Tuesday, 15 January 2019

അയിത്തം


പണ്ടെങ്ങാണ്ടൊരു ദേശത്ത്, ഒരു നമ്പൂരിമനയിൽ ഒരു കുഞ്ഞത്തോലുണ്ടാരുന്നു. കുഞ്ഞത്തോലിന് പണിക്കാരായി കുറേപേരുണ്ടാരുന്നു. എല്ലാരേം ഒരു തീണ്ടാപ്പാടകലെ നിർത്തിയാണ് കുഞ്ഞതോലിൻറെ കുടുംബഭരണം.

"ജാനൂ, , പാത്രം മോറി കഴിഞ്ഞെങ്കി എല്ലാം ആ കിണറിന്റെ പരിയാമ്പുറത്ത് കമിഴ്ത്തി വച്ചോളൂ, ന്നിട്ട്  ദാ ഈ തമ്പാളത്തിലെ വെള്ളം ത്തിരി എടുത്ത് ഒന്നീ പാത്രത്തിന്റെ മോള്ലേക്ക് കുടഞ്ഞോളൂ"
പാവം ജാനു, തേച്ച് തേച്ച് വെള്ളിപോലെയാക്കി മോറി കമിഴ്ത്തിയ പാത്രത്തിനുമേലെ  വീണ്ടും വെള്ളം കുടഞ്ഞു.
"കൊച്ചമ്പ്രാട്ടിയേ, എന്നാ അടിയനങ്ങോട്ട്,"
"ആ പാള ഇങ്ങാട് എടുത്തോളൂ ജാനൂ,  ത്തിരി പഴങ്കഞ്ഞി തരാം"
ജാനു നീട്ടിയ പാളയിൽ കുഞ്ഞാത്തോല് പഴങ്കഞ്ഞി നീട്ടിപ്പിടിച്ച് ഒഴിച്ചുകൊടുത്തു.
അതുംകൊണ്ട് ജാനു കുടീലേക്ക് പോയി.
കിണറിലെ വെള്ളമെടുത്ത് പാത്രത്തിനുമേലെ ഒന്നൂടെ കുടയണം എന്നാലേ ശുദ്ധാകൂ.
കുഞ്ഞാത്തോല് ചെമ്പുകുടം കയർകുടുക്കിലിട്ടു വെള്ളത്തിലേക്ക് താഴ്ത്തി. വെള്ളം നിറച്ച് അഞ്ഞുവലിച്ചു.
മലർന്നടിച്ച് വീണില്ലന്നേ ഉള്ളു. വെറും കയറാണ് മേല്പോട്ടു വന്നത്.
" അയ്യോ ന്റെ കുടം വെള്ളത്തീ പോയല്ലോ"
"കാത്ത്വേയ്"
പുറമ്പണിക്ക് വന്ന കാത്തൂനെ കുഞ്ഞാത്തോല് നീട്ടി വിളിച്ചു.
കാത്തു ഓടിച്ചാടി വന്നു
"കാത്ത്വേയ് നീ ഓടിപ്പോയി ആ കുഞ്ഞപ്പനെ ഒന്ന് വിളിക്ക് .കുടം കിണറ്റിൽപ്പോയി"

കേട്ടപാതി കേൾക്കാത്ത പാതി കാത്തു,  കേറുകയും ഇറങ്ങുകയും ചെയ്യുന്നതിൽ സ്പെഷ്യലൈസ് ചെയ്ത (തെങ്ങുകയറ്റം, കിണറ്റിലിറങ്ങൽ) കുഞ്ഞപ്പനെ തെരഞ്ഞ് ഓടിപ്പോയി.
അഞ്ച് തെങ്ങുംപറമ്പിൽ തെണ്ടി നടന്ന് കുഞ്ഞപ്പനെ കണ്ട് കാര്യം പറഞ്ഞു.
" നേരം ഉച്ചയായി, കഞ്ഞികുടിക്കാൻ കേറുമ്പം വരാം പെണ്ണെ" കുഞ്ഞപ്പൻ മൊഴിഞ്ഞു, കാത്തു തിരിഞ്ഞോടി.

കഞ്ഞീം കുടിച്ച് ഏമ്പക്കോം വിട്ട് കുഞ്ഞപ്പൻ മനയിലെത്തി.
" കുഞ്ഞാത്തോലേ, ഞാൻ വന്നേക്കണ്"
"എന്നാലൊന്നു വേം നൊക്കെന്റെ കുഞ്ഞപ്പാ.....ഒഴക്ക് വെള്ളമില്ല ഈ മനയിൽ"

കാലൊന്നകത്തിപ്പിടിച്ച്, ഉടുത്ത കരിപോലത്തെ മുണ്ടിന്റെ തുമ്പൊന്നടീലെ വലിച്ചെടുത്ത് അരക്ക് കുത്തി കുഞ്ഞപ്പൻ കിണറ്റിൻറെ പടവിറങ്ങി.

വേനൽക്കാലം ആയതുകൊണ്ട് വെള്ളമിറങ്ങിയിരുന്നു.
എന്നാലും ആ ഭാഗത്ത്  ഏറ്റവും കൂടുതൽ വെള്ളമുള്ള കിണർ മനയിലേതായിരുന്നു.
നന്നായൊന്ന് മുങ്ങിക്കുളിച്ച് കുടവുമെടുത്ത് കുഞ്ഞപ്പൻ പടവുകൾ കയറി.
"കുഞ്ഞാത്തോലേ ഇതാ കുടം."

"ഓ..നീയതൊന്ന് കമിഴ്ത്തി വെക്കെന്റെ കുഞ്ഞപ്പാ. അല്ലാണ്ട് ഞാനെങ്ങനെ തൊടും"
ഒരു നിമിഷം കുഞ്ഞപ്പൻ കുഞ്ഞത്തോലിനെ തുറിച്ചു നോക്കി.
പെട്ടന്നയാൾ കയ്യിലുള്ള കുടം കിണറ്റിലേക്ക് തന്നെ തിരിച്ചിട്ടു.
" നിങ്ങള് പോയി വേറെ ആളെ നൊക്കെന്റെ കുഞ്ഞാത്തോലേ, എനക്ക് വേറെ പണീണ്ട്"

മിഴുങ്ങസ്യാ നിന്ന കുഞ്ഞത്തോല് കേൾക്കാതെ കുഞ്ഞപ്പൻ പിറുപിറുത്തു,
" കൊറേ നാളായൊന്നു മുങ്ങിക്കുളിച്ചിട്ട്....അതെന്തായാലും നടന്നു, ഹോ എന്താ ഇപ്ളത്തെ ചൂട്!"

No comments:

Post a Comment