Friday, 14 December 2018

മറവി - കവിത


പുസ്തകക്കെട്ടിനിടയിൽ
ഒളിച്ചുവച്ച മിഠായി
രുചിച്ച് തീർത്ത് ഉറുമ്പുകളുടെ
ഘോഷയാത്ര,
മറവിയുടെ തുടക്കം.

മേശവലിപ്പിൽ മറന്നുവച്ച
പ്രണയലേഖനം,
ചൂരൽവടിയാൽ
അച്ഛൻ രചിച്ച
താഡനശിൽപങ്ങൾ.

എന്നും മറക്കുന്ന
കോപ്പിപുസ്തകവും
പകർത്തെഴുത്തും,
ക്ളാസ്സിനുപുറത്ത്
വായുവിൽ ചിത്രംവരച്ച്
സ്കൂൾക്കാലം.

തുടക്കവും ഒടുക്കവുംമാത്രം
ഉത്തരങ്ങളായി
മനസ്സിൽ ചുറ്റിത്തിരിഞ്ഞപ്പോൾ
കൊഞ്ഞനം കുത്തിയ
ചോദ്യക്കടലാസ്.

വായിച്ചറിഞ്ഞ
അക്ഷരങ്ങൾ പിടിതരാതെ
മാഞ്ഞുപോയപ്പോൾ
അടുക്കളച്ചുവരിനുള്ളിൽ
തിരിഞ്ഞു തീരുന്ന ജീവിതം.

"ചോറിൻറെകൂടെയിന്നു
കറിയില്ലായിരുന്നു"
പാത്രത്തിലിരുന്നു
പുഞ്ചിരിക്കുന്ന കറിക്കപ്പുറത്ത്
കണവൻറെ കലുഷിതമുഖം.

കറുപ്പിലും വെളുപ്പിലും
നിറം ചേർത്ത് വല്ലപ്പോഴും
മിന്നിമറയുന്ന ബാല്യകൗമാരചിത്രങ്ങൾ.

മറന്നുവച്ചതെന്തോ
തിരിച്ചെടുക്കാനായി
എന്നും ഉദിച്ചുയർന്ന്
വീണ്ടും മറന്ന് തിരിച്ചു
പോകുന്ന സൂര്യൻ.

ഒന്ന് തിരിച്ചെടുക്കുമ്പോൾ
മറ്റൊന്നിവിടെ വച്ചു
മറക്കുന്ന ഭൂമി,
ഗ്രീഷ്മ ശരത് ഹേമന്ദവസന്തങ്ങൾ
ഇതൾ വിരിയുന്നതങ്ങനെ.

ചെഞ്ചായം കോരിയൊഴിച്ച്
മെനയാൻ തുടങ്ങിയ ചിത്രം
പാതിവഴിയിൽ മറന്നേതോ
കാറ്റിൻറെ പിറകേ
ഊരുചുറ്റാനിറങ്ങിയ
സാന്ധ്യമേഘം.

പതുക്കെ പതുക്കെ
എല്ലാം മറന്നുപോയ്,
നിലയില്ലാക്കയത്തിലെവിടെയോ തപ്പിനടന്ന്,
മുഖമില്ലാരൂപങ്ങളിലിഴചേർന്ന്,
മറവിയുടെ മാറാലയിൽ
സ്വയം പുതഞ്ഞ്,
എനിക്ക് എന്നെയും
നഷ്ടമാകും.

No comments:

Post a Comment