Monday, 7 January 2019

തണൽമരങ്ങൾ ഉണ്ടാകുന്നത് - കഥ





പ്രണയപ്പൂമഴ പെയ്യുന്ന ഗുൽമോഹർ ചുവട്ടിൽ അവസാനമായി മനുവും റീമയും ഒത്തുകൂടി.
 ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല.നാലുനാലര വർഷത്തോളം എഞ്ചിനീയറിംഗ് കോളേജിൽ പൂത്തുമ്പികളെ പോലെ പറന്നുനടന്നു.
പ്രണയം പറഞ്ഞുപറഞ്ഞ് വർഷങ്ങൾ കടന്നുപോയി .
വീട്ടുകാരറിഞ്ഞു. രണ്ടു മതക്കാരായ തങ്ങൾക്കിടയിൽ ഒരു വിവാഹജീവിതം നടപ്പില്ലെന്നറിഞ്ഞു. വീട്ടുകാരെ പിണക്കാതെ രണ്ടുപേരും വേർപിരിയാൻ തീരുമാനിച്ചു.

"എന്റെ വിവാഹം തീരുമാനിച്ചു .ആഗസ്ത് ഒന്നിന്, വരൻ അമേരിക്കയിൽ എഞ്ചിനീയർ, രോഹൻ സാമുവൽ". ഷാളിനു മുകളിൽ വീണ പൂവെടുത്ത് കയ്യിലിട്ടു കശക്കിക്കൊണ്ട് റീമ പറഞ്ഞു.
ഏതൊരു നിരാശാകാമുകനെയും പോലെ മനു വിദൂരതയിൽ എന്തോ പരതി..
" നിനക്ക് റാങ്ക് ഉണ്ടാവില്ലേ? അമേരിക്കയിൽ ജോലി ചെയ്യാമല്ലോ?"
തൊണ്ടയിൽ ഊറിക്കൂടിയ കയ്പ്നീർ മനു വിഷമിച്ചിറക്കി.
"പ്രതീക്ഷയുണ്ട്, നിന്റെ സപ്പോർട്ട് നന്നായിട്ടുണ്ടായിരുന്നല്ലോ, അതുകൊണ്ട്.."
തന്നോടുതന്നെ ഒരു പരിഹാസച്ചിരി ചിരിച്ച് റീമയുടെ കണ്ണിൽ അവസാനമായി തന്റെ കണ്ണുകൾ ആഴ്ത്തിയിറക്കി മനു പറഞ്ഞു "പോകട്ടെ, ബൈ".

കുറച്ചേറെനേരം അവിടെ തനിച്ചിരുന്ന് റീമയും എഴുന്നേറ്റുനടന്നു.

ആയിരമായിരം പ്രണയങ്ങൾക്ക് കുടപിടിച്ച ആ പൂമരം അപ്പോഴും വെറുതെ പൂക്കൾ പൊഴിച്ചു.

റിസൾട്ട് വന്നപ്പോൾ റീമക്ക് രണ്ടാം റാങ്ക് ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ ആയിരുന്നു അവൾ. സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു കൊഴിഞ്ഞുകൊണ്ടിരുന്നത്, മറ്റൊന്നും ചിന്തിക്കാനിടനല്കാതെ രോഹന്റെ സ്നേഹം പുഴപോലെയൊഴുകി.

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. രോഹന്റെ വീട്ടിൽ നീണ്ട ഇരുപത്തൊൻപത് വർഷങ്ങൾക്കുശേഷം പിറക്കാൻ പോകുന്ന കൺമണി!

രോഹനെ വിട്ട് ഏഴാംമാസത്തിൽ റീമ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി.
വല്ലപ്പോഴും വിരുന്നിനെത്തുന്ന കോളേജ് ഓർമകളും സർട്ടിഫിക്കറ്റുകളും അല്ലലില്ലാത്ത അവളുടെ ജീവിതത്തിൽ ഒരു കുഞ്ഞല പോലും ഉണ്ടാക്കിയില്ല.
ജീവിതനദി ഒഴുകിക്കൊണ്ടേയിരുന്നു.

സുഖപ്രസവമായിരുന്നു റീമയുടേത്. മിടുക്കനായ ഒരാൺകുട്ടി.എല്ലാവരും സന്തുഷ്ടരായി..

കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് റീമ ഒരു കാര്യം ശ്രദ്ധിച്ചത്.മോൻ കാരയുകയോ ചിരിക്കുകയോ ചെയ്യുന്നില്ല. വിശന്നാലും കരയുന്നില്ല. കൈകാലുകളൊന്നും കൂടുതലായി അനക്കുന്നില്ല. വീട്ടിൽ പറഞ്ഞപ്പോൾ എല്ലാരും പറഞ്ഞു ചില കുട്ടികൾ അങ്ങനാണെന്ന്.

