ആർത്തലച്ചുവന്ന സങ്കടത്തിര
തൊണ്ടയിലമർന്ന് കല്ലിച്ചുപോയ്
നെഞ്ചിലുയർന്ന തേങ്ങലിൽ
ഉടലാകെ ഉൾച്ചൂടിലുലഞ്ഞ്
കണ്ണുകൾ പുകഞ്ഞ്
ചുണ്ടുകൾ വിറച്ചൊരു
ചിരിയുതിർത്ത്
നിൽക്കണം.
ആരോടും പറയാനാകാതെ
ഒരായിരം സൂചികൾ
കുത്തിതറക്കുന്ന വേദന
കടിച്ചമർത്തി
കണ്ണീരിനിടയിലൂടെ
പുഞ്ചിരിച്ച്
ആൾക്കൂട്ടത്തിനിടയിലൂടെ
ഏറെ തനിച്ചായി
മുമ്പിലെ വിശാലമായ
പാതയിലൂടെ ലക്ഷ്യമില്ലാതെ
ആഞ്ഞുനടന്ന്
നീ തനിച്ചാണെന്ന്
മനസ്സിനോട് വീണ്ടും
പറഞ്ഞ്.
കരിയിലമൂടിയ വഴികളിൽ
നിലാവ് നിഴൽച്ചിത്രങ്ങൾ
വരച്ചതും ഇരുൾ വന്നത്
മായ്ച്ചതും
നിശ മങ്ങി സൂര്യനൊരു
തിരി തെളിയിച്ചുവെങ്കിലും
കൊട്ടിയടച്ച മനസ്സിൻറെ
വാതായനങ്ങൾ
ഒരിക്കലും തുറക്ക വയ്യാതെ.
കാലം കാറ്റിലുണക്കും
മുറിവുകൾ, എങ്കിലും
രക്തം കിനിയുമതിങ്കൽ
നിന്നേറെക്കാലം
നിൻറെ ശരികൾ
നിൻറേതുമാത്രമായിരുന്നെന്ന്
ഏറെക്കാലമതോർമ്മിപ്പിക്കും
അപ്പോഴും നീ പുഞ്ചിരിക്കണം
കണ്ണീർ ഹൃദയത്തിൽ മാത്രം
തൂകി നിറയ്ക്കണം.
രജനി വെള്ളോറ
No comments:
Post a Comment