ആകാശത്തിലേക്ക്
കൺമിഴിക്കുന്ന
ചെമ്പകപ്പൂക്കൾക്ക്
സന്ധ്യയുടെ ചുവപ്പും
സ്വപ്നങ്ങളുടെ
മഞ്ഞയുമാണ് നിറം.
തനിച്ചുറങ്ങുന്ന
നക്ഷത്രങ്ങൾക്ക്
നറും പകലിലൊരു
കുറിമാനമെഴുതി
രാത്രിയിലേക്ക്
മിഴികൾനീട്ടി
മറുകുറിക്കായി
കാത്തിരിപ്പ്.
ഉറക്കംതൂങ്ങുന്ന
തൊട്ടാവാടിയിൽ
മഞ്ഞുതുള്ളിയുടെ
തണുത്ത ചുംബനം.
മിഴിപൂട്ടിയ
ചെമ്പരത്തിപ്പൂവിന്
ഇരുട്ടിൻറെയൊരു
കുഞ്ഞുപുതപ്പ്.
രാത്രിമുല്ലകൾ
വെളുക്കെച്ചിരിച്ചപ്പോൾ
അമ്പിളിയിത്തിരി
പാൽനിലാവൊഴുക്കി.
പ്രണയം പറയാൻ വന്ന
കാറ്റൊന്ന്
ചുറ്റിച്ചുറഞ്ഞ്
പടിഞ്ഞാട്ടു പോയി.
ഒരു ചെമ്പിൽ
സ്വർണ്ണമുരുക്കിയെടുത്ത്
കിഴക്കൂന്നൊരുത്തൻ
പുറപ്പെട്ടെന്ന്
കാക്കപ്പെണ്ണ്
മൊഴിഞ്ഞപ്പോൾ
ഒരു രാത്രി മുഴുക്കെ
ഉറങ്ങാതിരുന്നവൾ
എൻറെയും നിൻറെയും
വേലിക്കലെ ചെമ്പകം
വീണ്ടും വീണ്ടും
വെറുതേ
ചിരിച്ചുകൊണ്ടിരുന്നു.
രജനി വെള്ളോറ
No comments:
Post a Comment