Monday, 10 December 2018

രാത്രിയുടെ നിറഭേദങ്ങൾ


രാത്രിയാത്രയിൽ കൺചിമ്മി മിഴിക്കുന്ന ദീപച്ചാർത്തുകളെ നോക്കി യാത്രചെയ്തിട്ടുണ്ടാകും അല്ലെ മിക്കവാറും എല്ലാവരും?

അതൊരു അനുഭവം തന്നെയാണല്ലേ.നമ്മുടെ പ്രിയപ്പെട്ടവരുടെ ചാരത്തിരുന്ന് പിന്നോട്ട് പോകുന്ന ദീപങ്ങളെ ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കികാണുക!  പ്രിയപ്പെട്ട കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ കൈകളിൽ ഇടക്കൊന്നു തൊട്ടു താനവളെ അല്ലെങ്കിൽ അവനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയുക!
തന്റെ തോട്ടത്തിൽ വിരിഞ്ഞ പനിനീർപൂവിൻറെ ഭംഗിയെക്കുറിച്ച് , കുറിഞ്ഞിപൂച്ചയുടെ ഭംഗിയുള്ള കുട്ടികളെ കുറിച്ച്, അടുത്തവീട്ടിലെ മുത്തച്ഛന്റെ ഉച്ചത്തിലുള്ള പാത്രവായനയെക്കുറിച്ച് , ഇത്രയും മധുരമായി ഇതൊക്കെ പറയുകയും കേൾക്കുകയും ചെയ്യണമെങ്കിൽ രാത്രിയിൽ യാത്രചെയ്യണം.

ദൂരെകാണുന്ന ബഹുനിലക്കെട്ടിടത്തിൻറെ മുകളിൽ മിന്നുന്ന ക്രിസ്മസ് നക്ഷത്രം നമ്മളെയും ഏതോ പുൽക്കൂടിലേക്ക് നയിക്കുകയാണോ എന്ന് ഒരു നിമിഷം പരിഭ്രമിക്കും.

ഇരുട്ടിനെ വകഞ്ഞു മാറ്റി ചെറുതായി തെളിഞ്ഞു കാണുന്ന ആകാശത്തിലേക്ക് തങ്ങളുടെ സ്വപ്‌നങ്ങൾ വാൽനക്ഷത്രങ്ങളായി തെന്നിത്തെറിച്ചു പോകുന്നത്, നേർത്ത നിലാവിൽ എങ്ങുനിന്നോ ഒഴുകിയെത്തുന്ന ഗാനവീചിയുടെ നനുത്ത തലോടൽ.

മയക്കം തൂങ്ങുന്ന കണ്ണുകളെ വലിച്ചുതുറന്ന് രാത്രിയിൽ യാത്ര ചെയ്യണ്ട, വണ്ടി റോഡരികിൽ പാർക്ക് ചെയ്ത് ഉറങ്ങാം എന്ന് നമ്മൾ പറയുമ്പോൾ സ്നേഹത്തിന്റെ കരുതലിൽ അങ്ങനെ ചെയ്യുന്ന കൂട്ടുകാരൻ.

ആ വൈകിയ രാത്രിയിലും ചയക്കടയിലേക്ക് തണുപ്പകറ്റാൻ നടന്നു നീങ്ങുന്നവർ, ചീറിപോകുന്ന ബൈക്കിൽ ഉറക്കെ സംസാരിക്കുന്നവർ, അടുത്തുള്ള കടത്തിണ്ണയിൽ കീറപ്പുതപ്പിലേക്ക് ചുരുണ്ടുകൂടുന്നവർ. ഒരു നിമിഷം ഒരു പുതപ്പെങ്കിലും കയ്യിൽ കരുതിയിരുന്നെങ്കിൽ അവർക്ക് കൊടുക്കാമായിരുന്നു എന്ന് ആലോചിച്ചു.
തെരുവുവിളക്കുകളുടെ ചുവട്ടിൽ നായ്ക്കളുടെ ബഹളം, ഒടുവിൽ തല്ലിപ്പിരിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടിമറയുന്നു.

ഏതോ നിമിഷത്തിൽ ഉറങ്ങിപ്പോകുമ്പോഴും നിറമുള്ള സ്വപ്നങ്ങൾ തുന്നിച്ചേർത്ത ഒരു പട്ടുതൂവാല പോലെ കനമില്ലാതെ മനസ്സ് ശാന്തമായിരുന്നു.

 കരുതലോടെ ചേർത്തുപിടിക്കാൻ ആളുണ്ടെങ്കിൽ ഏതു തെരുവിലും കിടന്നുറങ്ങാമെന്ന് ഉണരുമ്പോൾ മനസ്സിലാകും.
ഒടുവിൽ,  നീയൊരു കുഞ്ഞിനെപ്പോലെ ഉറങ്ങി എന്ന പ്രഭാതത്തിലെ ആദ്യസ്വരത്തിൽ പകലിലേക്ക് കൺതുറക്കുമ്പോൾ എത്ര സുന്ദരമായിരുന്നു ഇന്നലത്തെ യാത്രയെന്നു മറുമൊഴി.

മഴവില്ലിനും പൂക്കൾക്കും പകലിനും സൂര്യനും പലവർണങ്ങളുടെ ചാരുതയുള്ളതുപോലെ രാത്രിക്കുമുണ്ട് അനേകം നിറഭേദങ്ങൾ...സ്നേഹത്തിൻറെ, കരുതലിന്റെ, ദീപകാഴ്ചകളുടെ, നക്ഷത്രങ്ങളുടെ , തനിച്ചാകലുകളുടെ, ഭീതിയുടെ, അനാഥത്വത്തിന്റെ അനേകായിരം നിറഭേദങ്ങൾ.

No comments:

Post a Comment