Saturday, 25 April 2020

കവിത - ശേഷം

കടൽക്കാറ്റ്
ഉപ്പ് രസം
ജീവിതം.

മണൽച്ചിത്രം
മായ്ക്കുന്നു
തിരമാലകൾ.

കാൽപ്പാടുകൾ
നിന്റെമാത്രം
ഞാനുമുണ്ട്.

കാലം
മഴയും വെയിലും
തോർന്നും പൊള്ളിയും.

കാൽപാടുകൾ
എന്റെമാത്രം
നീയില്ല.

രജനി

Tuesday, 21 April 2020

കവിത - കെടാവിളക്ക്


കെടാവിളക്ക്

കാടതിരിട്ട മുറ്റത്തിനരികിൽ
കാത്തുനിൽക്കുന്നൊരു
മുക്കുറ്റിയുണ്ട്
മഞ്ഞക്കുഞ്ഞുപൂക്കളിൽ
സ്വപ്നങ്ങളുറഞ്ഞ
താരകക്കണ്ണുകൾ
മഞ്ഞുതുള്ളികളിൽ
കാട്ടിലെ പാട്ടിന്റെ
ആന്ദോളനം
ഉറങ്ങാത്ത രാവിലേക്ക്
കാത്തുവച്ച മിന്നാമിന്നി
കളിവിളക്കുകൾ
ഉണർന്നിരുന്ന ആരുടെയോ
കണ്ണിലെ കെടാവിളക്കുകൾ.

Monday, 20 April 2020

കവിത - കുരുതി

കുരുതി

ഏറ്റവും മുറിവേറ്റത്
പ്രണയം കൊണ്ടാണ്
ആഴത്തിൽ
കനിഞ്ഞിറങ്ങിയ
ചോരയിൽ കൈമുക്കി
 മനസ്സിൻറെ ഭിത്തിയിൽ
പതിപ്പിച്ചിട്ടുണ്ട്
അതിലെ ഇതിലെ
നടക്കുമ്പോൾ
വെറുതെ കാണാലോ
വീണ്ടുമൊരു
പ്രണയത്തിലേക്ക്
കാൽവഴുതുമ്പോൾ
ഭിത്തിയിലെ
കൈവിരലുകളിൽ
കൂർത്ത നഖങ്ങൾ
വളർന്നുവരും
മനസ്സിനെ
മാന്തിപ്പൊളിച്ചവ
തെരുവിലേക്കിറങ്ങും.
ആരെങ്കിലും
ചവറുകൂനയിലിട്ട്
അതൊന്ന്
കത്തിക്കുമോ.....
Rajani Vellora

കവിത - പ്രിയപ്പെട്ട നാവികനോട്...

പ്രിയപ്പെട്ട നാവികനോട്..

നീണ്ടുപോകുന്ന ജലപാതകൾ....
ദിവസങ്ങളും മാസങ്ങളും
കൊഴിയുമ്പൊഴും
അകലങ്ങളിൽപോലും
ഒരുചെറുതുരുത്തെങ്കിലും കാണാതെ പോകുമ്പൊഴും,
ഈ കടലിലങ്ങലിഞ്ഞില്ലാ-
തെയാകുവാൻ നിനവുകൾ
മനസ്സേറ്റിയതാണ്.

കാണാതെ വരച്ചിട്ട
 അതിർത്തിരേഖകളിൽ
ഓരോ രാജ്യവും
തിരയും തീരവും ജലവും
സ്വന്തമാക്കുമ്പോൾ
ചിരിക്കുന്ന മനസ്സാണ്
കപ്പലോട്ടക്കാരന്!

അന്തമില്ലാത്ത ഈ കടൽ
ആരുടെ സ്വന്തമാണ്!
ഓരോതീരത്തെയും മണൽത്തരികൾ
ആരുടെസ്വന്തമാണ്;
ബന്ധങ്ങളും സ്നേഹവും ആരുടേതാണ്.

നീലാകാശവും നീലക്കടലും
അനന്തതയും കടലാഴങ്ങളും
ആരെയാണ് സ്വന്തമാക്കുന്നത്?

അതിരുകൾ വരക്കുന്ന
രേഖകൾ മായ്ച്ച്
ഭൂമീ നീ എന്ന് സ്വതന്ത്രയാകും.

കപ്പലോടിക്കണം
ഈ ഭൂമി എന്റേതാണെന്നു
മനസ്സറിഞ്ഞ്
ഒരു തീരവും കാത്തിരിക്കുന്നില്ലെന്നു
മനസ്സുറപ്പിച്ച്
അകലങ്ങളിലേക്ക്
കപ്പലോടിക്കണം.

കവിത - ഇതളടർന്ന പൂവ്


ഇതളടർന്ന പൂവ്
==============
രജനി വെള്ളോറ
------------------------
മാനം മഴക്കാറിൽ
നിറയുമ്പോൾ
ഞാൻ നിന്നെയോർക്കുന്നത്
എന്തിനാണ്...

നീർ നിറഞ്ഞ്
കണ്ണ് മൂടുമ്പോൾ
നീ മാത്രം
മനസ്സിലെത്തുന്നതോ...

ചുവപ്പ് പട്ടുടുത്ത
ഗുൽമോഹറുകളിൽ
നിന്നോടുള്ള
എൻറെ പ്രണയം
ചുവന്നുതുടുക്കുന്നു..

പ്രഭാതപുഷ്പങ്ങളിൽ
ഞാൻ തിരയുന്ന
ഒരേയൊരു പൂ
അതെൻറെ നേർക്ക്
മിഴിനീട്ടാത്തതെന്താണ്...

