Tuesday, 18 December 2018

എന്നിട്ടും..... - കവിത


എന്നിട്ടും
കാട്ടിലെറിഞ്ഞ ജമന്തിവിത്തുകൾ
മുളച്ച് തളിർത്ത് പൂക്കൾ വിരിയിച്ചു.

എന്നിട്ടും
പാടാത്ത പാട്ടുകളുടെ ഈണം
ചെവിയിലാരോ
മൂളിക്കൊണ്ടേയിരുന്നു.

എന്നിട്ടും
കാണാച്ചിരിയുടെ അലകൾ
കാറ്റിൻറെ തേരിലേറി
ചുണ്ടിൽ താളമിട്ടു.

എന്നിട്ടും
കാണാക്കഥകൾ പറയാൻ
പാണൻറെ തുടി, വെറുതെ
തുടിച്ചുകൊണ്ടേയിരുന്നു.

എന്നിട്ടും
സ്വപ്നങ്ങൾ ചിതലരിച്ച
കൗമാരക്കണ്ണുകളിൽ
നക്ഷത്രശോഭ പുഞ്ചിരിച്ചു.

എന്നിട്ടും
പതിഞ്ഞകാലൊച്ചകൾ
ഉറക്കതീരങ്ങളിൽ
കല്ലുകളായി പതിച്ചു.

എന്നിട്ടും
മക്കളെ കാത്തിരുന്ന
അമ്മമാർ ഗർഭപാത്രം
വാടകക്കു നൽകി.

എന്നിട്ടും
നെല്ലും കല്ലും പെറുക്കി
ചേറിയെടുത്ത അരിയിലേക്ക്
ആരോ മണ്ണെറിഞ്ഞു.

എന്നിട്ടും
വറുതിയില്ലെന്ന് മരണമില്ലെന്ന്
പുതുകാലൻകോഴികൾ
കൂകിക്കൊണ്ടേയിരിക്കുന്നു.

രജനി

Friday, 14 December 2018

ഞാൻ -കവിത

ഞാൻ
മഷിത്തണ്ടിലായിരുന്നു ബാല്യം
എഴുതിയതെല്ലാം മായ്ച്ച്
വീണ്ടുമെഴുതി മായ്ച്ച്
മായാതെ വന്നപ്പോൾ
സ്ളേറ്റ് വലിച്ചെറിഞ്ഞു.

ഞാൻ
കൺകോണുകളിലാരുന്നു
 കൗമാരം
കണ്ടതും കാണാത്തതും
അവിടെത്തന്നെ മായ്ച്ച്
ചുണ്ടിലെ ചിരിയും
കൺചിമ്മി മായ്ച്ച്
ഒടുവിൽ കണ്ണടച്ചിരുന്നു.

ഞാൻ
സങ്കടത്തിരയിലാരുന്നു
യൗവ്വനം
വഴിയിറമ്പിൽ പൂത്ത മന്ദാരം
പൂക്കളെല്ലാം പൊഴിച്ചിരുന്നു
പുതുനാമ്പുകളൊന്നും തളിരിട്ടതേയില്ല.

ഞാൻ
മദ്ധ്യാഹ്നത്തിലായിരുന്നവ-
യൊക്കെയും
പ്രണയമരംപൂവിട്ടതും
ജീവിതസമരം വിജയിച്ചതും
ഊതിപറപ്പിച്ചൊരു
സോപ്പുകുമിളപോലെ
ഉയരത്തിലേക്ക് പറന്നുപോയതും.

ഞാൻ
ദൂരക്കാഴ്ചകളിലായിരിക്കും
വാർദ്ധക്യം
എവിടെയോതട്ടിത്തകർന്നൊന്നു
താഴേക്ക്
മഴവെള്ളത്തിലൊഴുക്കി-
വിട്ടൊരു കടലാസുതോണി പോലെ.

മറവി - കവിത


പുസ്തകക്കെട്ടിനിടയിൽ
ഒളിച്ചുവച്ച മിഠായി
രുചിച്ച് തീർത്ത് ഉറുമ്പുകളുടെ
ഘോഷയാത്ര,
മറവിയുടെ തുടക്കം.

മേശവലിപ്പിൽ മറന്നുവച്ച
പ്രണയലേഖനം,
ചൂരൽവടിയാൽ
അച്ഛൻ രചിച്ച
താഡനശിൽപങ്ങൾ.

എന്നും മറക്കുന്ന
കോപ്പിപുസ്തകവും
പകർത്തെഴുത്തും,
ക്ളാസ്സിനുപുറത്ത്
വായുവിൽ ചിത്രംവരച്ച്
സ്കൂൾക്കാലം.

തുടക്കവും ഒടുക്കവുംമാത്രം
ഉത്തരങ്ങളായി
മനസ്സിൽ ചുറ്റിത്തിരിഞ്ഞപ്പോൾ
കൊഞ്ഞനം കുത്തിയ
ചോദ്യക്കടലാസ്.

വായിച്ചറിഞ്ഞ
അക്ഷരങ്ങൾ പിടിതരാതെ
മാഞ്ഞുപോയപ്പോൾ
അടുക്കളച്ചുവരിനുള്ളിൽ
തിരിഞ്ഞു തീരുന്ന ജീവിതം.

"ചോറിൻറെകൂടെയിന്നു
കറിയില്ലായിരുന്നു"
പാത്രത്തിലിരുന്നു
പുഞ്ചിരിക്കുന്ന കറിക്കപ്പുറത്ത്
കണവൻറെ കലുഷിതമുഖം.

കറുപ്പിലും വെളുപ്പിലും
നിറം ചേർത്ത് വല്ലപ്പോഴും
മിന്നിമറയുന്ന ബാല്യകൗമാരചിത്രങ്ങൾ.

മറന്നുവച്ചതെന്തോ
തിരിച്ചെടുക്കാനായി
എന്നും ഉദിച്ചുയർന്ന്
വീണ്ടും മറന്ന് തിരിച്ചു
പോകുന്ന സൂര്യൻ.

ഒന്ന് തിരിച്ചെടുക്കുമ്പോൾ
മറ്റൊന്നിവിടെ വച്ചു
മറക്കുന്ന ഭൂമി,
ഗ്രീഷ്മ ശരത് ഹേമന്ദവസന്തങ്ങൾ
ഇതൾ വിരിയുന്നതങ്ങനെ.

ചെഞ്ചായം കോരിയൊഴിച്ച്
മെനയാൻ തുടങ്ങിയ ചിത്രം
പാതിവഴിയിൽ മറന്നേതോ
കാറ്റിൻറെ പിറകേ
ഊരുചുറ്റാനിറങ്ങിയ
സാന്ധ്യമേഘം.

