നിറമില്ലാത്ത കുപ്പായത്തിൽ
നരച്ചുതുടങ്ങിയ കാലൻകുടയിൽ
നേരത്തെയെത്തിയ വാർദ്ധക്യം
ചുളിച്ച മുഖക്കണ്ണാടിയിൽ,
അതിരുകളില്ലാത്ത സ്വപ്നങ്ങൾ
വാരിക്കെട്ടിയ ഭാണ്ഡത്തിൽ
കാലപ്പഴക്കത്തിൻറെ പൂപ്പലുകൾ
തിരസ്കൃതമായൊരു ജീവിതം
തിരച്ചറിയാത്ത വഴിത്താരകൾ
പ്രണയംപൂത്തും കൊഴിഞ്ഞും
ഇടിഞ്ഞുതൂർന്ന ഇടവഴികൾ
പൂക്കാത്ത ചെമ്പകങ്ങളിൽ
പഴുത്തുമഞ്ഞിച്ച ഇലകൾ
ആകാശത്തേക്ക് മുഖമുയർത്തി
ആരെയോ ഓർത്ത് അരയാൽ
നിശ്ചേതനമായ ആമ്പൽക്കുളം
ഒരു തിരയിളക്കത്തിനായ്
ചെവിയോർത്ത് കൺപാർത്ത്
ആരവമൊഴിഞ്ഞ കളിക്കളം
വളർന്നുപോയ ബാല്യങ്ങൾ
ചാഞ്ഞുപോയ നെൽക്കതിരുകൾ
കൊയ്ത്തുമറന്ന അരിവാളുകൾ
മുനിഞ്ഞുകത്തിയ എണ്ണവിളക്ക്
തിരിഞ്ഞുകുത്തിയ
നിഴൽച്ചിത്രങ്ങൾ
മറന്നുപോയ അക്ഷരങ്ങൾ
തിരഞ്ഞുപോയ കണ്ണട.
ഒരു കടലുപോലെ ബലിച്ചോറും
വിശന്നലഞ്ഞ കാക്കകളും
വിശപ്പു മറന്ന കുഞ്ഞുങ്ങളും
കറുത്തുപോയ അത്തവും
വെളുക്കാതെപോയ ഓണവും
വേണ്ടാത്തത് പുഴയിലെറിഞ്ഞതും
വൈകാതെ തിരിച്ചുവന്നതും
കണ്ണെത്താത്ത ദൂരങ്ങളിൽ
ആർത്തലച്ച് പൈതങ്ങളും
കണ്ണീർവറ്റിയ സ്ത്രീകളും
ലഹരിയിലമർന്ന പുരുഷാരവും
അന്ധതയാണ് നല്ലത്
ബധിരതയാണ് വേണ്ടത്
വേപഥുവൊഴിഞ്ഞ നാളെയിലാണ്
ഇന്നലെകൾതീർത്ത കൽത്തറയിൽ
ഇന്നുകളുടെ കൊട്ടാരം മേൽക്കൂര
തീർക്കുന്നതും ഒരു പെരുമഴക്കായ്
വാതിലും മനസ്സും തുറന്നിടുന്നതും.
രജനി വെള്ളോറ
No comments:
Post a Comment