Thursday, 10 January 2019

വിശപ്പ് - കവിത


വിശപ്പാണ് പ്രധാനം
വയറിന്റെ വിശപ്പ്
ശരീരത്തിന്റെ വിശപ്പ്
മനസ്സിന്റെ വിശപ്പ്.

കള്ളവും കൊള്ളയും
കൊലപാതകവും
വിശപ്പിൽ ജനിക്കുന്നു.

ആളുന്ന ജഠരാഗ്നിയിൽ
നാണമില്ല മാനമില്ല
പ്രണയമില്ല വിരഹമില്ല,
അറിഞ്ഞിട്ടുണ്ടോ
വയറിൻറെ വിശപ്പ്.

ഉയരുന്ന കാമാഗ്നിയിൽ
അമ്മയില്ല പെങ്ങളില്ല
മകൾ പോലുമില്ല;
ഒടുവിൽ ഉടലുരുകി
മനമുരുകി ദഹിക്കുന്നവർ
അനവധി.

പ്രണയമെന്ന വിശപ്പ്
ആരുമറിയാതെ
മനസ്സെരിഞ്ഞ്
കരളെരിഞ്ഞൊടുവിൽ
ഒരു ചിതയിൽ
കത്തിയമരും.

വിശപ്പറിയാത്തവൻറെ
ദുർമേദസ്സിൽ കെട്ടുപോയ
ദരിദ്രൻറെ വിശപ്പ്.

ചിലർക്ക്
അറിവാണ് വിശപ്പ്
യാത്രയാണ് വിശപ്പ്
സേവനമാണ് വിശപ്പ്.

 വിശപ്പിനെ അതിജീവിച്ചവർ
യോഗികൾ, സന്യാസികൾ;
അതിശയിക്കുന്നു ഞാൻ
വിശക്കാതെ അവരെങ്ങനെ
ലോകത്തെ തിരിച്ചറിയും,
മനുഷ്യരെയും!

വിശപ്പാണ് സത്യം
വിശപ്പ് മാത്രം.

No comments:

Post a Comment