Friday, 24 January 2020

കഥ - പ്രയാണം



പ്രയാണം
**********

അവസാനത്തെ ട്രെയിനും സ്റേറഷൻ വിട്ടുപോയപ്പോൾ അരുണിമ സിമന്റ് ബെഞ്ചിൽ തനിച്ചായി. 

തെളിഞ്ഞുകത്തുന്ന ട്യൂബ് ലൈറ്റിനു ചുറ്റും പ്രാണികൾ നിറഞ്ഞിരിക്കുന്നു. മഴപെയ്തു തോർന്ന ഉടനെ ആയതുകൊണ്ടായിരിക്കും...

തനിച്ചിവിടെ ഇരിക്കുന്നതുകണ്ടാൽ സ്റ്റേഷൻ അധികൃതർ ആരെങ്കിലും വരും.
ഇന്നത്തെ ലാസ്റ്റ് ട്രെയിനും പോയല്ലോ.
മെല്ലെ സീറ്റിൽ നിന്നെണീറ്റ് അവൾ പുറത്തേക്ക് നടന്നു..

സ്റ്റാൻഡിൽ ഓട്ടോ ഒന്നുമില്ല.
നിരത്തുവക്കിലെ മരത്തിന്റെ ഇരുണ്ട നിഴൽ കൂടുതൽ ഇരുണ്ടുവരുന്നു.
വീണ്ടും മഴയുടെ തുടക്കം.
ഒരു ഓട്ടോ വരുന്നത് കണ്ട് കൈനീട്ടി.
സംശയത്തോടെ നോക്കിക്കൊണ്ട് ഡ്രൈവർ വണ്ടി നിർത്തി.

ഏറ്റവും സമ്പന്നൻമാർ മാത്രം താമസിക്കുന്ന റിസോർട്ടിന്റെ പേര് പറഞ്ഞപ്പോൾ ഡ്രൈവറുടെ മുഖം തെളിഞ്ഞു.
റിസോർട്ടിൻ്റെ വാതിൽക്കൽ എത്താൻ പതിനഞ്ച് മിനിറ്റെടുത്തു.
പറഞ്ഞിട്ടുപോയത് കൊണ്ട് വാച്ച്മാൻ കാത്തുനിന്നിരുന്നു...

സമയം രാത്രി പതിനൊന്നരയായി.

ഗ്രാമത്തിന്റെ ഒരരികിൽ വിശാലമായ പറമ്പിൽ അനേകം കൊച്ചുവീടുകൾ ആയാണ് റിസോർട് രൂപകല്പനചെയ്തിരിക്കുന്നത്.
സമ്പന്നരുടെ ഇടം.
നീന്തൽക്കുളം, ഡാൻസ്ബാർ, മാജിക് കോർണർ, ഗെയിം സെൻറർ, മിനി തിയേറ്റർ, ഇതിനെല്ലാം പുറമേ തൊട്ടടുത്ത മലയിലേക്കുള്ള ട്രക്കിങ്ങ്, മരംകയറാനുള്ള സൗകര്യം, പുഴക്കുമുകളിലെ റോപ്പ് വേ, ആയുർവേദിക് റിസോർട് അങ്ങനെ നിരവധി സൗകര്യങ്ങൾ.
ഈ റിസോർട് വന്നതോടുകൂടി ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറി.

അല്പം മുൻപ് മനുവിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഓർത്തുകൊണ്ട് അവൾ  അകത്തുകയറി,
കിടക്കയിലേക്ക് വീണു. 

തന്റെ ജീവിതത്തിലെ അഞ്ചാമത്തെ ആളും പാടിയിറങ്ങിക്കഴിഞ്ഞു.
ഒരു ദീർഘനിശ്വാസം നെഞ്ചിൽ കനം തൂങ്ങി.

'സങ്കടം?'

തന്നോടുതന്നെയായിരുന്നു ചോദ്യം!
'കുറച്ച്' എന്നുത്തരം.

അതിനുമുന്നേ നാലുപേർ പോയപ്പോഴും ഇങ്ങനൊക്കെ ആയിരുന്നു.

പുതിയൊരാളിലേക്ക് എത്തുംവരെ കുറച്ചു സങ്കടം.
ഒറ്റപ്പെട്ടു ജീവിക്കാൻ വയ്യ.
ആരുടേയും ഈഗോയും അഹങ്കാരവും സമ്മതിച്ചു കൊടുക്കാനും വയ്യ.

