Wednesday, 15 January 2020

കഥ - ജാനറ്റിന്റെ ഡിസംബർ



ജാനറ്റിന്റെ ഡിസംബർ

ഡിസംബറിന്റെ തണുത്ത സന്ധ്യയിലേക്കിറങ്ങിയപ്പോൾ മനസ്സൊന്നു ശാന്തമായി. ചുട്ടുപഴുത്ത കനലിന് മുകളിലേക്ക് വെള്ളമൊഴിച്ചപോലെ, ഒരു ദീര്ഘനിശ്വാസമുതിർത്തു.ഭാരമേറിയ ബാക്പാക്ക് ഒന്നൂടെ വലിച്ചു ശരിയാക്കി ജാനറ്റ് കാലുകൾ നീട്ടിവച്ചു നടന്നു.

വീടുകളിൽ കണ്മിഴിച്ച ക്രിസ്മസ് നക്ഷത്രങ്ങൾ അവളെ നോക്കി കണ്ണിറുക്കി.

കുറച്ചുദൂരത്തെവിടെയോ നിന്നും  കരോൾ സംഘത്തിന്റെ പാട്ടും ബാൻഡും.

ആരോ പറഞ്ഞിട്ടുണ്ട് വീടിനെക്കുറിച്ച്, പുറത്തിറങ്ങിയാൽ തിരിച്ചുകയാറാൻ തോന്നാത്ത ഇടമാണെന്ന്. എല്ലാവർക്കും അങ്ങനെയല്ലാതാനും . വീട്ടിലൊന്നെത്തികിട്ടാൻ കാത്തുനിൽക്കുന്ന പലരെയും ഹോസ്ററൽ ജീവിതത്തിൽ കണ്ടിട്ടുണ്ട്. പക്ഷ തനിക്ക് തിരിച്ചു പോകാൻ ഇഷ്ട്ടമില്ലാത്ത ഇടമാണ് വീട്.

ഇന്ന് അച്ഛന്റെയും മമ്മയുടെയും ഇരുപത്തഞ്ചാം വിവാഹവാർഷികമാണ്.

ഇതുപോലൊരു ക്രിസ്മസ് ദിവസമാണ് അവർ ഒന്നായത്.

അന്നൊരുമിച്ചു കണ്ട നക്ഷത്രവിളക്കുകൾ എത്ര വേഗമാണ് അവരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയത്!

എനിക്ക് ഓർമ്മവച്ചപ്പോഴേ അവർ തമ്മിൽ പ്രശ്നമായിരുന്നു.

ബോർഡിങ് സ്കൂളിന്റെ നരച്ച ചുമരുകളെ പോലും സ്നേഹിക്കാവുന്നത്രയും ലോലമായ മനസ്സുമായി ആരെയെങ്കിലും ഞാൻ സ്നേഹിക്കട്ടെ എന്ന് ചോദിച്ചുകൊണ്ട് എത്രപേരുടെ പിറകേ നടന്നു!

എവിടെനിന്നും അത് മാത്രം തിരിച്ചുകിട്ടിയില്ല 'സ്നേഹം'..

ഇരുപത്തിനാലു വയസ്സിലെത്തി നിൽക്കുമ്പോൾ മനസ്സിലെ സ്നേഹം മുഴുവനും വറ്റിപ്പോയതായി തോന്നുന്നു.

രണ്ടുപേരുടെയും വഴക്കുകൾക്കിടയിൽ മൗനം കൊണ്ടൊരു കൂടുണ്ടാക്കി ജീവിക്കാൻ പഠിച്ചുകഴിഞ്ഞു.

ഏറ്റവും വിലയില്ലാത്ത വാക്ക് സ്നേഹം ആണെന്ന് തിരിച്ചറിഞ്ഞു.

സമൂഹത്തിന്റെ മുന്നിൽ കെട്ടിപ്പിടിച്ചു ചിരിച്ചു നില്കുന്ന മാതാപിതാക്കളോട് സഹതപിക്കാനും പഠിച്ചു.

