കാറ്റിൽ കലപിലകൂട്ടുന്ന ഇലനിസ്വനങ്ങൾക്ക് വീണാനാദത്തിനെക്കാൾ ഇമ്പമായിരുന്നു കുട്ടിക്കാലത്ത്.
എത്രയോ നേരം നിശ്ശബ്ദമായിരുന്ന് ആ സംഗീതം ആസ്വദിച്ചിരിക്കുന്നു. ആലിൻകായ പഴുത്താൽ നിറയെ അണ്ണാറക്കണ്ണന്മാർ കൊമ്പുകൾക്കിടയിലൂടെ വാലും പൊക്കി അങ്ങോട്ടുമിങ്ങോട്ടും ഓടിമറിയും...നിർത്താതെ ചിലക്കുന്ന കിളികൾ. ഒരുനിമിഷം ഈ ഒരുമരം തന്നെ ഒരു കാടാണോ എന്നുതോന്നിപ്പോകും.
ഉത്സവവും ക്രിസ്മസ് പരീക്ഷയും ഒരുമിച്ചാണ് കഴിയുക. അതായിരുന്നു ഏറ്റവും സങ്കടം...ഉത്സവം തീരുന്ന അന്നുപോലും മിക്കവാറും പരീക്ഷയുണ്ടാകും.
തലേന്നാൾ നാടകം കാണാൻ പോകാനൊന്നും അമ്മ വിടില്ല. പന്ത്രണ്ട് മണിക്ക് തീരുന്ന പരീക്ഷ 11 മണിക്കേ എഴുതിതീർത്ത്, (മിക്കവാറും കണക്കു പരീക്ഷയാകും ഒന്നും എഴുതാനുണ്ടാകില്ല) , പ്രാണനും കയ്യിൽപിടിച്ച് ഒരൊറ്റ ഓട്ടമുണ്ട്, വീണാൽ വീണു, എത്തിയാൽ എത്തി. പുസ്തകസഞ്ചി, മുറ്റത്തുനിന്ന് അകത്തേക്ക് ഒരേറാണ്. കാലും മുഖവും കഴുകും, യൂണിഫോം ഒന്നും അന്നില്ലാത്തതുകൊണ്ട് ഡ്രസ്സ് മാറ്റണ്ട.
ഓടിക്കിതച്ച് അമ്പലത്തിലെത്തുന്നു, അനപ്പുറത്തെഴുന്നള്ളത്ത് കഴിയാറായിട്ടുണ്ടാകും, ആനയുടെ തൊട്ടുപിറകിൽ പോയി നിൽക്കും, പറ്റിയാൽ വാലൊന്നു തൊടും. കൃത്യം ആ സമായത്തായിരിക്കും ആന അപ്പിയിടുന്നത്, കൂടെ ഒരു രണ്ടുകുടം മൂത്രവും. ഓടിപ്പോയി ദൂരെ നിൽക്കും.
പിന്നെ നൃത്തമാണ്.ആനപ്പുറത്തുനിന്നും തിടമ്പിറക്കി നർത്തകനായ പൂജാരി നൃത്തം തുടങ്ങും, ഏകദേശം മയൂരനൃത്തം എന്ന കലാരൂപത്തിന്റെ സ്റ്റെപ്പുകളൊക്കെയാണ്.
അത് കാണാൻ വല്യ താത്പര്യമൊന്നുമില്ല, ചന്തയിലേക്കോരോട്ടമാണ് അടുത്തത്...കൂട്ടുകാരുണ്ടാകും കൂടെ.
ഉത്സവം പ്രമാണിച്ച് അനുവദിച്ചുകിട്ടിയ ചില്ലറപൈസക്ക് കോലൈസ്, ബാക്കിക്ക് കുപ്പിവള, തീർന്നു കച്ചവടം.
പിന്നെ ചന്തതെണ്ടൽ. ഓരോന്നും നോക്കി നടന്ന് വൈകുന്നേരമാക്കും.
എല്ല ചന്തക്കാരും കെട്ടും മാറാപ്പും എടുത്ത് പോയിക്കഴിഞ്ഞാൽ വിഷമത്തോടെ വീട്ടിലേക്ക്.
പത്തുദിവസത്തെ അവധിയുണ്ടാകുമല്ലോ. പിറ്റേന്ന് രാവിലെ കൂട്ടൂകാരെയും കൂട്ടി അമ്പലത്തിലെത്തും. തൊഴുതെന്നു വരുത്തി ചന്തയൊഴിഞ്ഞ പാടം അരിച്ചുപെറുക്കും. ഇഷ്ടം പോലെ കുപ്പിവളപ്പൊട്ടുകൾ കിട്ടും, ആകാവുന്നത്ര ശേഖരിച്ച് ആൽത്തറയിലിരുന്ന് കളറനുസരിച്ച് തരം തിരിക്കും. ചില കൊടുക്കൽ വാങ്ങലുകളൊക്കെ നടക്കും.
