Saturday, 19 January 2019

അവസാനത്തെ ഇല

സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ്  O.Henry യുടെ The Last Leaf പ ഠിച്ചത്.അന്ന് മുതൽ മനസ്സിൽ തറഞ്ഞതാണ് ആ കഥ, എന്തുകൊണ്ടാണെന്നറിയില്ല.
കൊഴിഞ്ഞുപോകാതെ ബാക്കിയായ ഒരില എന്നും മനസ്സിൽ പച്ചയായി നിന്നു.

ജീവൻ നിലനിർത്തുന്ന ഏറ്റവും വലിയ ഘടകം പ്രതീക്ഷയാണ്..
ഒരു ചിത്രകാരൻ വരച്ചു ചേർത്ത ആ പച്ച ഇല ഒരു ജീവൻ തിരികെ കൊണ്ടുവന്നു. അതുപോലെ ആരൊക്കെയോ വരച്ചു ചേർത്ത നുറുങ്ങ് പച്ചകളാണ് നമ്മളെയും മുന്നോട്ടു നയിക്കുന്നത്. പണമുണ്ടെങ്കിൽ എല്ലാമായി എന്ന് ചിന്തിക്കുന്നവർക്ക് , അതല്ല എല്ലാം എന്ന് മനസ്സിലാക്കിപ്പിക്കാൻ ഒരേയൊരു നിമിഷം മതി. ശ്വാസം കിട്ടാതെ പിടയുമ്പോൾ നാം കയറിപ്പിടിക്കുന്ന കൈ ബന്ധുവിന്റേതാണോ ശത്രുവിന്റേതാണോ എന്നൊന്നും അപ്പോൾ നോക്കില്ല.
ജീവനാണ് മുഖ്യം, മറ്റൊന്നും മുന്നിലുണ്ടാവില്ല.

അസുഖമെല്ലാം മാറി വീണ്ടും ജീവിതത്തിലെത്തിയാൽ അപ്പാടെ അയാൾ അതെല്ലാം മറന്നുപോകും.  മതിലിന്റെ കല്ലിടിച്ചാണ് അടുത്ത വീട്ടുകാരൻ അന്ന് രക്ഷിക്കാൻ വന്നത് . അസുഖം മാറിയ ആൾ ആദ്യം ചെയ്യുന്നത് ആ കല്ല് തിരിച്ചുവച്ച് മതിൽ വീണ്ടും പഴയതുപോലെ കെട്ടുക എന്നതായിരിക്കും.

ദൈവമേ ദൈവമേ എന്ന് നൂറുവട്ടം വിളിച്ച് നോടടുകളു
 ചില്ലറയും അമ്പലങ്ങളുടെയും.പള്ളികളുടെയും ഭണ്ഡാരങ്ങളിൽ ചൊരിയുമ്പോൾ തൊട്ടടുത്തിരുന്നു കൈനീട്ടുന്ന പിച്ചക്കാരനെ കാണില്ല.

ചില്ലുജാലകത്തിനപ്പുറത്ത് മൂന്നേമൂന്നിലകൾ മാത്രം കൊഴിയാതെ ബാക്കിയാക്കി നിൽക്കുന്ന മരത്തെ നോക്കി കിടക്കുന്ന രോഗിണിയായ പെൺകുട്ടി. മൂന്നു ദിവസമേ തനിക്ക് ആയുസ്സുള്ളൂ എന്ന് അവൾ വെറുതേ വിചാരിക്കുന്നു. അവളുടെ പ്രഭാതങ്ങൾ കണ്ണുമിഴിക്കുന്നത് ആ ഇലകൾ നോക്കിയാണ്..ഒന്ന്..രണ്ട്..ഇലകൾ കൊഴിഞ്ഞു..നാളെ താൻ മരിക്കും അവസാനത്തെ ഇലയോടൊപ്പം.മൂന്നാം പ്രഭാതത്തിൽ അവൾ കണ്ണ് തുറന്നപ്പോൾ ആ ഇല അവിടെതന്നെയുണ്ട്....നാല്, അഞ്ച്, ദിവസങ്ങൾ കടന്നുപോയി. ഇല കൊഴിഞ്ഞില്ല. പ്രതീക്ഷയുടെ ഇളംകാറ്റ് വീശി . അവൾ അവളോട് പറഞ്ഞു നിന്റെ അസുഖം മാറും ഒരാഴ്ചക്കുള്ളിൽ അസുഖം മാറി എഴുന്നേറ്റ അവൾ ജാലകം തുറന്നു. ഒരൊറ്റ ഇല പോലുമില്ലാതെ തണുത്തു വിറച്ച് നിൽക്കുന്ന മരത്തെയാണ് കണ്ടത്.
അപ്പോൾ ഇല!.. ചില്ലുജാലകത്തിൽ വരച്ച ഇല അപ്പോഴാണവൾ കണ്ടത്.
താഴത്തെ നിലയിൽ താമസിക്കുന്ന ചിത്രകാരൻ മുറിയിലേക്ക് നടന്നു വന്നു..മോളെ നീ പറഞ്ഞത് ഞാൻ കേട്ടിരുന്നു..മൂന്നാമത്തെ ഇലയോടൊപ്പം നീയും..
നീ മരിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമില്ല..അതാണ് ഞാൻ അങ്ങനെ ചെയ്തത്.

ഇങ്ങനെ മരണത്തിന്റെ തണുപ്പ് കേറിയ മനസ്സുകളിലേക്ക് ജീവന്റെ പച്ച കോരിയൊഴിച്ച ആരെങ്കിലുമൊക്കെ ഉണ്ടാകും...നാം ചെയ്യേണ്ടത് ഒന്നുമാത്രം അതുപോലെ ആരെയെങ്കിലുമൊക്കെ ചേർത്ത് പിടിക്കുക, പ്രത്യാശയുടെ ഒരു കൈത്തിരി വെറുതെ നീട്ടിപ്പിടിക്കുക, ആരെങ്കിലുമൊക്കെ അതിജീവിക്കട്ടെ...

ഈ കഥയെ അടിസ്ഥാനമാക്കിയെടുത്ത ഒരു ഹിന്ദി സിനിമയുണ്ട്. സോനാക്ഷി സിൻഹയും രൺവീർസിംഗും അഭിനയിച്ച 'ലൂടേരാ', ഒരു മനോഹര സൃഷ്ടി.

പ്രത്യാശയില്ലാതെ മനുഷ്യന് മുന്നോട്ടുപോകാൻ പറ്റില്ല. ആരൊക്കെയോ സ്നേഹിക്കുന്നുവെന്ന് ആർക്കൊക്കെയോ വേണ്ടീ ജീവിക്കുന്നുവെന്ന് സ്വയം ആശ്വസിക്കുക. നമ്മളെയും ഈ ലോകത്തിന് ആവശ്യമുണ്ട്. അല്ലെങ്കിൽ നമ്മൾ ജനിക്കില്ലല്ലോ.

The Last Leaf- an expectation to Life.

No comments:

Post a Comment