Monday, 29 June 2020

കഥ- നിഴൽച്ചിത്രങ്ങൾക്ക് പിന്നിൽ

നിഴൽച്ചിത്രങ്ങൾക്ക് പിന്നിൽ

ഭംഗിയായി ഐലൈനർ വരച്ച അവളുടെ പൂച്ചക്കണ്ണുകളിൽ എന്തു ഭാവമാണെന്ന് റിട്ട. ജസ്റ്റിസ് റീത്താ അഗസ്റ്റിന് മനസ്സിലായില്ല.
പതുപതുത്ത സോഫയിൽ ഒരു ടീപ്പോയ്ക്ക് ഇരുപുറവുമിരുന്ന് അവർ പരസ്പരം അമർത്തി നോക്കി.

"ജതിൻദേവ് നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ..."

"അറിയാം മാം..വളരെ നന്ദിയുണ്ട് ഇങ്ങനൊരു ഇന്റർവ്യൂ അനുവദിച്ചതിൽ,
ബൈ ദ വേ ഐ ആം അനുലേഖ, സ്പെഷ്യൽ കറസ്പോണ്ടന്റ് ഓഫ് ഇൻഡ്യാ ടൈംസ്."

ബാഗിൽനിന്ന് വോയ്സ് റെക്കോർഡർ എടുത്ത് അവൾ ടീപ്പോയിൽ വച്ചു.

"സംസാരം മലയാളത്തിലാവാം അല്ലേ മാം"

"അതാണ് സുഖം",
 സോഫയിലേക്ക് ചാഞ്ഞ് റീത്ത അഗസ്റ്റിൻ പറഞ്ഞു.

"മാം ഇങ്ങനെയൊരവസരത്തിനുവേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, സത്യം പറഞ്ഞാൽ പത്രത്തിൽ കേറിയ കാലം തൊട്ട്, അല്ല, അതിനുവേണ്ടിയാണ് ഞാൻ പത്രത്തിൽ കയറിയത്. "
പകുതി ഉച്ചത്തിലും പകുതി തന്നോടുതന്നെയുമായി അനുലേഖ പറഞ്ഞു.

"എന്താ പറഞ്ഞത്", കണ്ണട ശരിയാക്കി റീത്ത അഗസ്റ്റിൻ ചോദിച്ചു.

"ഒന്നുമില്ല, മാം പറയൂ, കരിയറിലെ ഏറ്റവും ആദ്യത്തെ വിധികൽപന ഏത് കേസായിരുന്നു?".

ഏതോ കരട് കണ്ണിൽപ്പെട്ടതുപോലെ തുരുതുരെ അവർ മിഴികൾ തുറന്നടച്ചു, തൊണ്ട ശരിയാക്കി,
"ജില്ലാക്കോടതിയിൽ, ഒരു ലേഖചിത്ര ബലാൽസംഗക്കേസ്.."

"വിധി എന്തായിരുന്നു മാം?"

"തെളിവില്ലാതെ കേസ് തള്ളി".

"പക്ഷേ മാം, ഞാൻ പഴയ പത്രങ്ങളൊക്കെയെടുത്തു വായിച്ചു, ഇരുപത്തെട്ട് വർഷം മുന്നേയുള്ളവ. അതിൽ കണ്ടത്, തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും ആ കേസ് തള്ളിപ്പോയെന്നാണല്ലോ?."

ഫ്ളാറ്റിനു പുറത്ത് ശക്തിയായ കാറ്റു വീശിയതുപോലെ ജനാലപ്പടിയിൽവച്ച ചെടികൾ ഒന്നുലഞ്ഞു. എവിടെനിന്നോ പറന്നുവന്ന ഒരു പച്ചയില, ഒരുനിമിഷം ജനൽഗ്ളാസ്സിൽ പറ്റിപ്പിടിച്ചിരിക്കുകയും പിന്നെ താഴേക്ക് പതിക്കുകയും ചെയ്തു.
തിളങ്ങുന്ന പൂച്ചക്കണ്ണുകളിൽ നിന്ന് കരൾ തുളയ്കുന്നൊരു വജ്രരശ്മി തന്റെ ഹൃദയത്തെ കുത്തിനോവിച്ചതുപോലെ മാഡം റീത്താ അഗസ്റ്റിൻ ഒന്നു പുളഞ്ഞു.

ഇത്രയും കാലത്തിനിടയിൽ പ്രതിക്കൂട്ടിൽനിന്നും ഒരിക്കൽപ്പോലും കണ്ണുകളുയർത്തി, തന്നെയൊന്നുനോക്കാത്ത ഒരേയൊരാൾ ലേഖചിത്രയായിരിക്കും.
അതുകൊണ്ടുതന്നെ അവളുടെ കണ്ണുകൾ നേരിടേണ്ടിവന്നില്ല.
എത്രയെത്ര കണ്ണുകൾ!..ക്ഷോഭം,  സങ്കടം, സന്തോഷം, നിർവികാരത..അങ്ങനെ പല ഭാവങ്ങൾ കണ്ട് ശീലമായി പിന്നീട്.

