Thursday, 26 September 2019

കവിത - ഒരു നഷ്ടം



ഒരു നഷ്ടം

നിനവുകളിലേക്ക് പൊഴിയുന്ന
ചില പൂക്കളുണ്ട്
എപ്പോഴോ ഇഷ്ടത്തോടെ
നടന്ന വഴികളിൽ
ഒരുമിച്ചു നടന്നൊരാളുടെ
പദനിസ്വനം.

വേലിക്കൽനിന്ന് പൊട്ടിച്ചെടുത്ത്
നീട്ടിയ മഞ്ഞകോളാമ്പിപ്പൂവ്
മുന്നിലെത്തിപ്പെട്ട
കുറിഞ്ഞിപ്പൂച്ചയുടെ
പരിഭ്രമം
പൊട്ടിച്ചിരിപ്പിച്ച നിമിഷം,

കൈകളിൽ കൈകോർത്ത്
നടക്കുമ്പോൾ
നമുക്കിടയിലെ അകലം
വൻകരകളോളം
വലുതാകുമെന്ന്
നീയോ ഞാനോ
ഓർത്തുവോ സഖീ?

കാട്ടുചേമ്പിലയിൽ
പേർത്തുവച്ച
വെള്ളത്തുള്ളികൾ
കാൽവെപ്പുകളിലിടറി
ചിതറിത്തെറിച്ചപ്പോൾ
ഒരു കൈക്കുമ്പിളിൽ നീ
സൂര്യനെ കാണിച്ചത്!

പുസ്തകത്താളിലെ
 മയിൽ‌പ്പീലിക്കുഞ്ഞുങ്ങളെ
ആകാശച്ചെരിവിലേക്ക്
പറത്തിവിട്ടത്.
കാറ്റിൽ പറന്നുപോയ
കുടയ്ക്ക് പിന്നാലെയോടി
മഴയോടൊപ്പം
തിരിച്ചുവന്നത്.
ഒരറ്റമാമ്പഴമധുരത്തിൽ
നാമൊരുമിച്ചലിഞ്ഞത്!

ഏറെ മുന്നോട്ട്
പോയ്ക്കഴിഞ്ഞുവോ സഖീ
തിരിച്ചുതുഴയാമോ
പിന്നിട്ട കാതങ്ങൾ?

രജനി വെള്ളോറ

No comments:

Post a Comment