എനിക്കെന്റെ വഴി, നിനക്ക് നിന്റെ വഴി  എന്ന് വേർപിരിയുന്നിടത്ത് എല്ലാം അവസാനിക്കുന്നു.

വീട്ടുകാരും നാട്ടുകാരും വല്ലാതെ കുറ്റപ്പെടുത്തുന്നു.
ഞാൻ ജോലി ചെയ്യുന്നു,
ജീവിക്കുന്നു .എനിക്ക് അഡ്ജസ്റ്റ് ചെയ്യാനാവാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുന്നു.
അങ്ങോട്ടുമിങ്ങോട്ടും ഒരു രൂപയുടെ കണക്കു പോലും ബാക്കിവെക്കാതെ സെറ്റിൽ ചെയ്തുകൊണ്ട്...

"ഒരു കുടുംബം കുട്ടികൾ ഇതൊക്കെ വേണ്ടേ മോളേ" അച്ഛൻ്റെ ഫോട്ടോയിലും എന്റെ മുഖത്തും മാറിമാറി നോക്കി അമ്മ കരഞ്ഞു.
"അമ്മ കരയണ്ട,
ഇതാണെൻ്റെ ജീവിതം, ഇതിങ്ങനെ തീരും..അമ്മയുടെ ആഗ്രഹത്തിന് ജീവിക്കണമെന്നുണ്ട്, പക്ഷെ എൻറെ മനസ്സാക്ഷിയെ വഞ്ചിച്ച് ഞാനെങ്ങനെ?.."

ഏട്ടത്തിയമ്മ മുഖം വെട്ടിച്ച് കടന്നുപോയി.

"അമ്മേ ഞാൻ പോകുന്നു..
എട്ടന്റെയും കുട്ടികളുടെയും കൂടെ അമ്മ സുഖമായി കഴിയണം..ഇങ്ങനെ ഒരു മകൾ ഉണ്ടായിട്ടേ ഇല്ല. ദേശാന്തരങ്ങൾ അലഞ്ഞുതീർത്ത അച്ഛന്റെ  ചോരയല്ലേ എന്റേതും.."
പറഞ്ഞു കഴിയുന്നതിനുമുന്നേ പടിയിറങ്ങി.

നാളെ രാവിലെ ഇവിടം വിടണം..വീണ്ടും ജോലിയിലേക്ക്..ഒരു മാസം കഴിഞ്ഞ് ലീവ് എടുക്കണം..
എട്ടോളം വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ടൂർ പാക്കേജിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്ത മാസം ആദ്യത്തെ ആഴ്ചയിൽ പുറപ്പെടും.

അതിനുമുമ്പേ ഡൽഹിയിൽ ഒന്ന് പോകണം. അച്ഛന്റെ രണ്ടാമത്തെ ഭാര്യയും മകനും അവിടെയാണ്.
അനിയന് എന്നെ വലിയ ഇഷ്ടമാണ്. ഒന്ന് കാണണം.

ഇളയമ്മയുടെ ജിലേബിക്ക് നല്ല സ്വാദാണ്. ഏതുദിവസം എത്തും എന്ന് പറഞ്ഞാൽ മതി ഉണ്ടാക്കി വെക്കും. പഞ്ചാബിന്റെ തനത് രുചിയിൽ!

ഒരിക്കലും സ്വാർത്ഥയാകണം എന്ന് തോന്നിയിട്ടില്ല.
ബന്ധങ്ങളിൽ ചുറ്റിച്ചുറഞ്ഞു കിടക്കാനും ഇഷ്ടമല്ല...

ബാവുൽ ഗാനങ്ങളും സൂഫിസംഗീതവും ഹിന്ദുസ്ഥാനി ഗസലുകളും ഇടമുറിയാതെ പെയ്യുന്ന ഗ്രാമങ്ങളിൽ അലഞ്ഞുതിരിയണം..

രാജസ്ഥാൻ മരുഭൂമിയിൽ നിലാവും നക്ഷത്രങ്ങളും കിന്നരിക്കുന്ന ആകാശത്തിലേക്ക് കണ്ണും നട്ട്, രാത്രിപെയ്യുന്ന മണലാരണ്യത്തിൽ മലർന്നുകിടക്കണം.
മരുപ്പച്ചകൾ തേടി ഒട്ടകപ്പുറത്ത് മണൽക്കാടുകൾ താണ്ടണം.
വീട്ടിലേക്കുള്ള വഴി ഇനി ഒരിക്കലും ഓർക്കരുത്.