പിന്നെ കുറച്ചുദിവസം വളപ്പൊട്ടുകൾ കൊണ്ടുള്ള കളികളാണ്. കളികഴിഞ്ഞ് ചില്ലുകുപ്പിയിൽ സൂക്ഷിച്ചുവെക്കുന്ന വളപ്പൊട്ടുകളേക്കാൾ ഭംഗിയുള്ള കാഴ്ചകളൊന്നും അക്കാലത്തുണ്ടായിരുന്നില്ല.
ഉത്സവം കഴിഞ്ഞ് ആളനക്കമില്ലാതെ പാവം അരയാൽ വീണ്ടും തനിച്ചാകും. പത്തുദിവസം ഞങ്ങളുണ്ടാകും കൂട്ടിന്. അരയാൽത്തറയിൽ ചിതറിക്കിടക്കുന്ന പക്ഷികാഷ്ടത്തിലെ കുരുമുളകിന് കടയിൽ നല്ല ഡിമാൻഡ് ആണ്, വൈറ്റ് പെപ്പർ. പഴുത്ത കുരുമുളകുമണികൾ തിന്നുന്ന പക്ഷികൾ അത് വെളുത്ത കുരുക്കൾ മാത്രമായി വിസർജ്ജിക്കുന്നു. വിലപ്പെട്ട വൈറ്റ് പെപ്പർ. കുട്ടികൾക്ക് ഒരു വരുമാനമാർഗമാണ്. പോക്കറ്റ് മണി ഒപ്പിക്കാം. വീട്ടിൽ പറയാതെയുള്ള കള്ളക്കളികളിൽ പെട്ട ഒരൈറ്റം ഇതായിരുന്നു.
ഒരു ഗ്രാമത്തിൻറെ ഹൃദയസ്പന്ദനം പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന അരയാലിലകൾ. ഒരു കുഞ്ഞുകാറ്റുമതി കിലുകിലെച്ചിരിക്കാൻ, നിഷ്കളങ്കരായ കുട്ടികളെപ്പോലെ.
കുട്ടിക്കാലം പിന്നിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞു. എങ്കിലും ഇപ്പോഴും അരയാൽച്ചുവട്ടിലെത്തുമ്പോൾ മനസ്സിലേക്കൊരു കുട്ടി കയറിവരും, അറിയാതെ ചുറ്റും പരതിനോക്കും.
പ്രായംകൂടിയപ്പോൾ കൊമ്പുകളിലൊക്കെ പച്ചപ്പായൽ പിടിച്ചുവെങ്കിലും, രണ്ടുവർഷംമുമ്പത്തെ മഴക്കാലത്ത് വലിയൊരു കൊമ്പ് അടർന്നുപോയെങ്കിലും ഇപ്പോഴും ഉണ്ട് ഞങ്ങളുടെ അരയാൽ. എല്ലാവരെയും കാണുമ്പോൾ സന്തോഷത്തോടെ കുണുങ്ങിച്ചിരിച്ചുകൊണ്ട്...് കൺമുന്നിൽ ജനിച്ചവർ, വളർന്നവർ, നാടുവിട്ടുപോയവർ, ഒരിക്കലും തിരിച്ചുവരാത്തവർ, എല്ലാ ഉൽസവക്കാലത്തും ഒരുപാട് അകലത്ത് നിന്നുപോലും ഗൃഹാതുരത്വത്തോടെ ഓടി വരുന്നവർ, മരണത്തിലേക്ക് നടന്നുപോയവർ അങ്ങനെ ഒരു ഗ്രാമത്തെ നെഞ്ചേറ്റിക്കൊണ്ട്....
എത്ര അകലെപ്പോയാലും തിരിച്ചുവരണേ എന്ന് മൃദുവായി മൊഴിഞ്ഞുകൊണ്ട്..
താങ്ങായി നിൽക്കുന്ന നാട്ടിലെ പുതിയതലമുറയെ ചേർത്ത് നിർത്തിക്കൊണ്ട്, വിശ്വാസി
ക്കും അവിശ്വാസിക്കും തണലേകിക്കൊണ്ട്...
പടർന്നുപന്തലിക്കട്ടെ കാലത്തിനുമപ്പുറത്തേക്ക്...
No comments:
Post a Comment