നാട്ടിലെ വയലുകളിലൊക്കെ പച്ചക്കറി നടുന്ന സമയമണല്ലോ...നിലംമുട്ടെ തൂങ്ങിനിൽക്കുന്ന പടവലങ്ങയും പടർന്നു പടർന്നു പാടം കടന്നു പോകുന്ന മത്തനും മഞ്ഞപ്പൂക്കളും കുഞ്ഞുവെള്ളരിക്കകളും മാറോടടുക്കിയ വെള്ളരിക്കൂട്ടവും കാണുമ്പോഴൊക്കെ കുട്ടിക്കാലത്തേക്കൊന്നു നടക്കാൻ തോന്നും.
കൊയ്ത്തു കഴിഞ്ഞ പാടം, ഒന്ന് ഉഴുതുമറിച്ച്, കട്ടയുടച്ച് തയ്യാറാക്കും. കുറച്ച് സ്ഥലത്ത് ഉഴുന്ന് വിതക്കും. കുറെ സ്ഥലത്തു ഒരോരുത്തരായി പച്ചക്കറി നടും. തടമൊരുക്കി വെള്ളം നനച്ച് നേരത്തെ കുതിർത്തു മുളപ്പിച്ച വിത്തുകൾ നടും..അമ്മമ്മയുടെ കൂടെ വാലായി നടക്കും. വെണ്ട, ചീര, പയർ,പാവൽ, പടവലം, മത്തൻ,കുമ്പളം, പച്ചമുളക് വെള്ളരി എന്നുവേണ്ട എല്ലാ
ഉണ്ടാകും.
ഓരോ ചെടിയും മുളച്ച് ഒരിലയും രണ്ടിലയും മൂന്നിലയും വന്ന് കുത്തിനിർത്തിയ ഉണങ്ങിയ മരക്കൊമ്പുകളിലൂടെ പന്തലിലേക്ക് കയറും.
കണ്ടുകണ്ടങ്ങനെ നിൽക്കുമ്പോഴേക്കും പൂക്കുകയും കായ്ക്കുകയും ചെയ്യും. കുറച്ചുദൂരെയുള്ള കിണറ്റിൽ നിന്നോ കുളത്തിൽനിന്നോ വെള്ളം കോരിയെത്തിക്കാൻ നല്ല പാടാണ്. എന്നാലും എന്തിവലിഞ്ഞ് വെള്ളമെത്തിക്കും. കൂട്ടായ്മയുടെ സന്തോഷത്തിൽ പണിയെടുക്കുന്നത് അറിയുകയേ ഇല്ല. വെള്ളവും വളവും കിട്ടിയ സന്തോഷത്തിൽ ഓരോ തയ്യുകളും തലയാട്ടുകയും പുഞ്ചിരിക്കുകയും ചെയ്യും. പൂക്കൾ കായ്കളായി മാറുന്ന ഓരോ നിമിഷവും അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
പടവലം നീളത്തിൽ താഴോട്ട് വളരാൻ അറ്റത്ത് കല്ല് കെട്ടി താഴ്ത്തിയിടുക, പാവയ്ക്കാ കുഞ്ഞുങ്ങൾക്ക് കടലാസുടുപ്പിട്ട് കീടങ്ങളിൽ നിന്ന് രക്ഷിക്കുക ഇത്യാദി ജോലികൾ എന്ത് സന്തോഷത്തോടെയായിരുന്നു ചെയ്തത്!.
പാവക്കയുടെ കയ്പ് മണം, പടവലങ്ങയുടെ പച്ച മണം, ചീര മണം, കുമ്പളങ്ങ മണം, പിഞ്ചുവെണ്ടക്കയുടെയും പയറിന്റെയും സ്വാദ്, അങ്ങനെ ഒരിക്കലും മറന്നുപോകാത്ത രുചികളും മണങ്ങളും!
വയൽനിറയെ സ്വർണ്ണവെള്ളരിക്കകളും വെളുവെളെ വെളുത്ത കുമ്പളങ്ങകളും മഞ്ഞമത്തങ്ങകളും ഇപ്പോഴും കൺമുന്നിൽ നിറഞ്ഞുനിൽക്കുന്നു. പടിഞ്ഞാറ്റകളിൽ നിരനിരയായി തൂക്കിയിട്ട വെള്ളരിക്കകൾ, കട്ടിലിനടിയിൽ നിരത്തിയ കുമ്പളങ്ങകളും മത്തങ്ങകളും, സമൃദ്ധിയുടെ വിഷുക്കാലത്തെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിയ നല്ല ദിനങ്ങൾ!
ഇന്നത്തെ കുട്ടികൾക്ക് കിട്ടാതെപോയ കുറെ മണങ്ങളും രുചികളും ഓർമ്മകളും കൂട്ടിവച്ച്, ഇടയ്ക്കിടെ വെറുതെ ഒന്ന് ചിക്കിപ്പരത്തി, നനുത്ത വെയിലത്തൊന്ന് ഉണക്കിയെടുത്ത്, പൂപ്പൽ പിടിക്കാതടച്ചുവെക്കട്ടെ, മരണം വരെ ഓർത്ത് നടക്കാൻ ഇതൊക്കെയല്ലേ ബാക്കിയുള്ളൂ.