പണം, പദവി തുടങ്ങിയ പ്രലോഭനങ്ങളിൽ പെട്ട ആദ്യനാളുകളിലാണ് ലേഖചിത്രയുടെ വിചാരണ നടന്നതും. എന്നും മനസ്സിലെ കരടായിരുന്നു ആ സംഭവം.
അഞ്ചോ ആറോ ആൾക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട പതിനഞ്ചുകാരി പെൺകുട്ടി.  നല്ല വക്കീലിനെ വെക്കാനുള്ള സാമ്പത്തികശേഷിയില്ലാത്ത കുടുംബം, കൂറുമാറിയ സാക്ഷികൾ.. എങ്കിലും
തനിക്കെന്തെങ്കിലും.ചെയ്യാനാകുമായിരുന്നു. പക്ഷേ പ്രലോഭനത്തിൽ വീണുപോയി്.

എന്തോ തെറ്റുചെയ്തപോലെ മിഴികൾ താഴ്ത്തി കോടതിയിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്ത പെൺകുട്ടി!..
അവളുടെ നീണ്ടമുടിയഴക് പലപ്പോഴും മനസ്സിലെത്തിയിരുന്നു. ചെറിയൊരു സഹതാപത്തിനപ്പുറം ഒന്നും തോന്നിയതുമില്ല.
പിന്നെ കാലമത് മറവിയുടെ കരിമ്പടപ്പുതപ്പ് കൊണ്ട് മൂടുകയും ചെയ്തു.

ഇവളാരാണ്, ഇതൊക്കെ ചികഞ്ഞെടുക്കുന്നതെന്തിനാണ്?

"നോക്കൂ, മിസ്. അനുലേഖാ, കഴീഞ്ഞുപോയ കാര്യങ്ങളിലേക്ക് കൂടുതൽ ഊളിയിടാനൊന്നും എനിക്ക് താത്പര്യമില്ല, സമയവുമില്ല. അരമണിക്കൂറാണ് ഞാൻ അനുവദിച്ചിരിക്കുന്നത്. രണ്ടുമണിക്കുള്ള ഫ്ളൈറ്റിന് മുംബൈക്ക് പോകണം. ഒരു അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കേണ്ടതുണ്ട് ഇന്ന് ഈവനീംഗിൽ".

"സോറി മാഡം, നമുക്ക് തുടരാം".

അരമണിക്കൂർ സംഭാഷണത്തിനുശേഷം അനുലേഖ റെക്കോർഡർ ഓഫ് ചെയ്തു.

"താങ്ക്സ് മാഡം, ഞാനിറങ്ങട്ടെ? ഇത് എന്റെ വിസിറ്റിങ്ങ് കാർഡ് ആണ്,
മാഡത്തിനെപ്പോലുള്ള വലിയ ആളുകളെ ഇന്റർവ്യു ചെയ്യുന്നത് ഒരു ഭാഗ്യമാണ്.
ഞാനൊക്കെ ഏറ്റവും സാധാരണ കുടുംബത്തിൽനിന്നും വരുന്നതാണ്. അമ്മ മാത്രമേയുള്ളൂ, അമ്മയ്ക്ക് മനസ്സിന് നല്ല സുഖവുമില്ല.
ലേഖചിത്ര എന്നാണ് പേര്.
ഇറങ്ങട്ടെ മാം, സ്വസ്ഥവും സുന്ദരവുമായ ഒരു ജീവിതം ആശംസിക്കുന്നു."

ഒരു നിമിഷം, അനുലേഖയ്ക്ക് പിന്നിൽ വാതിലടയുന്ന ശബ്ദം കേട്ടു. കൈയ്യിൽനിന്ന് താഴെ വീണ വിസിറ്റിങ്ങ് കാർഡ് എടുക്കാൻ കൈനീട്ടി. കാർഡിന്റെ പിൻ ഭാഗത്ത് നീണ്ടമുടിയുള്ള ഒരു പെൺകുട്ടിയുടെ ചിത്രം കണ്ണിൽപെട്ടു. ഒരു നീരാളിക്കൈപോലെ ആ മുടിയിഴകൾ കഴുത്തിൽ ചുറ്റുന്നതായും ശ്വാസംമുട്ടുന്നതായും റിട്ട.ജസ്റ്റിസ് റീത്താ അഗസ്റ്റിന് തോന്നി. അവർ കാർപ്പെറ്റിലേക്ക് കുഴഞ്ഞു വീണു.

No comments:

Post a Comment