പണ്ട് പണ്ട് വളരെപ്പണ്ട് ഒരു നാട്ടിൽ ഒരു പെണ്കുട്ടിയുണ്ടായിരുന്നു. ചെടികളോടും പൂക്കളോടും പുല്ച്ചാടിയോടും നിർത്താതെ വർത്തമാനം പറഞ്ഞിരുന്ന പച്ചപ്പിനെയും പൂഞ്ചോലകളെയും ഒരുപാട് സ്നേഹിച്ച ഒരുവൾ.
ഒഴിഞ്ഞ തീപ്പെട്ടിക്കൂടുമായി പുല്ച്ചാടികളുടെ പിന്നാലെ പമ്മി പമ്മി നടന്ന് അവയെ പിടിച്ചു തീപ്പെട്ടിക്കൂടിലിട്ട് അതിനുള്ളിൽ അവ ചിറകിട്ടടിക്കുന്ന ശബ്ദം കേൾക്കുകയായിരുന്നു പ്രധാന ഹോബി.
പാവം ജീവികളെ ഉപദ്രവിക്കുന്നതെന്തിനാണെന്ന് അമ്മമ്മ ചോദിച്ചു തുടങ്ങിയപ്പോളാണ് അത് വിട്ട് പുതിയ ഹോബി തേടിയത്.
ആരും കൂട്ടില്ലാത്തതുകൊണ്ട് എപ്പോഴും അവൾ തനിച്ചായിരുന്നു. കുഞ്ഞുപൂക്കളോടും പൂമ്പാറ്റയോടും പൂത്തുമ്പികളോടും കിന്നാരം പറഞ്ഞ്, ഒറ്റക്ക് ചോറും കറിയും വച്ച്, പ്ലാവില പാത്രത്തിൽ വിളംബി വച്ച് ഇല്ലാത്ത കൂട്ടുകാരെ ഊട്ടിയൂട്ടി അവളുടെ ബാല്യവും അങ്ങനെ നടന്നകന്നു.
കുറച്ചു മുതിർന്നപ്പോഴാണ് കൂട്ടുകാരുടെ കൂടെ ദൂരെയുള്ള വീടുകളിലേക്കെല്ലാം ചാമ്പയ്ക്ക തേടി നടന്നത്. പേരക്കയും ബിലുമ്പിപ്പുളിയും മണിക്കുട്ടനെറിഞ്ഞിട്ട പച്ചമങ്ങയും ആവോളം തിന്ന് കൗമാരം പടിവാതിൽക്കലെത്തിയപ്പോൾ വീണ്ടും അവൾ ഒറ്റക്കായി.
അമ്മവീട്ടിൽ നിന്ന് അച്ഛന്റെ വീട്ടിലേക്ക് വേരോടെ പിഴുതെടുത്ത് പറിച്ചുനട്ടു...
കൂട്ടുകാരെയൊക്കെ കണ്ടുപിടിച്ച് കാക്കയും പൂച്ചയും കളിച്ച്, അണ്ണാറക്കണ്ണനെ പറ്റിച്ച് മാങ്ങാ പെറുക്കി, തെയ്യവും പൂരക്കളിയും അടിയന്തിരങ്ങളും തമ്പാച്ചിയും ഉത്സവവും അരയാലും കുളവും അങ്ങനെ തിമർത്ത് തിമർത്ത് കൗമാരവും വേഗത്തിൽ നടന്നു തുടങ്ങി.
സമപ്രായക്കാരെക്കാൾ വലിയകുട്ടിയായത് കൊണ്ട് വല്ലാതെ ഉൾവലിഞ്ഞ് വീണ്ടുമവൾ ഒറ്റക്കായി...
വേലിക്കൽ വന്നെത്തിനോക്കിയ പ്രണയത്തിലെ രാജകുമാരനോടൊപ്പം കുതിറപ്പുറത്തങ്ങനെ വേഗത്തിൽ പൊയ്‌ക്കൊണ്ടിരുന്നപ്പോളാണ് അച്ഛൻ കുതിരയെ പിടിച്ചു നിർത്തി, രാജകുമാരിയെ വേറൊരാളെക്കൊണ്ട് കല്യാണം കഴിപ്പിച്ചത്.