പതുക്കെ പതുക്കെ
എല്ലാം മറന്നുപോയ്,
നിലയില്ലാക്കയത്തിലെവിടെയോ തപ്പിനടന്ന്,
മുഖമില്ലാരൂപങ്ങളിലിഴചേർന്ന്,
മറവിയുടെ മാറാലയിൽ
സ്വയം പുതഞ്ഞ്,
എനിക്ക് എന്നെയും
നഷ്ടമാകും.

Monday, 10 December 2018

ഒരു കഥ


"എന്താ പേര്?"
"അയ്യപ്പൻ ത്യാഗി"
"എവിടാ ജോലി?"
"തിരുവനന്തപുരം റേഡിയോനിലയത്തിൽ വയലിൻ ആർട്ടിസ്റ്റ് "
ഉത്തരം കേട്ടപ്പോൾ കണ്ണുകളിൽ ഇരുട്ടുകയറി, ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിൽ.
"എന്താ സംഭവിച്ചത്", കൂടെയുള്ള സുഹൃത്ത്  ചോദിച്ചു.

ഒരു നിമിഷം ആലോചിച്ചു, ഒരു ദീർഘനിശ്വാസം, "അതൊരു കഥയാണ്, ആരും വിശ്വസിക്കാത്ത കഥ".
"പറ്റുമെങ്കിൽ പറയൂ" സുഹൃത്ത്  നിർബന്ധിച്ചു.
"അഞ്ചുവർഷം മുൻപ്, എനിക്ക് സെക്രെറ്ററിയേറ്റിൽ ജോലി കിട്ടുന്നതിനുമുമ്പ് ഞങ്ങൾ ചെറുപ്പക്കാരെല്ലാം കൂടി വൈകുന്നേരം ക്ലബ്ബിൽ ഒത്തുകൂടും.
ഒരു ദിവസം രമേശ് ആണ് ഓജോ ബോർഡിനെ കുറിച്ച് പറഞ്ഞത്. സമയം പോകാൻ നല്ല മാർഗം എന്ന് വിചാരിച്ചു എല്ലാവരും രാത്രിയിൽ ഒത്തുകൂടി. ലൈറ്റ് എല്ലാം കെടുത്തി മെഴുകുതിരി മാത്രം കത്തിച്ചുവച്ച് ബോർഡ് നിവർത്തി വച്ച് ആത്മാക്കളെ വിളിച്ചു. ഓരോരുത്തരായി വന്ന് അവരുടെ കഥ പറഞ്ഞു,
 പരിചയമുള്ളവരും ഇല്ലാത്തവരും. നേരം കുറെ വൈകി ഇനി പോകാം എന്ന് തീരുമാനിച്ചപ്പോഴാണ് അവൾ വന്നത്".
ഒന്ന് വിറച്ചു ഞാൻ പറഞ്ഞു നിർത്തി.

ഉദ്വോഗമുനയിലായ സുഹൃത്ത് ആകാംക്ഷയോടെ തിരക്കി, "ആര്?"

"അവൾ ദിവ്യ,  വീട് തൃശ്ശൂരാണ്, അച്ഛന്റെ പേര് അയ്യപ്പൻ ത്യാഗി, റേഡിയോ നിലയത്തിൽ വയലിൻ ആർട്ടിസ്റ്റ്  ആണ്. വളരെ കഷ്ടപ്പെട്ടാണ് അച്ഛൻ അവളേയും അനിയനേം അനിയത്തിയെയും പഠിപ്പിച്ചത് പോലും. വിവാഹാലോചനകൾ വന്നപ്പോൾ അച്ഛൻ പറഞ്ഞു,  നിന്റെ കല്യാണം കഴിഞ്ഞാൽ അച്ഛന് അതൊരാശ്വാസമാകും. എന്തുകൊണ്ടോ ധിക്കരിക്കാൻ കഴിഞ്ഞില്ല..സമ്മതിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ഗ്യാസ് സ്ററൗ പൊട്ടിത്തെറിച്ച്  അവൾ മരിച്ചു. അവളുടെ അച്ഛൻ വിചാരിച്ചിരുന്നത് ഇഷ്ടമല്ലാത്ത കല്യാണം നടത്തിയതിന് അവൾ ആത്മഹത്യ ചെയ്തതാണെന്നാണ്.
അവളുടെ ഭർത്താവും അങ്ങനെ വിശ്വസിപ്പിച്ചു  പാവം അച്ഛനെ, ഓരോ നുണകൾ പറഞ്ഞു അവൾക്ക് വേറെ ആരോ ആയി ബന്ധമുണ്ടെന്നൊക്കെ."

അവൾ പറഞ്ഞു," അച്ഛനെന്നോട് ഇപ്പൊ കടുത്ത ദേഷ്യമാണ്. മക്കളെ സ്നേഹിച്ചിട്ടൊന്നും കാര്യമില്ല എന്നൊക്കെ എല്ലാരോടും പറഞ്ഞു കരയുന്നു. എനിക്കിതൊന്നും കാണാൻ വയ്യ. ആ ദുഷ്ടൻ എന്റെ ഭർത്താവ് എന്നെ കൊന്നതാണ് സ്ത്രീധനം പോരെന്നു പറഞ്ഞ്...ആരെങ്കിലും എന്റെ അച്ഛനോട് ഇതൊന്നു പറയുമോ?'.
ഞങ്ങൾ ആകെ വിഷമത്തിലായി..എല്ലാദിവസവും ദിവ്യ വരും ഇതുതന്നെ പറഞ്ഞോണ്ടിരിക്കും. ഒടുവിൽ ഞങ്ങൾ മൂന്നാലുപേർ തൃശ്ശൂർക്ക് പോകാൻ തീരുമാനിച്ചു.

തൃശ്ശൂരെത്തി. ഒരുപാടു അന്വേഷിച്ചു. അങ്ങാനൊരാളെ ആർക്കും അറിയില്ല. ഞങ്ങൾ തിരിച്ചുവന്നു..പതുക്കെ എല്ലാവരും ഓരോ തിരക്കിലായി. ദിവ്യയെ മറന്നു.
ഞാൻ സെക്രെറ്ററിയേറ്റിൽ ജോലിക്കെത്തി.
ഇന്നലെ നാട്ടിലേക്ക് പോകാൻ ട്രെയിനിൽ കയറിയതാണ്. അപ്പോഴാണ്..........."

