Thursday, 26 September 2019

ചിന്തച്ചീന്തുകൾ

ചിന്തച്ചീന്തുകൾ

സൗഹൃദങ്ങൾ ചിന്നിച്ചിതറുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നും. ഏതൊക്കെയോ വഴിയിൽ സഞ്ചരിക്കുന്നവർ എവിടെയൊക്കെയോ വച്ച് കണ്ടുമുട്ടുന്നു.... സൗഹൃദത്തിലാകുന്നു. അല്പകാലത്തിനുശേഷം നിസ്സാരകാര്യങ്ങൾക്ക് അകന്നു പോകുന്നു.  പക്ഷെ ഒരു നിമിഷം...
 ഒന്ന് നിൽക്കൂ.
ഒന്ന് തിരിഞ്ഞുനോക്കൂ.
ഒരുമിച്ചു നടന്ന കുറച്ചു സമയമില്ലേ അപ്പോൾ എന്തൊക്കെയാണ് നമ്മൾ പങ്കുവച്ചത്! എത്ര സന്തോഷമായിരുന്നു
എല്ലാം മറന്നുപോയോ ഇത്ര പെട്ടന്ന്!

മരണത്തിന്റെ തൊട്ടടുത്താണ് ഞാനും നിങ്ങളും നിൽക്കുന്നത്. തൊട്ടടുത്തനിമിഷത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്?നിങ്ങൾക്കറിയുമോ? എനിക്കറിയില്ല.
എന്നിട്ടും വെറുതെ തല്ലുപിടിച്ച്, പിണങ്ങി ശത്രുക്കളാകുന്നു.
നാളെ ഒരുപക്ഷെ നിങ്ങൾ കേൾക്കുന്നത് എന്റെ മരണവർത്തയാകാം, അപ്പോൾ നിങ്ങൾ എത്രമാത്രം ദുഖമനുഭവിക്കും. പിന്നീടുള്ള നിങ്ങളുടെ ജീവിതത്തിൽ എന്നോട് പിണങ്ങിയല്ലോ എന്ന ചിന്ത  കുത്തിനോവിച്ചുകൊണ്ടേയിരിക്കും..പിണങ്ങണ്ടായിരുന്നു എന്നോർത്ത് നിങ്ങൾ വല്ലാതെ വിഷമിക്കും.

നമ്മുടെ സ്വകാര്യതക്ക് അല്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന ഒരുപാടു പേരെ നമ്മൾ ഒഴിവാക്കിയിട്ടുണ്ടാകാം..വേറെ വഴിയില്ലാത്തപ്പോൾ.
പിന്നെ അതോർത്ത് ദു:ഖിച്ച് അവരോടു സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും. അപ്പോഴും അവർ മാറിയില്ലെങ്കിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.
അതുകൊണ്ടുതന്നെ ഓരോ വ്യക്തിയെയും ബഹുമാനിക്കാനും അവരുടെ സ്വാകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാതിരിക്കാനും ശ്രമിക്കണം.
നീ എന്നെയും ഞാൻ നിന്നെയും ബഹുമാനിക്കുമ്പോഴാണ് നമുക്കിടയിൽ പനിനീർപൂവുകൾ വിടരുന്നത്...അതിന്റെ സുഗന്ധം ഒരുപോലെ അസ്വദിക്കുമ്പോഴാണ് നമ്മുടെ ചുറ്റും വസന്തം ചിറകുവിടർത്തുന്നതും ഭൂമി കൂടുതൽ സുന്ദരിയാകുന്നതും.

