മരണപത്രങ്ങളെഴുതി
ഒപ്പിട്ടിട്ടുണ്ട്
കണ്ണും കരളും വൃക്കയും
ദാനം ചെയ്യണം.
അമ്മയുടെ
കടുകുപാത്രത്തിലും
അച്ഛൻറെ
ഗുളികപാത്രത്തിലും
നിറയെ സ്നേഹം
അടച്ചുവച്ചിട്ടുണ്ട്
വളരെക്കുറച്ചായിട്ടെടുക്കണം
ഒരു ജീവിതകാലം
മുഴുക്കെ
വേണ്ടതല്ലേ.
അനിയനും അനിയത്തിക്കും
പുസ്തകത്താളിനിടയിൽ
ഓരോ മയിൽപ്പീലി
വച്ചിട്ടുണ്ട്
വെളിച്ചം കാണിക്കരുത്
പെറ്റുപെരുകും,
ഒരു മയിൽപ്പീലിത്തോട്ടം
നിങ്ങൾക്ക് സ്വന്തമാകും,
ഏട്ടൻറെ സ്നേഹം പോലെ.
ഇടവഴിയിലിനി
കാത്തുനിൽക്കണ്ടെന്ന്
ആരെങ്കിലും
അവളോടു പറയണം
എനിക്കുതന്ന
പുഞ്ചിരികൾ
ഞാൻ കൂടെക്കൂട്ടിയെന്നും.
ആടുന്ന കട്ടിളക്കാലുകളും
ചോരുന്ന ഓലപ്പുരയും
ആരെങ്കിലും മാറ്റിപ്പണിയും
കാരണം
രകതസാക്ഷിയാവാമെന്ന്
കരാറുറപ്പിച്ചിട്ടുണ്ട്,
ദാനം ചോദിക്കുന്നവന്
ജീവൻ നൽകുന്നതല്ലേ
ഭാരതപൈതൃകം!
No comments:
Post a Comment