ഒരു സ്വപ്നം
കണ്ടുണർന്നപ്പോഴേക്കും
ഞാൻ ചേർത്തുപിടിച്ച
നിന്റെ കൈകൾ
എങ്ങനെയാണൂർന്ന്
പോയത്!

*********

കവിത- ഓർമ്മയിലൊരു രാധ



ഓർമ്മയിലൊരു രാധ
-------------------------------

പല്ലവിപോലും മറന്നുപോയി
ഒരു രാഗം കാറ്റിലലിഞ്ഞുപോയി
വിഷാദമേറും ഏതോ ഗാനം
അതിവിദൂരതയിലകന്നുപോയി.

വിരഹിയാമൊരു ഇണക്കിളിയാവാം
ഏകയാമൊരു മുളന്തണ്ടാകാം
വെറുതെ പൂത്തൊരു പൂമരമാകാം
ഏകാകികൾതൻ ഗാനം മൂളാൻ
തനിച്ചിരിക്കുവതാരോ.

കുങ്കുമം പൂശിയ
സന്ധ്യാംബരത്തിൻ
സ്വപ്നങ്ങളെല്ലാം
നിഴലിൽ മറഞ്ഞുവോ
രാത്രിയാമഴലിൻ കരിമ്പടക്കെട്ടിൽ
ഏതോ ഗദ്ഗദമുയരുന്നുവോ.

പാതിവഴിയിൽ നിൻ
കാലടിപ്പാടുകൾ
കാണാതെ പോയോ
അലയും രാധയെ നീ
അറിയാതെ പോയോ

എന്നുമവൾ വരുമീ
കടമ്പിൻ ചുവട്ടിൽ
കൊഴിഞ്ഞ പൂക്കളോ
കൊഴിഞ്ഞ കിനാക്കളോ
നീലക്കടലോ കാളിന്ദിയോ
ഏതോ ഓർമ്മകൾ തഴുകിയോ
ജൻമാന്തരങ്ങൾ അകലെയോ
കർമ്മ ബന്ധങ്ങൾ മറന്നുവോ.

ഒറ്റക്കുയിലിൻ പാട്ടിൽ
ഒറ്റമേഘം പറന്നകലുകിൽ
ഒരു വീണാനാദത്തിൽ
ഒരുപക്ഷെയവനെന്നെ
ഓർത്തിടാം
വിരഹിണി രാധയെ തേടിടാം.

കാലം കൈകളിലേന്തിയ
നീർക്കുടം
മഴയായ് പെയ്തിറങ്ങുമേതോ
രാവിൽ, രാധ മറന്നിടാം
എല്ലാ ഗാനവുമെങ്കിലും
മറക്കില്ലൊരിക്കലും
മായാമാധവവേണുഗാനം
ആ മായാമാധവവേണുഗാനം.
-----------------------------------------------

രജനി വെള്ളോറ


കവിത- ബഹിഷ്കൃതൻ

ബഹിഷ്കൃതൻ

ഭക്ഷണം വസ്ത്രം പാർപ്പിടം
കുട്ടി ചൊല്ലി പഠിച്ചു
മനുഷ്യന്റെ  പ്രാഥമിക ആവശ്യങ്ങൾ
അല്ല, അത്യാവശ്യങ്ങൾ.

പണിയെടുത്ത കാശ് കിട്ടിയില്ലെന്ന്
ഇന്ന് അരിയില്ലെന്ന്
അച്ഛൻ കൈമലർത്തി
പച്ചവെള്ളം കുടിച്ച്
വയർ നിറച്ചപ്പോൾ
അവനറിഞ്ഞു
ഭക്ഷണം അത്യാവശ്യമല്ലെന്ന്.

സൗജന്യയൂനിഫോം
അലക്കി ഉണങ്ങാനിട്ട്
ഇരുട്ടിന്റെ പുതപ്പ് പുതച്ച്
ഉറങ്ങാൻ കിടന്നപ്പോൾ
അവനറിഞ്ഞു
വസ്ത്രം അത്യാവശ്യമല്ലെന്ന്.

ബാങ്ക് വായ്പ തിരിച്ചടക്കാഞ്ഞ്
വീട്ടിൽനിന്നിറക്കിവിട്ട്
ലോകത്തിന്റെ
വിശാലതയിലേക്കിറങ്ങിയപ്പോൾ
അവനറിഞ്ഞു
പാർപ്പിടവും അത്യാവശ്യമല്ലെന്ന്.

തുറസ്സുകളിൽ
തെരുവുകളിൽ
കൂട്ടമായ് ജീവിച്ച
ജനതയിൽനിന്ന്
അവനറിഞ്ഞു
ജീവിതം തീരുന്നതുവരെ
ജീവിച്ചുതീർക്കണമെന്ന്.

ഓടകളിൽ നുരയ്ക്കുന്ന
പുഴുക്കളെ നോക്കി
അവനോർത്തു
ഇവരും ഞാനും സമരെന്ന്.

നിരത്തിലിരച്ചോടും
വാഹനങ്ങളിൽ
പുളയ്ക്കുന്ന
ജീവിതകാമനകളെക്കണ്ട്
അവൻ ചിരിച്ചു
ഒടുക്കം മരണമല്ലേയെന്ന്.

ഒടുവിൽ, ഇരമ്പിയാർക്കും
ജനസഞ്ചയത്തിൽ
ഒരു കണ്ണിയായി
 പലായനം ചെയ്യുമ്പോൾ
അവനറിഞ്ഞു
ഈ ഭൂമിയിൽ
ഒരിത്തിരിയിടം പോലും
തനിക്ക് സ്വന്തമായില്ലെന്ന്.

രജനി വെള്ളോറ