ആൽച്ചുവട്ടിലെ ചാരുബെഞ്ചിൽ സായന്തനസൂര്യൻറെ തളർന്ന കിരണങ്ങളുടെ തലോടലേറ്റ് എല്ലാം മറന്ന് കുറേനേരമിരുന്നു. കാറ്റിൽ പറന്നുവീഴുന്ന ഇളം മഞ്ഞയിലകൾ ഭൂതകാലത്തിൻറെ വാതിൽപ്പടിയിൽ വെറുതെ താളമിട്ടു. ഇന്ന് , ഈ നിമിഷങ്ങളിൽ ഞാൻ തിരിഞ്ഞുനോക്കില്ല. എൻറേതുമാത്രമായ ഈ സായംസന്ധ്യ, സൂര്യാസ്തമയത്തിൻറ അവസാനനിമിഷങ്ങളിൽ പുനർവിചിന്തനങ്ങളിലേക്കുള്ള മടക്കങ്ങളല്ല വേണ്ടത്. ജീവിക്കാനുള്ള വളരെക്കുറച്ചു സമയം, ഒന്നിനെക്കുറിച്ചുമോർക്കാതെ, കടിഞ്ഞാണിട്ട ചിന്തകൾ വിശ്രമിക്കട്ടെ. മൈതാനത്ത് കുട്ടികളുടെ കലപിലകൾ. സന്തോഷം മാത്രമുള്ള അനർഘനേരങ്ങൾ. ജീവിതദർശനങ്ങളുടെ ചവിട്ടുപടികൾ. ബഹുദൂരം നടന്നുവെങ്കിലും ഇവിടെത്തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഇനി തിരഞ്ഞെടുക്കേണ്ടത് ഇറക്കത്തിലേക്കുള്ള പടികളാണ്. കുന്നിൻചരിവിലൂടെ തെന്നിത്തെറിച്ച് പോകാൻ വയ്യ. പടികൾ തന്നെ വേണം. വളരെ കൂറച്ച് സമയമേ ബാക്കിയുള്ളൂ. ഓരോ പടിയും സൂക്ഷിച്ചിറങ്ങണം. ഇനിയുള്ള കാൽവെപ്പുകളെങ്കിലും തെറ്റിപ്പോകരുത്. തനിച്ചാകുമോ എന്നോർത്ത് തിരിഞ്ഞുനോക്കുകയുമരുത്. നിഴലു പോലും പിൻതുടരുന്നുണ്ടാവില്ല. മഴയിൽ നനഞ്ഞ്, വെയിലിലുണങ്ങി, കാറ്റിൽ പറന്നങ്ങനെ.....
No comments:
Post a Comment