സുഹൃത്ത്  ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.  'ചില കാര്യങ്ങൾ അങ്ങനാണ്. ഒന്നും നമ്മുടെ കയ്യിലല്ല.  കാലം ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ എവിടെയൊക്കെയോ കരുതിവെച്ചിരിക്കുന്നു."

"ഈ കാര്യങ്ങൾ ഞാൻ അനുഭവിച്ചറിഞ്ഞതാണ്. കേൾക്കുന്നവർക്ക് അന്ധവിശ്വാസമായി തോന്നാം പക്ഷെ സത്യമാണ്", ഒരു തേങ്ങലോടെ ഞാൻ കണ്ണുകളടച്ചു.

മകൾ - കവിത

മനസ്സിൽ കിലുകിലെയൊരു
പാദസരകിലുക്കം പിന്നെ
പാടി പതിഞ്ഞ നേഴ്സറിഗാനം
വളർന്നവളെൻ മുന്നിൽ
ചുമർകണ്ണാടിയിലെ
പ്രതിബിംബം പോൽ.

കാലമകലെയെത്തിച്ചപ്പോഴും
കാത്തിരുന്നാഴ്ചയവസാനം
സ്നേഹമുണരുമാലിംഗനം
മനസ്സുണർത്തുമാ വിളി.

കൂടെയൊരാളെ ചേർത്തു
വെച്ചകലേക്കയക്കുമ്പോൾ
കരയാത്ത കണ്ണുകളും
കരയുന്ന മനസ്സും
ആരും കാണാതെ
മുഖമമർത്തിത്തുടച്ച്
ഒളിച്ചു വച്ചതാണ്.

തിരിച്ചുവരാതകലേക്ക്
പറന്നുപോയ കാലമേ
ഇനിയും വസന്തങ്ങളിഴ-
ചേർത്ത് എനിക്കായി നീ
കരുതി വെക്കണം.

മകൻ - കവിത


ജീവിതകാൻവാസിലേ
സപ്തവർണ്ണങ്ങൾ
ഒന്നായി ചാലിച്ചാണ്
അവനെത്തിയത്.

കണ്ണുകൾ വിടർത്തി
നുണക്കുഴി തെളിച്ച്
പാൽമധു തൂകി
നീ ചിരിച്ചത്; ഒരിക്കലും
മായാത്ത വാങ്മയ-
ചിത്രമായ് അമ്മമനസ്സിൽ
ദിനംപ്രതി മിഴിവാർന്ന്.

നീ വളരുമ്പോൾ
കൂടെവളരാൻ
അമ്മയ്ക്കാവുമോ!
കൂട്ടുകളിക്കണം
കൂടെയുറങ്ങണം
ഊട്ടിത്തരണം
ഉമ്മവെക്കണം.

കാത്തുനിൽക്കാതെ
കാലം പടികടക്കും
ഇനിയും നീ വളരണം
നൻമനിറഞ്ഞവഴികളിൽ
അമ്മയുമച്ഛനും
പെങ്ങളുമുണ്ടാവണം
തിരിച്ചറിവൂണ്ടാകണം
സത്യമുണ്ടാകണം.

നീ അകലെയാകുമ്പോഴാണ്
ഞാൻ തനിച്ചാകുന്നതെന്ന്
ഞാനും തിരിച്ചറിയുന്നു
നിൻറെ കുറുമ്പുകളിലാണ്
എൻറെ സന്തോഷം
കൂടുകൂട്ടിയതെന്ന്.

നീയില്ലാതെ ഞാനില്ലെന്ന്
എൻറെ മനസ്സറിയാൻ
നിന്നെപ്പോലെ വേറാരെന്ന്
നിറയുന്ന കണ്ണുകളിലും
ചുവരിലെ കണ്ണാടിയിലും
നിൻറെമുഖത്താൽ
മറഞ്ഞ്, എൻറെ മുഖം
നഷ്ടമായെന്ന്
ഞാനാരോടു പറയും?

Rajani Vellora

രാത്രിയുടെ നിറഭേദങ്ങൾ


രാത്രിയാത്രയിൽ കൺചിമ്മി മിഴിക്കുന്ന ദീപച്ചാർത്തുകളെ നോക്കി യാത്രചെയ്തിട്ടുണ്ടാകും അല്ലെ മിക്കവാറും എല്ലാവരും?

അതൊരു അനുഭവം തന്നെയാണല്ലേ.നമ്മുടെ പ്രിയപ്പെട്ടവരുടെ ചാരത്തിരുന്ന് പിന്നോട്ട് പോകുന്ന ദീപങ്ങളെ ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കികാണുക!  പ്രിയപ്പെട്ട കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ കൈകളിൽ ഇടക്കൊന്നു തൊട്ടു താനവളെ അല്ലെങ്കിൽ അവനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയുക!
തന്റെ തോട്ടത്തിൽ വിരിഞ്ഞ പനിനീർപൂവിൻറെ ഭംഗിയെക്കുറിച്ച് , കുറിഞ്ഞിപൂച്ചയുടെ ഭംഗിയുള്ള കുട്ടികളെ കുറിച്ച്, അടുത്തവീട്ടിലെ മുത്തച്ഛന്റെ ഉച്ചത്തിലുള്ള പാത്രവായനയെക്കുറിച്ച് , ഇത്രയും മധുരമായി ഇതൊക്കെ പറയുകയും കേൾക്കുകയും ചെയ്യണമെങ്കിൽ രാത്രിയിൽ യാത്രചെയ്യണം.

ദൂരെകാണുന്ന ബഹുനിലക്കെട്ടിടത്തിൻറെ മുകളിൽ മിന്നുന്ന ക്രിസ്മസ് നക്ഷത്രം നമ്മളെയും ഏതോ പുൽക്കൂടിലേക്ക് നയിക്കുകയാണോ എന്ന് ഒരു നിമിഷം പരിഭ്രമിക്കും.

ഇരുട്ടിനെ വകഞ്ഞു മാറ്റി ചെറുതായി തെളിഞ്ഞു കാണുന്ന ആകാശത്തിലേക്ക് തങ്ങളുടെ സ്വപ്‌നങ്ങൾ വാൽനക്ഷത്രങ്ങളായി തെന്നിത്തെറിച്ചു പോകുന്നത്, നേർത്ത നിലാവിൽ എങ്ങുനിന്നോ ഒഴുകിയെത്തുന്ന ഗാനവീചിയുടെ നനുത്ത തലോടൽ.

