Thursday, 26 September 2019

കവിത - ഉപേക്ഷിക്കപ്പെട്ടവർ

ഉപേക്ഷിക്കപ്പെട്ടവർ

നിർത്താതെയുള്ള
നിലവിളിയിൽ
ഒരു പൂച്ചക്കുഞ്ഞ്
കാലുകൾ മണത്ത് വാലാട്ടി
ഉടയോനെ തേടുന്ന
നായ്ക്കുട്ടി

മാറത്തടുക്കിയ
കീറമാറാപ്പുമായ്
വാർധക്യത്തിന്റെ ദൈന്യമുഖം
തീവണ്ടിയാപ്പീസിലെ
ഒഴിഞ്ഞ ബെഞ്ചിൽ
നിറഞ്ഞ കണ്ണും
കനത്ത മുഖവുമായി ഒരുവൾ
ആശുപത്രിയിലെ
വരാന്തയിൽ
മരുന്നുചീട്ടുമായി ഒരമ്മ തനിച്ച്
ഇരുട്ടിലേക്കുള്ള
ഒറ്റയടിപ്പാതയിൽ
വെളിച്ചമില്ലാതെ ഒരാൾ

കുന്നിൻമുകളിലെ
ഒറ്റവീട്ടിൽ കാറ്റിലുലയുമൊരു
 തിരിനാളം
കാർമേഘങ്ങളെ
തള്ളിമാറ്റി കണ്ണിറുക്കുന്നു
ഒറ്റയ്ക്കൊരു നിലാചന്ദ്രൻ
ഇണയകന്ന കിളി
ഏകയായ്
പാടുമൊരു നിശാഗീതം
തിരയും തീരവും
ഏറെ തനിച്ചായ രാത്രികൾ

തെരുവിലേക്ക് തുറന്ന
ഗർഭപാത്രം
അനാഥമാക്കിയ കുഞ്ഞിൻറെ
തേങ്ങിക്കരച്ചിൽ
നിഴലുകളുടെ മറവിൽ
ഉറക്കം മറന്ന യുവതയുടെ
അങ്കലാപ്പ്
ഉപേക്ഷിക്കപ്പെട്ടവരുടെ
എണ്ണം കൂടുകയാണ്
എങ്കിലും, ജീവിതവും
മരണവും നൃത്തം
അവസാനിപ്പിക്കുന്നുമില്ല!
#രജനിവെള്ളോറ#


No comments:

Post a Comment