ്പരൽമീനൊരു
മോതിരച്ചുറ്റും നൽകി.
ഏറെദൂരം കിന്നാരം പറഞ്ഞ്
ഒഴുകിയലഞ്ഞിട്ടും
കടലിലെത്താതെ, തല്ലിപ്പിരിഞ്ഞ്,
ഇത്തിരി വല്യ പുഴകളായി
ഒഴുകിപ്പരന്നപ്പോൾ,
തല്ലിപ്പിരിയുന്ന മനുഷ്യരെപ്പോലെത്തന്നെ
തങ്ങളെന്നോർത്ത്,
രണ്ടാളും താഴ് വരകളിലേക്ക്
ചാടി ആത്മഹത്യചെയ്തു.

... രജനി വെള്ളോറ ...

No comments:

Post a Comment