Thursday, 26 September 2019

കവിത - സ്വസ്തി

സ്വസ്തി

പുഴ ഒഴുകുകയായിരുന്നു
പരൽമീനുകൾ
ഭക്ഷണം തേടുകയും
അവൻ അവളെ തേടുകയും
അവൾ വെള്ളാരങ്കല്ലുകൾ
തേടുകയുമായിരുന്നു
അവളെ ഒളിപ്പിക്കാൻ പുഴയും
പുഴയെ ഒളിപ്പിക്കാൻ അവനും
ശ്രമിച്ചുകൊണ്ടേയിരുന്നു.
കടലിലെത്താറായ പുഴ
തിരിഞ്ഞുനോക്കിയപ്പോൾ
കൈകൾകോർത്ത്
അവളും അവനും
ഉറങ്ങുന്നതും
പരൽമീനുകൾ അവളെ
ഉമ്മവെക്കുന്നതും
ഒരു നോക്ക് കണ്ടു.
ഉറങ്ങിപ്പോയ അവരെ
ഉണർത്താൻ പുഴ
തിരികെ വരാൻ നോക്കി;
കടൽ പുഴയെ വലിച്ചടുപ്പിച്ച്
അമർത്തി ചുംബിച്ചു.
പ്രണയം നിങ്ങളെപ്പോലെ
എന്നെയും മയക്കിയെന്ന്
അവരോട് പറഞ്ഞ്
പുഴ കടലിലേക്ക് കണ്ണടച്ചു.

രജനി വെള്ളോറ

No comments:

Post a Comment