Thursday, 26 September 2019

കവിത - കറുപ്പ്

കറുപ്പ്
------------------

കറുപ്പ്
ഗഹനമാണ്
വെളുപ്പിനേക്കാളും
ഒരുതുള്ളി വെളിച്ചത്തിൽ
പാടെയില്ലാതാക്കാം.
ഏഴഴകാണെന്ന് കവി
പടിക്ക് പുറത്താണിപ്പോഴും
കാൾ ലൂയിസും സെറീനയും
നൊൽസണും മാർട്ടിനും
പടക്കുതിരകളായിട്ടും.
എവിടെയും പുറത്താണ്
കറുപ്പ്; കറുത്ത പെൺകുട്ടിയെ
കുറിച്ച് ഇന്നും കേട്ടു,
അവൾക്ക് വെളുത്തപല്ലും
നീണ്ടമുടിയുമുണ്ടെന്ന്
ആരും പറഞ്ഞില്ല
പരസ്യത്തിലെ ക്രീമുകൾ
വെളുക്കാൻ മാത്രം
പറഞ്ഞുകൊണ്ടേയിരുന്നു
കറുപ്പ് നിൻറെ സ്വത്വമാണെന്ന്
ആരും അവരോട് പറയാറേയില്ല
മനസ്സിൽ നിറയെ
അപകർഷതയോടെ
കുറേയേറെപ്പേർ,
നിങ്ങൾക്കറിയില്ല
കറുത്തവളുടെ
വിഷമം നിങ്ങൾക്കറിയില്ല
ഒരുവൾ എൻറെ നേരെ
വിരൽചൂണ്ടി
കറുപ്പിനെ വെറുക്കുന്നയീ
ലോകത്തിൻറെ
കണ്ണിലേക്ക്
വെളിച്ചത്തിൻറെ
ഒരു തുള്ളി ആരാണ്
വീഴ്ത്തുക!

രജനി വെള്ളോറ

No comments:

Post a Comment