മയക്കം തൂങ്ങുന്ന കണ്ണുകളെ വലിച്ചുതുറന്ന് രാത്രിയിൽ യാത്ര ചെയ്യണ്ട, വണ്ടി റോഡരികിൽ പാർക്ക് ചെയ്ത് ഉറങ്ങാം എന്ന് നമ്മൾ പറയുമ്പോൾ സ്നേഹത്തിന്റെ കരുതലിൽ അങ്ങനെ ചെയ്യുന്ന കൂട്ടുകാരൻ.

ആ വൈകിയ രാത്രിയിലും ചയക്കടയിലേക്ക് തണുപ്പകറ്റാൻ നടന്നു നീങ്ങുന്നവർ, ചീറിപോകുന്ന ബൈക്കിൽ ഉറക്കെ സംസാരിക്കുന്നവർ, അടുത്തുള്ള കടത്തിണ്ണയിൽ കീറപ്പുതപ്പിലേക്ക് ചുരുണ്ടുകൂടുന്നവർ. ഒരു നിമിഷം ഒരു പുതപ്പെങ്കിലും കയ്യിൽ കരുതിയിരുന്നെങ്കിൽ അവർക്ക് കൊടുക്കാമായിരുന്നു എന്ന് ആലോചിച്ചു.
തെരുവുവിളക്കുകളുടെ ചുവട്ടിൽ നായ്ക്കളുടെ ബഹളം, ഒടുവിൽ തല്ലിപ്പിരിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടിമറയുന്നു.

ഏതോ നിമിഷത്തിൽ ഉറങ്ങിപ്പോകുമ്പോഴും നിറമുള്ള സ്വപ്നങ്ങൾ തുന്നിച്ചേർത്ത ഒരു പട്ടുതൂവാല പോലെ കനമില്ലാതെ മനസ്സ് ശാന്തമായിരുന്നു.

 കരുതലോടെ ചേർത്തുപിടിക്കാൻ ആളുണ്ടെങ്കിൽ ഏതു തെരുവിലും കിടന്നുറങ്ങാമെന്ന് ഉണരുമ്പോൾ മനസ്സിലാകും.
ഒടുവിൽ,  നീയൊരു കുഞ്ഞിനെപ്പോലെ ഉറങ്ങി എന്ന പ്രഭാതത്തിലെ ആദ്യസ്വരത്തിൽ പകലിലേക്ക് കൺതുറക്കുമ്പോൾ എത്ര സുന്ദരമായിരുന്നു ഇന്നലത്തെ യാത്രയെന്നു മറുമൊഴി.

മഴവില്ലിനും പൂക്കൾക്കും പകലിനും സൂര്യനും പലവർണങ്ങളുടെ ചാരുതയുള്ളതുപോലെ രാത്രിക്കുമുണ്ട് അനേകം നിറഭേദങ്ങൾ...സ്നേഹത്തിൻറെ, കരുതലിന്റെ, ദീപകാഴ്ചകളുടെ, നക്ഷത്രങ്ങളുടെ , തനിച്ചാകലുകളുടെ, ഭീതിയുടെ, അനാഥത്വത്തിന്റെ അനേകായിരം നിറഭേദങ്ങൾ.

Thursday, 6 December 2018

അതിജീവനം -കവിത


എന്നിലേക്ക്
തിരിഞ്ഞു നോക്കിയപ്പോഴാണ്
നിന്നെ ഞാൻ തിരിച്ചറിഞ്ഞത്.

എന്നിലേക്ക്
വഴിതെറ്റിയെത്തിയപ്പോഴാണ്
നിന്റെ വഴി നീയും തിരിച്ചറിഞ്ഞത്.

എന്നിലേക്ക്
മഴയായ് പെയ്തപ്പോഴാണ്
നീയും നിറഞ്ഞൊഴുകിയത്.

എന്നിലേക്ക്
കാറ്റായി വീശിയപ്പോഴാണ്
നീയും നിറഞ്ഞാടിയത്.

എന്നിലേക്ക്
കണ്ണാടിപോലെ പുഞ്ചിരിച്ചപ്പോഴാണ്
നീയിന്നലെ നിന്നെക്കണ്ടത്.

എന്നിലേക്ക്
സ്നേഹപ്പൂക്കൾ പൊഴിച്ചപ്പോഴാണ്
നീയൊരു തണൽമരമായത്.

എന്നിലേക്ക്
തേൻമാവായി  ചാഞ്ഞപ്പോഴാണ്
ഞാനൊരു മുല്ലവള്ളിയായത്.

എന്നിലേക്ക്
കാട്ടാറുകളൊഴുക്കിയപ്പോഴാണ്
നീയൊരു മുളങ്കൂട്ടമായത്.

എന്നിലേക്ക്
രാഗങ്ങളായ് പെയ്തപ്പോഴാണ്
ഞാനൊരു തംബുരുവായത്.

എന്നിലേക്ക്
പ്രളയമായ് നീ വന്നപ്പോഴാണ്
മണൽത്തിട്ടയായ് ഞാനലിഞ്ഞുപോയത്.


എന്നിലേക്ക്
നീ നിറച്ച ശ്വാസത്തിലാണ്
ഞാനും നീയും അതിജീവിച്ചത്.

രജനി

സ്നേഹത്തിൻറെ കണ്ണ്


രണ്ടുദിവസം മുമ്പ് ഞാനൊരാളെ കണ്ടു. ജീവിതത്തോടുള്ള സ്നേഹം മുഴുവൻ കണ്ണുകളിൽ നിറച്ച് ഒരാൾ.
ഇത്രയധികം സ്നേഹം നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടിട്ടേ ഇല്ല, ഇതുവരെയുള്ള എന്റെ ജീവിതത്തിൽ.

നമുക്കൊക്കെ എപ്പോഴും നിരവധി പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ ഞാൻ കണ്ട കണ്ണുകളൊക്കെ എന്തൊക്കെയോ അന്വേഷിക്കുന്നവയായിരുന്നു.(കണ്ണാടിയിലെ എന്റെ കണ്ണുകളും അങ്ങനെത്തന്നെ😀).
വെറുപ്പ്, നിരാശ, കുറ്റബോധം, അഹങ്കാരം, സങ്കടം, കോപം, സന്തോഷം, സ്നേഹം, പരിഹാസം ഇങ്ങനെ പലഭാവങ്ങളും മിന്നിമറയുന്ന കണ്ണുകൾ കണ്ടിട്ടുണ്ട്. എല്ലാ ഭാവങ്ങളും നൈമിഷികങ്ങളായിരിക്കും. അൽപസമയം കഴിയുമ്പോൾ വേറൊരു ഭാവമായിരിക്കും ഓരോരുത്തർക്കും. മങ്ങിമറിയാതെ സ്നേഹം കാണുക എന്നത് അപൂർവ്വമാണ്.

