Thursday, 26 September 2019

കവിത - സൗഹൃദത്തുമ്പത്ത്

Dedicated to pre degree mates❤️

സൗഹൃദത്തുമ്പത്ത്
****************

കൊഴിഞ്ഞുപോയ
ദിനങ്ങൾ
എന്നെങ്കിലും
തിരിച്ചുവന്നെങ്കിൽ
നമ്മുടെ സൗഹൃദത്തിന്
ഇത്തിരികൂടി
നിറം ചേർക്കാമായിരുന്നു.

മാടായിപ്പാറയിലെ
ഒറ്റമരത്തിൽ
കാറ്റ് പിടിച്ചപ്പോൾ
കണ്ടുനിന്ന കൗതുകകണ്ണുകൾ
നമുക്ക് തിരിച്ചെടുക്കാമായിരുന്നു.

എങ്ങോട്ടോ നടന്നുമറഞ്ഞ
കൗമാരക്കാലത്തിന്റെ
കാലടിപ്പാടുകൾ നോക്കി
വെറുതേ നടക്കാൻ
കഴിഞ്ഞെങ്കിൽ
നമുക്കിടയിൽ സൗഹൃദം
ഒരു മുളങ്കൂട്ടം പോലെ
പൂത്തുലഞ്ഞേനെ.
വേണ്ട , അല്ലേ
പൂത്ത മുളങ്കാടുകൾ
നശിച്ചുപോകുന്നതുപോലെ
അതും, വേണ്ട.

വൈകിവന്ന വസന്തംപോലെ
വിളയാടട്ടെ സൗഹൃദം.
'മരണമെത്തുന്ന നേരത്ത്'
അരികിലിരിക്കാൻ
ബാക്കിയാകട്ടെ
ചിലരെങ്കിലും.

രജനി വെള്ളോറ

No comments:

Post a Comment