മരണകിടക്കയിലായ ഒരു പിതാവ് തന്റെ സ്വത്തുക്കൾ ആർക്കു കൊടുക്കും എന്ന് ചിന്തിച്ച് തന്റെ മൂന്നുമക്കളെയും അടുത്തേക്ക് വിളിച്ചു. ഒരു ചെറിയ തുക അവരെ ഏൽപ്പിച്ചു. ഈ പണത്തിനു സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു നിങ്ങൾ മുറി നിറക്കണം എന്ന് പറഞ്ഞു.
രണ്ടുപേർ മുഴുവൻ തുകയും ചെലവാക്കി സാധനങ്ങൾ കൊണ്ടുവന്നു, ഒരാൾ വൈക്കോൽ, ഒരാൾ തൂവൽ, പക്ഷെ മുറി നിറഞ്ഞില്ല...
ഇളയ ആൾ തനിക്കു കിട്ടിയ പണത്തിൽ ഒരു ചെറിയ ഭാഗം കൊടുത്ത് ഒരു  മെഴുകുതിരിയും തീപ്പെട്ടിയും ഒരു സുഗന്ധത്തിരിയും വാങ്ങി. മുറിയിൽ അവ രണ്ടും കത്തിച്ചുവച്ചപ്പോൾ വെളിച്ചവും സുഗന്ധവും നിറഞ്ഞു. പിതാവിന് സമാധാനവുമായി.
പല രൂപത്തിലും ഭാവത്തിലും നമ്മൾ ഈ കഥ കേട്ടിട്ടുണ്ട്. പക്ഷെ സന്ദേശം ഒന്നാണ്, നമ്മുടെ ചിന്തയിലെ ശുദ്ധി. പ്രകാശവും സുഗന്ധവും എവിടെയും നിറക്കാൻ നമുക്കോരോരുത്തർക്കും കഴിയും നമ്മുടെ പ്രവൃത്തികൊണ്ട്.

ആരും ഉപദേശിച്ചിട്ടൊന്നും ഇക്കാലമത്രയും ആരും നന്നായിട്ടൊന്നുമില്ല. അവനവൻ വിചാരിക്കണം താൻ നല്ലതാകണോ ചീത്തയാകണോ എന്ന്. പിന്നെ സാമൂഹികസാഹചര്യങ്ങളാണ് പലരെയും കള്ളനും കൊള്ളക്കാരനും കൊലപാതകിയും ആക്കുന്നത്. ഇങ്ങനെ ആകുന്നവരോട് വീണ്ടും വെറുപ്പ് കാണിക്കുന്നത് അവരെവീണ്ടും ചെളിയിൽ ചവിട്ടിത്താഴ്ത്തുന്നതിനു തുല്യമാണ്.

വൈക്കം മുഹമ്മദ് ബഷീർ മരിച്ചതിൽ ഏറ്റവും അധികം സങ്കടപ്പെട്ട ഒരു മനുഷ്യൻറെ കഥ ശ്രീ കൽപ്പറ്റ നാരായണൻ സാർ പറഞ്ഞു കേട്ടിട്ടുണ്ട് അദ്ദേഹത്തിൻറെ ബഷീർ അനുസ്മരണത്തിൽ. ഒരു കൊലപാതകിയായിരുന്നു അത്. തൻറെ കാമുകിയുടെ വിവാഹം വേറൊരാളുമായി തീരുമാനിച്ചതറിഞ്ഞ് അയാൾ അവളെ കൊല്ലുകയും ജയിലിലാവുകയും ചെയ്യുന്നു. പരോളിൽ നാട്ടിലെത്തുന്ന അയാളോട് ആരും സംസാരിക്കാൻ തയ്യാറാകുന്നില്ല. അയാൾ ബഷീറിൻറെ അടുത്തെത്തുന്നു.

സ്ഥിരം ബഷീറിയൻ ശൈലിയിൽ ചോദ്യം " വരൂ, ഇരിക്കൂ, വിശക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചതാണോ?"

വിശപ്പ് മാത്രമാണ് സത്യമെന്നും ഒരു മനുഷ്യന് മറ്റൊരാളോട് ചെയ്യാവുന്ന മഹത്തരമായ കാര്യം അയാളെ കേൾക്കുക എന്നതാണെന്നും ബഷീറിനോളം മറ്റാർക്കാണറിയുക!
മണിക്കൂറുകളോളം അവർ സംസാരിക്കുന്നത് പലരും അത്ഭുതത്തോടെയാണ് കണ്ടതുപോലും. ബഷീറിൻറെ മരണശേഷമാണ് അയാൾ അവസാനമായി നാട്ടിൽ വരുന്നത്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്തിരുന്ന് ഏറെനെരം കരഞ്ഞ ആ മനുഷ്യൻ പിന്നീടൊരിക്കലും നാട്ടിലേക്കു വന്നില്ല എന്നും ആ അനുസ്മരണപ്രഭാഷണത്തിൽ കേട്ടു.

മനുഷ്യന് തിരിച്ചറിവ് വരുന്ന ഒരുകാലം അതിവിദൂരമല്ലെന്ന്  പ്രത്യാശിക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ അല്ലേ?

No comments:

Post a Comment