റെയിൻവേസ്റ്റേഷനിൽ നിന്നപ്പോൾ മനുവിനോട് ചോദിച്ചു:

"ഇനി നീ എങ്ങോട്ടാണ്"
"സെൻറ് പീറ്റേഴ്സ്ബർഗ്, എൻറെ സ്വപ്നഭൂമിയിലേക്ക്!"
അവൻ പുഞ്ചിരിച്ചു.

"മനസ്സിലായി, അവിടെ അവളുണ്ടാകും അല്ലേ?
വെൽറ്റ..... ആ ഓപ്പറ നർത്തകി?"

"ചിലപ്പോൾ! ഞാൻ വിളിച്ചില്ല, വിളിക്കണം, പറ്റിയാൽ കാണണം. എന്നെങ്കിലും തിരിച്ചുവരുമെന്ന് ഞാനവളോടു പറഞ്ഞിരുന്നു".

വേർപിരിയലിനോട് മനു പൊരുത്തപ്പെട്ടുവെന്നും രാവിലെ ബഹളമുണ്ടാക്കിയ ആളല്ല മുമ്പിലുള്ളതെന്നും അരുണിമക്ക് ബോധ്യപ്പെട്ടു.

ദൂരെനിന്നും ട്രെയിൻ വരുന്നതുകണ്ടപ്പോൾ മനു അവളുടെ കൈകൾ തൻറെ കൈകളിൽ കൂട്ടിപ്പിടിച്ചു.

"ഗുഡ്ബൈ അണിമ, ടേക്ക് കെയർ, ഓൾ ദി ബെസ്റ്റ് ഫോർ യുവർ ഫ്യൂച്ചർ ലൈഫ്!"

കഴിവതും മനോഹരമായിത്തന്നെ അരുണിമ പുഞ്ചിരിച്ചു.
ഒരു സൗഹൃദാലിംഗനത്തിന് കൈനീട്ടിയപ്പോഴേക്കും ട്രെയിനെത്തി. അവളുടെ കൈകൾ വിട്ട് മനു ധൃതിപ്പെട്ട് വണ്ടിയിൽക്കയറി. കൈകൾ വീശി യാത്രപറഞ്ഞു.

കൺമുന്നിൽ തെളിഞ്ഞ മനുവിൻറെ അവസാനയാത്രപറയൽ വീണ്ടും വീണ്ടും വെറുതെയോർത്ത് പുലർവെട്ടം വരെ അവൾ ഉറങ്ങിയേ ഇല്ല.

"അണിമ, ഹറി അപ്, ലെറ്റ്സ് ഗോ" മനു അവളെ കുലുക്കി വിളിച്ചു.
വാതിലിൽ ഉച്ചത്തിലുള്ള മുട്ട് കേട്ടപ്പോഴാണ് സ്പ്നമാണെന്നറിഞ്ഞത്.
പാതികിടക്കയിലേക്ക് നീട്ടിയ കൈകളിൽ തലയിണ തടഞ്ഞു.

"മാഡം ഏഴുമണിക്ക് ചെക് ഔട്ട് പറഞ്ഞിരുന്നു" റൂംബോയ് പുറത്തുനിന്നു പറഞ്ഞു.
"യെസ് കമിങ്"
ധൃതിയിൽ പറഞ്ഞ് ബാത്റൂമിലേക്ക് നടന്നു.

ചെക് ഔട്ട് ചെയ്ത്, ടാക്സിയിൽ എയർപോർട്ടിലേക്ക്.
ഹൈദരാബാദിൻ്റെ മനംമയക്കുന്ന വശ്യതയിലേക്ക് മുഖംപൂഴ്ത്താൻ അരുണിമ വല്ലാതെ ധൃതിപ്പെട്ടു.
**********************

നാട്ടിൽ അമ്മ, കണ്ണടച്ച് കാവിലെ ഭഗവതിയുടെ മുന്നിൽ നിന്നു.
"എൻ്റെ കുഞ്ഞ്".
===================
രജനി വെള്ളോറ

No comments:

Post a Comment