ഇരുട്ടിനെ വകഞ്ഞുമാറ്റി വന്ന  പ്രകാശത്തിനുപിന്നിൽ ബസ് മുരൾച്ചയോടെ നിന്നു. കയറി സൈഡ് സീറ്റിൽ ഇരുന്നു. വായിച്ച പുസ്തകങ്ങളിലോ കാണുന്ന കാഴ്ചകളിലോ ഉടക്കിനിൽക്കാതെ മനസ്സ് കടിഞ്ഞാൺ ദൂരെ കളഞ്ഞ് വെറുതെ കുതിക്കുന്നു.

ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ ഒന്ന് പോകണം. ദൂരെനിന്നും ഒന്ന് കാണണം.

കുറെ കുട്ടികളുടെ സ്വപ്നങ്ങളുടെ ശവക്കല്ലറ. കുഞ്ഞുസ്വപ്നങ്ങൾ തലതല്ലി മരിച്ച വലിയ മതിൽക്കെട്ട്‌. സ്വാതന്ത്ര്യത്തിന്റെ കാറ്റിൽ പറന്നുനടക്കുന്നവർ ഇതൊന്നും അറിയുന്നില്ല., തല്ലിക്കൊഴിക്കപ്പെട്ട എത്ര മാമ്പൂക്കളാണ് അതിനുള്ളിൽ നിന്നും മനസ്സ് മരിച്ച് പുറത്തുവരുന്നത്!

തെരുവിലെ കുഞ്ഞുങ്ങളുടെ അടുത്തെത്തണമെന്ന് അവിടെനിന്നാണ് തീരുമാനിച്ചത്. പലപ്പോഴും ആഴ്ചാവസാനങ്ങൾ തെരുവിൽ അലഞ്ഞുതീർത്തു. കളഞ്ഞുപോയ ആ സാധനം 'സ്‌നേഹം ' അവിടെ നിന്നും കണ്ടെത്തി. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കുഞ്ഞുങ്ങൾ അച്ഛനമ്മമാരോട് ചേർന്നുനിന്ന് സന്തോഷത്തോടെ  കെട്ടിപ്പിടിച്ച് മടിയിൽ കിടന്ന് കീറിപൊളിഞ്ഞ ടാർപോളിൻ ഷീറ്റിനു താഴെ ഒരുമിച്ച് നക്ഷത്രങ്ങളെ കാണുന്നു.

ഇത്രയും മനോഹരമായ കാഴ്ച എവിടെയും അതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു.

അവിടെ എന്നെ ആവശ്യമുണ്ടെന്ന് വെറുതെ തോന്നി. അവർക്കൊരു തൊഴിൽ പഠിപ്പിച്ചുകൊടുക്കാൻ, അവരെ അക്ഷരങ്ങൾ പഠിപ്പിക്കാൻ, ഒരു നേരത്തെ ആഹാരമെങ്കിലും വയറുനിറച്ചുകഴിക്കാൻ അവരെ സഹായിക്കാൻ.

അവരെനിക്ക് സ്നേഹം.തിരിച്ചു തരും. ഏറ്റവും അമൂല്യമായ സ്നേഹം.

അതിനുവേണ്ടി ഈ ക്രിസ്മസ് രാത്രി ഞാൻ തിരഞ്ഞെടുക്കുന്നു. മഹാനഗരത്തിന്റെ ചടുലതയിലേക്ക്, ആരവങ്ങളിലേക്ക് ഞാൻ എന്നെ നഷ്ടപ്പെടുത്തുന്നു. ഒരു പുതിയ ജീവിതം അല്ലെങ്കിൽ ഒരു പുനർജ്ജന്മം എന്നെ കാത്തിരിക്കുന്നു.

കണ്ണുകൾ ഉറക്കത്തിന്റെ ഊഞ്ഞാലിൽ ആടിയാടി അടഞ്ഞുപോയപ്പോഴും കണ്ടു ദൂരെ  ഒരു വാൽനക്ഷത്രം, ഏതോ പുൽക്കുടിലിൽ ജനിച്ച ഉണ്ണിയെത്തേടി അതിവേഗതയിൽ മിന്നിമറയുന്നത്!


No comments:

Post a Comment