രോഗം ഓരോ മനുഷ്യനെയും സങ്കടപ്പെടുത്തും. നിരാശയുടെ പടുകുഴിയിൽ എത്തിക്കും. കരയാനാകാതെ ശ്വാസം മുട്ടി പിടയും, പലപ്പോഴും എല്ലാ ആശകളും നശിച്ച് നാം തന്നെ നമ്മുടെ ജീവിതത്തെ തോൽപ്പിക്കും.  ഡോക്ടേർസ് പറയാറുണ്ട് മരുന്നിനെക്കാൾ ഫലം ചെയ്യും രോഗിയുടെ ആത്മവിശ്വാസം എന്ന്.

അങ്ങാനൊരാളെ ആണ് ഞാൻ കണ്ടത്. അവിചാരിതമായി ഒരുസുഹൃത്തിന്റെ വീട്ടിൽ പോയപ്പോളാണ് അദ്ദേഹത്തെ കണ്ടത്. തൊട്ടടുത്ത വീട്ടിലാണ് താമസം. സുഹൃത്തിന്റെ ഭാര്യയുടെ ഉപ്പയാണ് അദ്ദേഹം. ഒരു പത്തുമിനിറ്റ് മാത്രമേ എനിക്കദ്ദേഹത്തോട് സംസാരിക്കാൻ പറ്റിയുള്ളൂ.
വയസ്സ് 85 ആയി.ഒരു ചെറിയ ഹാർട്ട്  അറ്റാക്ക് വന്നു ഇതിനിടെ.
ഇപ്പൊ റെസ്റ്റിലാണ്..ഒരു സർജറി റിസ്ക് ആണെന്ന് ഡോക്ടർ പറയുന്നു.

 ഇതൊക്കെ പറഞ്ഞത് ഉമ്മയാണ്. ഉമ്മ ഇതൊക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു. ഉമ്മ പറഞ്ഞു" അദ്ദേഹത്തിന് ഒരു പാട് സുഹൃത്തുക്കളുണ്ട്. നിങ്ങളുടെ കൂട്ടരാണ് കൂടുതലും. എല്ലാരും കാണാൻ വന്നു. സൂക്കേട് മാറാൻ എല്ലാരും നേർച്ച യൊക്കെ നേർന്നിട്ടുണ്ടോലും". ഇത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിലെ ആ സ്നേഹത്തിളക്കം ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. അദ്ദേഹം ജീവിതത്തെ എത്രയധികം സ്നേഹിക്കുന്നുവെന്ന് സുഹൃത്തുക്കളുടെ കൂടെയിരിക്കാൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് അതിലുപരി  അദ്ദേഹം എത്ര നല്ല മനുഷ്യനാണ് എന്ന്, ആ കണ്ണുകൾ എന്നോട് പറഞ്ഞു.

" എല്ലാം സുഖമാകും ഉപ്പ" എന്ന് ആശ്വസിപ്പിച്ച് ഉമ്മയോട് യാത്രയും പറഞ്ഞിറങ്ങുമ്പോൾ, ഞാൻ മനസ്സിലോർത്തു ഈ കണ്ണുകൾ എന്നും എന്റെ കൂടെയുണ്ടാകും, എന്നിലെ സ്നേഹം വെറുപ്പാകുമ്പോൾ ഞാനവയെ ഓർക്കും, ഞാൻ ജീവിതത്തെ വെറുക്കാൻ തുടങ്ങുമ്പോഴും ആ കണ്ണുകൾ എന്റെ മനസ്സിൽ മെഴുകുതിരിപോലെ ജ്വലിക്കും..അദ്ദേഹത്തിന് സുഖമാവട്ടെ വേഗം. നല്ല മനസ്സുള്ളവർ ചിരഞ്ജീവികളാകണം. അങ്ങനെയൊരാളെ കാണാനായിരിക്കണം അന്നെന്റെ യാത്ര അങ്ങോട്ടായത്. ഇങ്ങനെ ചില നിമിത്തങ്ങൾ എന്റെ ജീവിതത്തിൽ വല്ലപ്പോഴും വന്നു ഭവിക്കാറുണ്ട്.  ഇതും ഒരേടാണ്. മനസ്സിലേക്ക് ചേർത്തുവെക്കുന്ന ഒരേട്.

Monday, 3 December 2018

നട്ടുച്ച വെയിലത്ത് എപ്പോഴും ചിലർ

മദ്യപിക്കുന്ന ഒരാളുടെ മകൾ അല്ലെങ്കിൽ മകൻ ആയി ജനിക്കുക എന്നത് എത്രമാത്രം വേദനാജനകമാണെന്നു പറയാതെ വയ്യ.

അച്ഛനില്ലാത്തതിലും ഭേദമല്ലേ എന്ന് ചോദിക്കാം. അറിയാം അത് വേറൊരു വേദനയാണ്.ഞാനറിഞ്ഞിട്ടുണ്ട് എന്റെ സുഹൃത്തിന്റെ വാക്കുകളിലൂടെ, അവൻ പിന്നിട്ട സങ്കടവഴികൾ. കറിയില്ലാത്ത കഞ്ഞി എങ്ങനെ കഴിക്കും അമ്മേ എന്നു ചോദിച്ചതിന് അമ്മാവൻ ചവിട്ടിത്തെറിപ്പിച്ച കഞ്ഞിപ്പാത്രവും അതു പോലെ അവന്റെ ജീവിതവും ചിതറി തെറിച്ചുപോയത്. എങ്കിലും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ജീവിതം കയ്യെത്തിപ്പിടിച്ചത്. അത് സംരക്ഷിക്കാനായി താങ്ങും തണലുമില്ലാതെ ഇപ്പോഴും നെട്ടോട്ടമൊടുന്നത്. വല്ലാത്ത സങ്കടമാണ്.

എങ്കിലും ഓരോരുത്തർക്കും അവരവരുടെ വേദനയാണല്ലോ വലുത്.

