സ്നേഹമാണഖിലസാരമൂഴിയിൽ
ചെറിപ്പൂക്കൾ നിറഞ്ഞ പാതയോരത്ത്, അതിന്റെ മനോഹാരിതയിൽ സ്വയം മറന്ന്, വിടർന്ന കണ്ണുകളുമായി നിന്ന ഒരു മുത്തശ്ശിയുടെ ഭംഗിയേറിയ ചിത്രം മനസ്സിൽ പതിപ്പിച്ച ചലച്ചിത്രമായിരുന്നു നവോമി കവാസെയുടെ സ്വീറ്റ് ബീൻ എന്ന ജാപ്പനീസ് ഡോക്യുഫിക്ഷൻ ഫിലിം...
ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതകഥകളാണ് ഡോക്യുമെന്ററിയുടെ പതിവുരീതികളിൽനിന്ന് വ്യതിചലിച്ച് നവോമി കവാസെ അവതരിപ്പിക്കുന്നത്.
ഒരു ചെറിപ്പൂക്കാലത്ത് ജോലിതേടി ഒരു പാൻകേക്ക് ഷോപ്പിലെത്തുന്ന തൊകുവേ എന്ന വൃദ്ധസ്ത്രീ. സെന്താരോ എന്ന കടനടത്തിപ്പുകാരൻ , തൊകുഹോയുടെ സ്വീറ്റ്ബീനിന്റെ രുചിയിൽ ആകൃഷ്ടനായി അവർക്ക് ജോലിനൽകാൻ ശുപാർശ ചെയ്യുന്നു.
കടയിൽ നല്ല തിരക്കാവുകയും മുത്തശ്ശിയുടെ കൈപ്പുണ്യം പ്രസിദ്ധമാവുകയും ചെയ്യുന്നു.
ചെറിപ്പൂക്കൾ കൊഴിയുന്നകാലമായപ്പോൾ വിഷാദത്തോടെ അവയെ നോക്കികാണുന്നു തൊകുവേ. ഒരു ജീവിതകാലം കഴിയുകയാണ് . ഇനി പുതിയത്...
അങ്ങനെയിരിക്കെയാണ് ആരോ അത് ശ്രദ്ധിക്കുന്നത്, മുത്തശ്ശിയുടെ കൈവിരലുകൾ അറ്റുപോയവയാണ്. കുഷ്ഠരോഗബാധിതയായിരുന്നു അവരെന്ന് തിരിച്ചറിഞ്ഞപ്പോൾ ആളുകൾ കടയിൽ വരാതാവുകയും മുതലാളി തൊകുവോയെ പിരിച്ചുവിടുകയും ചെയ്യുന്നു.
കുറേക്കാലത്തിന് ശേഷം സെന്താരോയും കടയിൽ നിത്യസന്ദർശകയായിരുന്ന പെൺകുട്ടിയും കൂടി മുത്തശ്ശിയെ കാണാൻ പോകുന്നു,
മുത്തശ്ശിയ്ക്ക് ഒരുപാട് സന്തോഷമാകുന്നു...
കുഷ്ഠരോഗം മാറിയിട്ടും ബന്ധുക്കൾ ഏറ്റെടുക്കാത്ത കുറേപ്പേർ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു അവരുടെ താമസം.
വീടിനുള്ളിൽ വല്ലാതെ വീർപ്പുമുട്ടിയപ്പോഴായിരുന്നു അവർ ജോലി തേടിയിറങ്ങിയത്.
സെന്താരോയുടെ രണ്ടാമത്തെ സന്ദർശനം മുത്തശ്ശിയുടെ മരണത്തിന് ശേഷമായിരുന്നു.
അവർ മരിച്ചത് അയാൾ അറിഞ്ഞിരുന്നില്ല.
സ്നേഹത്തിന്റെ നനുത്ത സാപർശമേൽക്കാൻ അവർ നമ്മുടെ ആരുമായിരിക്കണമെന്നില്ല.
നിറയെ ചെറിപൂക്കൾ വീണുകിടന്ന കുഴിമാടത്തിൽ ആരോ ഒരു ചെറിമരം നട്ടിട്ടുണ്ടായിരുന്നു.
അടുത്ത വസന്തത്തിൽ തൊകുവോമുത്തശ്ശി എത്രമാത്രം സന്തുഷ്ടയായിരിക്കും എന്ന് സെന്താരോ കണ്ണ്നിറച്ച് ഓർത്തുപോയി.
കണിക്കൊന്നകളും ചെറിപ്പൂക്കളും ഏകദേശം ഒരേ കാലത്താണ് പൂവണിയുന്നത്. കാലദേശാന്തരങ്ങളില്ലാതെ മഹാമാരി വിത്തുവിതച്ചതറിയാതെ ഇത്തവണയും ഈ മരങ്ങൾ പൂത്തുലഞ്ഞു...
ഇനിയെങ്കിലും വൈരം വെടിഞ്ഞ് ആഗോളസൗഹൃദം പൂത്തുലഞ്ഞിരുന്നെങ്കിൽ...
രജനി
No comments:
Post a Comment