അച്ഛൻ വീട്ടിൽ ആഴ്ന്നിറങ്ങാൻ തുടങ്ങിയ വേരുകൾ വീണ്ടും പിഴുതെടുക്കപ്പെട്ടു, ഭർത്തൃഗൃഹത്തിൽ നല്ല ആഴത്തിലെടുത്ത കുഴിയിലാണ് പറിച്ചുനടപ്പെട്ടത്.
വേനലും വർഷവും തണലും തണുവും ഒന്നുമറിയാതെ, പൂത്തും തളിർത്തും കായ്ച്ചും തളർന്നും വർഷങ്ങളങ്ങനെ ഓടി മറഞ്ഞു.
മുകളിലാകാശമാണെന്നും രാത്രിയിൽ നിറയെ നക്ഷത്രങ്ങളും അമ്പിളിമാമനും ഉണ്ടെന്നും കുട്ടിക്കാലത്ത് നിലാവെളിച്ചത്തിൽ, മുല്ലപ്പൂ പന്തലിൽ ചിറ്റയുടെ കൂടെ നൃത്തം വച്ചതിനു ശേഷം താനതൊന്നും കണ്ടിരുന്നില്ലെന്നും ഇതിനിടെയാണവൾ ഓർത്തെടുത്തത്.
പഴയ ഓർമ്മകൾ മാത്രം അങ്ങിങ്‌ങ് കറുത്ത മുടിയിഴകളായി അവശേഷിപ്പിച്ചുകൊണ്ട് പുതിയ ഓർമ്മകളെല്ലാം നരച്ചുപോയെന്നും മുഖത്തേക്ക് വീണ മുടിയിഴകൾ കണ്ണാടിയിലൂടെ അവളെ നോക്കി കൊഞ്ഞനം കുത്തി.
"ഇനിയെന്നാണ് നിനക്ക് ഇതൊക്കെ കാണാനാകുക! വളരെക്കുറച്ച് സമയമേ ബാക്കിയുള്ളൂ. ഇത്രയും ഭംഗിയുള്ള ഭൂമിയിലല്ലേ നീ ജനിച്ചത്? എന്നിട്ട് നീയതിൻറെ ഒരരികുപോലും കണ്ടില്ലല്ലോ. നിനക്ക് ഉണ്ണാനും ഉടുക്കാനുമുണ്ട്, രാത്രിയിൽ പേടിക്കാതെയുറങ്ങാൻ വീടുണ്ട്. ഇതൊന്നും ഇല്ലാത്തവരെ നീ കണ്ടിട്ടുണ്ടോ, ഒന്നും കൊടുക്കാനില്ലെങ്കിലും വെറുതെ സഹതപിക്കാനെങ്കിലും?
വിശപ്പ്, വിശപ്പുമാത്രമാണ് ഏറ്റവും വലിയ സത്യമെന്നു നീ മനസ്സിലാക്കിയോ, സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സന്തോഷമെന്നു നിനക്കറിയോ? പണ്ട് നീയെന്നെ തീപ്പെട്ടിക്കൂടിലടച്ചപ്പോൾ ഞാൻ പിടച്ചു കരഞ്ഞിരുന്നു, ഒന്നെന്നെ തുറന്നുവിടൂ എന്ന് അലറിവിളിച്ചിരുന്നു അപ്പോഴെല്ലാം നീയെൻറെ ശബ്ദം കേട്ട് സന്തോഷിച്ചു. ഇപ്പൊ നീ ഉള്ളുനിറയെ ആർത്തലച്ചു കരയുന്നത് ആരെങ്കിലും കേൾക്കുന്നുണ്ടോ? പുറത്തിറങ്ങ് നിനക്കുവേണ്ടി എന്തൊക്കെ അത്ഭുതങ്ങൾ കാത്തിരിക്കുന്നു!"
വരാന്തയിലെ ഇൻഡോർ പ്ലാന്റിലിരുന്ന് തുറിച്ചുനോക്കുന്ന പുല്ച്ചാടി എന്നോടിങ്ങനെ പറഞ്ഞോ!ചിറകൊന്ന് കുടഞ്ഞ് അത് ദൂരേക്ക് പറന്നുപോയി.
ഫ്ളാറ്റിലെ ജനാലയിലൂടെ ഇത്തിരിവട്ടം ആകാശം എന്നോട് കണ്ണിറുക്കികാണിക്കുന്നു, തിരിച്ചൊന്നു പുഞ്ചിരിച്ചു.
ഇതാ ഞാൻ വരുന്നു.

No comments:
Post a Comment