അപ്പോൾ പറഞ്ഞുവന്നത് മദ്യപനായ അച്ഛനെ കുറിച്ചാണ്. മുഖം കുനിച്ചല്ലാതെ റോഡിലൂടെ നടക്കാൻ ഒരിക്കലും സാധിക്കാത്ത മക്കളായിയിരിക്കും ഒരു മദ്യപൻറേത്. പാതയോരത്തെവിടെങ്കിലും വീണുകിടക്കുന്ന ആരെയെങ്കിലും കണ്ടാൽ ഒളികണ്ണിട്ടു നോക്കി അതച്ഛനല്ലെന്നു തിരിച്ചറിയുമ്പോഴുണ്ടാകുന്ന ആ ആശ്വാസമുണ്ടല്ലോ. അത് പറഞ്ഞറിയിക്കാൻ വയ്യ.

തുറന്നുവച്ച പുസ്തകത്തിൽ നിന്ന് ഇടയ്ക്കിടെ മുഖമുയർത്തി ജനലിലൂടെ പേടിയോടെ പുറത്തേക്കു നോക്കുന്ന എന്റെ അനിയന്റെ മുഖമുണ്ടല്ലോ അത് മരിക്കുന്നതുവരെ മനസ്സിൽ നിന്ന് പോകില്ല.

ചില ദിവസങ്ങളിൽ , മുറ്റത്തേക്ക് തെറിക്കുന്ന ഭക്ഷണപാത്രങ്ങളുടെ ചിലമ്പിച്ച ശബ്ദവും കൊട്ടിയടച്ച വാതിലിനു പുറത്തു ചകിതയായി നിൽക്കുന്ന ഒരമ്മയുടെയും മൂന്നുകുട്ടികളുടെയും നിസ്സഹായമായ മുഖങ്ങളും  ദുസ്വപ്നങ്ങളായി വേട്ടയാടുന്നമനസ്. തന്നിലേക്കൊതുങ്ങിയൊതുങ്ങി അന്തർമുഖയായിപോയ ഒരുവളുടെ മനസ്സ് , മദ്യപാനിയുടെ മകളെ വിവാഹം ചെയ്യാൻ തയ്യാറാകാതെ  പിന്തിരിയുന്ന പ്രണയിതാവ് വീണ്ടും അവളെ വലിച്ചെറിയുന്നത് അന്തർമുഖതയുടെ കാണാക്കയത്തിലേക്കാവുമ്പോൾ തോറ്റ് തോറ്റ് ഇല്ലാതായ ഒരു പാവം മനസ്സ്.

സൂര്യനെപോലെ തഴുകുന്ന അച്ഛനെയാണെനിക്കിഷ്ടം എന്ന് കവി പാടുമ്പോൾ അത് രാവിലെത്തെയോ വൈകുന്നേരത്തെയോ സൂര്യനെ ആയിരിക്കും എന്റച്ഛൻ നട്ടുച്ച സൂര്യനാണെന്നു ഞാൻ സ്വയം
 പരിഹസിച്ച് മനസ്സിലോർക്കും.

പൊള്ളി പൊള്ളി അടർന്നുപോയ മനസ്സിന്റെ അവശിഷ്ടങ്ങളിൽ വീണ ഓരോ തുള്ളി ജലവും പിന്നീടെന്നും കൂടുതൽ പൊള്ളിച്ചതേയുള്ളൂ.
കുടുംബത്തിലെ മൂത്തസന്തതിയെ സ്നേഹിക്കാൻ ആരാണുണ്ടാവുക..നന്നേ ചെറുപ്പത്തിൽ മുത്തശ്ശനും മുത്തശ്ശിയും തന്ന സ്നേഹം മാത്രമാണ്, കൈപ്പിടിയിൽ മുറുക്കെ പിടിച്ചു ഇടയ്ക്കിടെ തുറന്നുനോക്കി കണ്ണുകളെ ഈറനാക്കി വീണ്ടും മുറുക്കെപ്പിടിച്ച് മുന്നോട്ടു നയിച്ചത്.
പിന്നെ വീണുകിട്ടിയ ഓരോ സ്നേഹത്തുള്ളിയും ഒരു സ്നേഹക്കടലാണെന്നു തെറ്റിദ്ധരിച്ച് സന്തോഷിച്ചത്. കൈക്കുമ്പിളിലൂടെ ഒലിച്ചുപോയവയും തിരിച്ചറിവിന്റെ പാതയിൽ ഉപേക്ഷിച്ചവയും നിരവധി.

കുട്ടിക്കാലത്തു രൂപപ്പെടുന്ന മനസ്സാണ് ഓരോരുത്തരുടെയും സ്വഭാവ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത്. എവിടുന്നൊക്കെയോ കിട്ടിയ ചില നന്മ വെളിച്ചങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. അല്ലെങ്കിൽ പണ്ടേ വഴികൾ എവിടെങ്കിലും അവസാനിച്ചേനെ.

ഇന്ന് ഇതെഴുതിയത് വേറൊരുകാര്യത്തിലാണ്.
മദ്യപാനിയായ ഒരച്ഛനിൽ നിന്നും രക്ഷപ്പെട്ടോടുന്ന ഒരമ്മയെയും രണ്ടുമക്കളെയും കണ്ടപ്പോൾ.
അയാളുടെ മദ്യപാനം സാഹിക്കവയ്യാതെയാണ് ആ അമ്മ രണ്ടുകുട്ടികളെയും കൊണ്ട് ഭർത്താവിന്റെ വീട് വിട്ടത്. ദിവസക്കൂലിക്ക് ജോലിചെയ്ത് അവരെ പഠിപ്പിച്ചു.മകൾക്ക് ജോലികിട്ടി കല്യാണം കഴിപ്പിച്ചു. മകൻ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കുന്നു. ഇന്നൊരു ബന്ധുവിന്റെ കല്യാണത്തിന് ഇവരെല്ലാരും ഒരുമിച്ച് എത്തേണ്ടി വന്നു. അപ്പോഴും ലഹരിയിലുള്ള അച്ഛൻ ആർക്കോ മകളെ പരിചയപ്പെടുത്തുന്നു..ഇതെന്റെ മകൾ..
അയാളിൽ നിന്ന് രക്ഷപ്പെട്ട ആ അമ്മയും മക്കളും വേറൊരു വഴിയിലൂടെ പോകുന്നു.

ഹൃദയം നുറുങ്ങുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാക്കാൻ പറ്റൂ. ഞങ്ങൾ അമ്മയും മക്കളും ഇങ്ങനെ ഒരുപാട് ഊടുവഴികൾ താണ്ടിയിട്ടുണ്ട്.