മോന് ആറുമാസമായി സാം രോഹൻ എന്നുപേരിട്ടു.. അമേരിക്കക്ക് പോകാൻ എല്ലാ തയ്യാറെടുപ്പും നടത്തി.
പെട്ടന്നൊരുദിവസം ഫിറ്റ്സ് പോലെ വന്നു. ശ്വാസം കിട്ടാതെ കുഞ്ഞു പിടഞ്ഞു. എല്ലാരും കൂടെ വാരിയെടുത്തു ഹോസ്പിറ്റലിൽ എത്തി. അതുവരെ അവനു ഒരുപനിപോലും വന്നിരുന്നില്ല.

പരിഭ്രമത്തിനും നിലവിളിക്കുമിടയിൽ ഡോക്ടർ വന്നു പറഞ്ഞു കുട്ടിക്ക് സെറിബ്രൽ പാൾസി എന്ന അസുഖമാണ്.
ബോഡി മസിൽസ് എല്ലാം അനക്കാനും സംസാരിക്കാനും ബുദ്ധിമുട്ടായിരിക്കും. പൂർണ്ണമായി ഭേദപ്പെടാനും സാധ്യതയില്ല. ഇടിവെട്ടിയപോലെ റീമ അസ്തപ്രജ്ഞയായി.

രോഹൻ പറന്നുവന്നു. റീമയെയും കുഞ്ഞിനേയും കൂട്ടി അമേരിക്കക്ക് പോയി. പറ്റാവുന്നതിൽ ഏറ്റവും നല്ല ചികിത്സ അവനു ലഭിച്ചു . വളർച്ചയുടെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല.
റീമയുടെ ജീവിതം അവനു ചുറ്റും മാത്രമായി.
നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു സാം .കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കും.കഥകളും പാട്ടും എല്ലാം കേൾക്കാൻ ഇഷ്ടമാണ്. റീമ അവനുവേണ്ടി വായിച്ചു, പാടി, സന്തോഷിച്ചു, കരഞ്ഞു.

വല്ലപ്പോഴും മാത്രം അവളുടെ ഓർമകളിലേക്ക് രണ്ടാം റാങ്ക് നേടിയ  എഞ്ചിനീയറിംഗ്കാരി കയറി വരും. അപ്പോൾ മാത്രം ആരും കേൾക്കാതെ നെഞ്ചുപൊടിഞ്ഞവൾ കരയും. വീണ്ടും യാഥാർഥ്യത്തിലേക്ക് തിരിച്ചുവരും.

ദിവസങ്ങൾ പോകെ രോഹൻ അധികവും വീട്ടിൽ വരാതെയായി. തങ്ങളിൽനിന്നും അയാൾ അകന്നുപോകുന്നത് വേദനയോടെ അവൾ കണ്ടറിഞ്ഞു.

മോന് ആറ് വയസ്സായി.ഇനിയിവിടെ ഒറ്റപ്പെട്ടു ജീവിച്ചിട്ട് കാര്യമില്ലെന്ന് അവൾക്ക് തോന്നി. നാട്ടിലാകുമ്പോൾ വീട്ടുകാരെങ്കിലും ഉണ്ടാകും.
രോഹനോട് കാര്യം പറഞ്ഞ് നാട്ടിലേക്ക് തിരിച്ചു.

അച്ഛനും അമ്മയും അനിയനും വന്നിട്ടുണ്ടായിരുന്നു എയർപോർട്ടിൽ. അവരുടെ കൂടെ വീട്ടിലേക്ക്. രോഹന്റെ വീട്ടിൽ നിന്നും ആരും അന്വേഷിച്ചില്ല.

രോഹൻ വല്ലപ്പോഴും വിളിക്കും. മോന്റെ ചെലവിന് പൈസ അയച്ചുതരും.
ജീവിതത്തിന്റെ കടുത്ത വേനലിലൂടെ തനിച്ചു നടന്നുതുടങ്ങിയപ്പോഴാണ് അവൾ ചുറ്റുമൊന്നു നോക്കിയത്.
അടുത്തുള്ള ഹോസ്പിറ്റലിൽ മോനെ ചെക്കപ്പിന് കൊണ്ടുപോകുമ്പോഴാണ് ശ്രദ്ധിച്ചത്, തന്നെപ്പോലെ കുറെ അമ്മമാർ.
ഇന്ത്യയിൽ മാത്രം പത്തുലക്ഷത്തോളം കുട്ടികൾ ഓരോ വർഷവും ഈ അസുഖത്തോടുകൂടി ജനിക്കുന്നു.ഗർഭിണി ആയിരിക്കുമ്പോൾ അമ്മക്കുണ്ടാകുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ, ആക്സിഡന്റിലോ മറ്റോ ഉണ്ടാകുന്ന ബ്രെയിൻ ഡാമേജ്‌, മാതാവിൻറെയും പിതാവിന്റെയും ആർ എച്ച് ഘടകങ്ങൾ ചേരാതിരിക്കുക ഇങ്ങനെ പാലകാരണങ്ങളുമാകാം കുട്ടിക്കുണ്ടാകുന്ന ഈ രോഗവസ്‌ഥക്ക് കാരണം.