ഞങ്ങൾ മക്കളെല്ലാം അകലത്തിലായി, അമ്മയുടെ വഴിയിൽ ഇതുവരെയും പൂക്കളൊന്നും വിരിഞ്ഞില്ല. ആത്മഹത്യയുടെ വക്കിൽ നിന്നും എല്ലായ്പ്പോഴും അമ്മയെ തിരിച്ചുനടത്തുന്നത് ഏതു ശക്തിയാണെന്നു എനിക്കറിയില്ല.

അച്ഛനെക്കുറിച്ചെഴുതുന്ന പെണ്മക്കളുടെ സ്നേഹക്കുറിമാനങ്ങൾ ഞാൻ വായിക്കാറില്ല.അസൂയകൊണ്ടാണുകേട്ടോ...അടുത്ത ജന്മത്തിലെങ്കിലും അങ്ങനെയൊരു സ്നേഹം......
അങ്ങനൊന്നുണ്ടാകുമോ ആവോ!..

Saturday, 1 December 2018

അതിഥിയെക്കാത്ത് -കവിത

ജീവൻറെ അവസാനത്തെപിടച്ചിൽ
തൊണ്ടയിൽ കുരുങ്ങിയ
അമർത്തിയൊരു നിലവി ളി.

അങ്ങനെയായിരിക്കുമോ
മരണമെത്തുന്നത്
പതിഞ്ഞ കാലടികളുമായി
അതിശീഘ്രമവൻ
ജീവനുമായി കടന്നുകളയുമോ

കനത്തകാലടിയൊച്ചകളിൽ
പ്രകമ്പനം കൊണ്ട്
കേൾക്കാത്ത ശബ്ദവീചീകളിൽ
ഉൻമത്താനായാണോ
അവൻറെ എഴുന്നള്ളത്ത്

രാഗങ്ങൾ തുന്നിച്ചേർത്തൊരു
നിലാവസ്ത്രമാണോ
അവൻ ധരിച്ചിട്ടുണ്ടാവുക

ഇളംകാറ്റിൽ പറന്നുപൊങ്ങുന്ന
അവൻറെ അംഗവസ്ത്രങ്ങളിൽ
നക്ഷത്രപൂക്കൾ
പുഞ്ചിരി പൊഴിക്കുമോ

പ്രിയപ്പെട്ടവരിൽ നിന്നു
തട്ടിയെടുത്ത ജീവൻറെ
തേങ്ങിക്കരച്ചിലുകളാണോ
ചീവീടുകൾ
പാടിത്തീർക്കുന്നത്!

കാത്തിരിക്കാനും
കരുതിയിരിക്കാനും
ആരുമില്ലാത്തവരിലേക്ക്
നിൻറെ വഴികൾ
എത്താത്തതെന്താണ്!

ദിവാസ്വപ്നങ്ങളിലലിഞ്ഞ്

ആൽച്ചുവട്ടിലെ ചാരുബെഞ്ചിൽ സായന്തനസൂര്യൻറെ തളർന്ന കിരണങ്ങളുടെ തലോടലേറ്റ് എല്ലാം മറന്ന് കുറേനേരമിരുന്നു. കാറ്റിൽ പറന്നുവീഴുന്ന ഇളം മഞ്ഞയിലകൾ ഭൂതകാലത്തിൻറെ വാതിൽപ്പടിയിൽ വെറുതെ താളമിട്ടു. ഇന്ന് , ഈ നിമിഷങ്ങളിൽ ഞാൻ തിരിഞ്ഞുനോക്കില്ല. എൻറേതുമാത്രമായ ഈ സായംസന്ധ്യ, സൂര്യാസ്തമയത്തിൻറ അവസാനനിമിഷങ്ങളിൽ  പുനർവിചിന്തനങ്ങളിലേക്കുള്ള മടക്കങ്ങളല്ല വേണ്ടത്. ജീവിക്കാനുള്ള വളരെക്കുറച്ചു സമയം, ഒന്നിനെക്കുറിച്ചുമോർക്കാതെ, കടിഞ്ഞാണിട്ട ചിന്തകൾ വിശ്രമിക്കട്ടെ. മൈതാനത്ത് കുട്ടികളുടെ കലപിലകൾ. സന്തോഷം മാത്രമുള്ള അനർഘനേരങ്ങൾ. ജീവിതദർശനങ്ങളുടെ ചവിട്ടുപടികൾ. ബഹുദൂരം നടന്നുവെങ്കിലും ഇവിടെത്തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഇനി തിരഞ്ഞെടുക്കേണ്ടത് ഇറക്കത്തിലേക്കുള്ള പടികളാണ്. കുന്നിൻചരിവിലൂടെ തെന്നിത്തെറിച്ച് പോകാൻ വയ്യ. പടികൾ തന്നെ വേണം. വളരെ കൂറച്ച് സമയമേ ബാക്കിയുള്ളൂ. ഓരോ പടിയും സൂക്ഷിച്ചിറങ്ങണം. ഇനിയുള്ള കാൽവെപ്പുകളെങ്കിലും തെറ്റിപ്പോകരുത്.  തനിച്ചാകുമോ എന്നോർത്ത് തിരിഞ്ഞുനോക്കുകയുമരുത്. നിഴലു പോലും പിൻതുടരുന്നുണ്ടാവില്ല. മഴയിൽ നനഞ്ഞ്,  വെയിലിലുണങ്ങി, കാറ്റിൽ പറന്നങ്ങനെ.....

യാത്രകൾ നൽകുന്നത്

വല്ലാതെ ഒറ്റപ്പെടുമ്പോൾ തലച്ചോറിൽ തേരട്ടകൾ ഇഴയുന്നതുപോലെ അസ്വസ്ഥയാകുമ്പോൾ, ശ്വസിക്കാൻ പോലും പറ്റാതെ ശ്വാസം മുട്ടുമ്പോൾ, ഡിപ്രെഷന്റെ കാണാക്കയത്തിൽ മുങ്ങിപൊങ്ങുമ്പോൾ, ജീവിതം വല്ലാതെ മടുത്തു പോകുമ്പോൾ, മദ്യത്തിലോ മയക്കുമരുന്നിലോ ആത്മഹത്യയിലോ അഭയം തേടണമെന്നു തോന്നുമ്പോൾ ഒറ്റയ്‌ക്കൊരു യാത്ര പോകണം.
തിരിച്ചെത്തുമ്പോഴേക്കും തിരയൊഴിഞ്ഞ കടലുപോലെ മനസ്സും ശരീരവും ശാന്തമാകും.

അന്നുതന്നെ തിരിച്ചെത്താവുന്നിടത്തെ പോകാവൂ. ആരുടേയും ചോദ്യത്തിനും ഉത്തരത്തിനും കാക്കണ്ട. രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുക, ബസിൽ തന്നെ പോകണം. കുറച്ചുദൂരമുള്ള യാത്രയാണെങ്കിൽ ഒരു മണിക്കൂറെങ്കിലും വായും പൊളിച്ച് ഉറങ്ങാൻ പറ്റണം. ജീവവായു കണ്ണിലും മൂക്കിലും വായിലും കയറിയിറങ്ങണം. എന്നാലേ ശരിക്കുള്ള എഫ്ഫക്റ്റ് ഉണ്ടാകൂ😀. കണ്ണുതുറന്നു കാഴ്ചകൾ കാണണം. കഷ്ടപ്പെടുന്ന ജീവിതങ്ങൾ കാണണം, കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ പിച്ചതെണ്ടുന്നവരെ കാണണം, രാവിലെയും വൈകിട്ടും സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും ഓടിപ്പാഞ്ഞു പോകുന്നവരെ കാണണം, വൈകുന്നേരം വരെ ട്രാഫിക്കിൽ നിന്ന് വെയിലുകൊള്ളുന്ന പൊലീസുകാരെ കാണണം, വെയിലിലും വിയർത്തൊലിച്ചു അന്നത്തിന് വക തേടുന്ന തെരുവ് കച്ചവടക്കാരെ കാണണം. എന്നാലേ നമ്മളെത്ര സുഖിച്ചാണ് ജീവിക്കുന്നതെന്നു മനസ്സിലാകൂ. പറ്റുമെങ്കിൽ ആ ദിവസം ഭക്ഷണം ഒഴിവാക്കുകയുമാവാം.

ഇടക്ക് വല്ലപ്പോഴും ഇങ്ങനെയൊരു ഒളിച്ചോട്ടം നടത്താറുള്ള എന്റെ കഥ തന്നെയാണ് പറഞ്ഞത്.
രാവിലെതന്നെ അത്യാവശ്യ ഫോൺ വിളികളൊക്കെ തീർക്കണം, പിന്നെയൊരു പോക്കാണ്. ആരോടും സത്യം പറയരുത്, എങ്ങോട്ടാണ് പോകുന്നതെന്ന്.
എന്തൊക്കെ പുരോഗമനങ്ങൾ പറഞ്ഞാലും ഇപ്പോഴും സ്ത്രീകൾക്ക് ഒറ്റക്ക് പോയി വരാനുള്ള ഫൈനൽ ഡെസ്റ്റിനേഷൻ ആരാധനാലയങ്ങൾ മാത്രമാണ്. അവിടെയാകുമ്പോൾ എത്ര നേരം ഇരുന്നാലും ആരും ഒന്നും ചോദിക്കില്ല, ധൈര്യത്തോടെ പോയി വരാം, അല്ലെങ്കിൽ ഷോപ്പിംഗ് മാളുകൾ,പക്ഷെ പണം വേണം.

അങ്ങനെ ഞാനിന്ന് പുറപ്പെട്ടുപോയി. മധൂർ അമ്പലമായിരുന്നു ലക്‌ഷ്യം. കാസറഗോഡിനടുത്താണെന്നറിയാം. കൃത്യമായി അറിയില്ലാരുന്നു. ചോയ്ച്ചു ചോയ്ച്ചങ്ങനെ പോയി.

 അങ്ങോട്ടുമിങ്ങോട്ടും കൂടി അഞ്ചുമണിക്കൂർ ബസ് യാത്ര. ഒരുമണിക്കൂർ അമ്പലപരിസരത്തും. ആകെ ആറുമണിക്കൂർ. അമ്പലം പൊളിച്ചുപണിയുകയാണ്. അതുകൊണ്ട് ഉള്ളിൽ അധികസമയം ചിലവഴിച്ചില്ല.
അമ്പലനടയിലുള്ള പുഴയിൽ കുത്തിമറിയുന്ന കുറെ കുട്ടികൾ. ഒരുകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന അമ്മയോട് കാര്യം തിരക്കി, "എന്താ സ്കൂളില്ലാത്തത്?". "ഒരു മാഷ് മരിച്ചുപോയി".
ഒരു നിമിഷം മൗനം വന്നുമൂടി, മരിച്ചുപോയ അധ്യാപകൻ, വീണുകിട്ടിയ അവധിയിൽ സന്തോഷിക്കുന്ന കുട്ടികൾ, അവരെ കണ്ട് സന്തോഷിക്കുന്ന ഞാൻ! സന്തോഷവും ദു:ഖവും ഒരു പുസ്തകത്താളിലെ രണ്ടുപുറങ്ങൾ, ഒരു ചെറിയ കാറ്റുമതി താളൊന്നു മറിക്കാൻ.

വവ്വാലുകളുറങ്ങുന്ന ആൽമരവും നാഗമരവും, അതിനുമുകളിൽ പുഞ്ചിരിതൂകുന്ന മദ്ധ്യാഹ്നസൂര്യനും വെൺപ്രഭചിന്നുന്ന ആകാശവും കുട്ടികളുടെ സല്ലാപങ്ങളും. എല്ലാം മറന്ന് കുറച്ചു സമയം. പിന്നെ മെല്ലെ അമ്പലത്തിനു പുറത്തുകൂടി നടന്നു. ഛിൽ ഛിൽ ചിലച്ചുകൊണ്ട് രണ്ടു മൂന്നു അണ്ണാറക്കണ്ണന്മാർ തലങ്ങും വിലങ്ങും ഓടുന്നു. തെക്കുഭാഗത്തൂടെ പുറത്തു ഇടവഴിയിലേക്കൊരു കമാനം. അതിനപ്പുറം ഒരു ഇടവഴിയും ചെറിയ വയലും. വയൽക്കരയിൽ കുറച്ചു നേരമിരുന്നു. നമ്മളെ മനസ്സിലാക്കുന്ന ആരോടെങ്കിലും അൽപം സംസാരിച്ചാലോ എന്നുതോന്നി. ഫോൺ ചെയ്തു. പക്ഷെ എടുത്തില്ല. എല്ലാവരും തിരക്കിലാണല്ലോ എന്ന് സമാധാനിച്ചു.

ആ നല്ല നിമിഷങ്ങൾക്ക് ആരോടെന്നില്ലാതെ നന്ദി പറഞ്ഞു ബസ് കയറി. വീണ്ടുമൊരു ഒളിച്ചോട്ടസമയം വരെ മനസ്സൊന്നു പിടി തന്നാൽ മതിയായിരുന്നു.

രജനി