തന്റേതല്ലാത്ത കാരണം കൊണ്ട് രോഗബാധിതനായ ഓരോ കുഞ്ഞിനേയും ചേർത്തുപിടിക്കാൻ അമ്മമാർക്കല്ലാതെ മാറ്റർക്കാണാവുക! ഹോസ്പിറ്റലിൽ വരുന്ന അമ്മമാരോട് സംസാരിച്ചപ്പോൾ അവൾക്ക് മനസ്സിലായി അവരോരുത്തരും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ. സ്ഥിരവരുമാനമില്ലാത്തവർ, ഫുൾടൈം കുട്ടികളെ നോക്കേണ്ടതുള്ളതുകൊണ്ട് വേറൊന്നും ചെയ്യാൻ പറ്റില്ല.
അതിലുപരി അവൾ കണ്ട മറ്റൊരു കാര്യം തന്നെപ്പോലെയുള്ള വെറൊരുകുട്ടിയെ കാണുമ്പോൾ അവർക്കിടയിലുണ്ടാകുന്ന ആഹ്ലാദമാണ്.

അങ്ങനെയവൾ വലിയൊരു തീരുമാനത്തിലെത്തി. പുനരധിവാസം പോലൊരു പ്രൊജക്റ്റ്. കുട്ടികൾക്ക് ഒരു സ്ഥലം, കൂട്ടത്തിൽ അമ്മമാർക്ക് എന്തെങ്കിലും ജോലി. അങ്ങനെയാണ് 'ആശ്രയ' എന്ന പ്രോജെക്ടിൽ അവളെത്തുന്നത്. പഴയ സർട്ടിഫിക്കറ്റുകൾ തപ്പിയെടുത്തു.അച്ഛന്റെ കയ്യിലുള്ള പൈസയും കുറച്ച് ലോണും സംഘടിപ്പിച്ചു.
 പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കാനും ലൈസെൻസിനുമായി ഒരു അംഗീകൃത സിവിൽ എഞ്ചിനീയറിങ് സ്ഥാപനത്തെ സമീപിച്ചു.
മനുവിൻറേതാണ് സ്ഥാപനം എന്ന് പിന്നീടാണറിഞ്ഞത്.
കാര്യങ്ങൾ അറിഞ്ഞപ്പോൾ അവൻ എല്ലാ സഹായവും ചെയ്തു.
കെട്ടിടവും സൗകര്യങ്ങളുമായി. അമ്മമാരെ സംഘടിപ്പിച്ചു, പരസ്യം ചെയ്തു. ആദ്യപടിയായി ഒരു തയ്യൽ യൂണിറ്റും സ്കൂളും തുടങ്ങി.ചെറിയ ശമ്പളത്തിന് ഒന്ന് രണ്ടു ടീച്ചേഴ്സിനെ കിട്ടി, കംപ്യൂട്ടർ വാങ്ങി. മോനുവേണ്ടി കാര്യങ്ങൾ കുറേയേറെ പഠിച്ചതുകൊണ്ട് അവൾക്കും അവരെ പഠിപ്പിക്കാനായി.

കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നു എന്ന് കണ്ടപ്പോൾ അവൾ രോഹനു കത്തയച്ചു. 'മ്യൂച്ച്വൽ ഡിവോഴ്‌സിന് താല്പര്യമുണ്ട്. മോന് ചെലവിന് എന്നുപറഞ്ഞ് മാസാമാസം തുക അയച്ചുതരണ്ട. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ അവന്റെ പേരിൽ എന്തെങ്കിലും ചെയ്യാം.ഞങ്ങൾ ഇനി നിങ്ങളുടെ വഴിക്കില്ല'.

കത്ത് പോസ്റ്റ് ചെയ്ത് അവൾ വഴിയോരത്തെ പാർക്കിലിരുന്നു.
നിറയെ പൂത്ത ഗുൽമോഹർ അപ്പോഴും പൂക്കൾ പൊഴിച്ചുകൊണ്ടേയിരുന്നു, അതിനു മുകളിൽ പുതിയ ചക്രവാളങ്ങൾ തേടി ഒരു പറ്റം പക്ഷികൾ പറന്നകലുന്നു.

No comments:

Post a Comment