Saturday, 21 December 2019

കവിത - പൗരത്വം

പൗരത്വം

ഞാനൊരു മുസ്ളീം
നീയൊരു ഹിന്ദു
ഒരുപാത്രത്തിലുണ്ടാണ്
വളർന്നത്,
ഒരു പായിലുറങ്ങിയും.

ഉമ്മയെന്നും അമ്മയെന്നും
അക്ഷരത്തെറ്റില്ലാതെ
ഒരേ അർത്ഥത്തിലാണ്
വിളിച്ചത്.
എന്റെ ഉപ്പയും നിന്റെ അച്ഛനും
ഒരുമിച്ചാണ്
അന്തിക്കള്ള് കുടിച്ചത്
എന്റെ ഉപ്പുപ്പയും നിന്റെ അച്ചാച്ഛനും
തോളോടുതോൾചേർന്ന്
പണിഞ്ഞുകിട്ടിയ
ചില്ലറക്കാശിന് ഒരുമിച്ചുവാങ്ങിയ
പോത്തിറച്ചി,
ഒരേ ചട്ടിയിൽ വേവിച്ച്
ഒരുമിച്ചു തിന്നത്
ഇന്നലെ മാത്രമല്ല.

ഒരു വഴിയുടെ ഇരുപുറങ്ങളിൽ
പെരുന്നാളും ഓണവും
അങ്ങോട്ടുമിങ്ങോട്ടും
വിരുന്നിനുപോയതിന്
കാലങ്ങളായി
രണ്ടുതൊടിയിലേയും
മാമരങ്ങൾ സാക്ഷിയാണ്.

നിങ്ങളെവിടെനിന്നു
വന്നവരെന്നുള്ള ചോദ്യത്തിന്
ഉത്തരം നൽകാൻ
വെമ്പൽപൂണ്ട് മരങ്ങൾ
വിറപൂണ്ടു.
അവരിവിടെ കാലങ്ങളായി
ഉണ്ടായിരുന്നെന്ന്
മുറ്റത്തെ മൺതരികൾ
തരിച്ചിരുന്നോർമ്മിച്ചു.
ഇതെന്റെ മണ്ണെന്ന്
ഉമ്മ കണ്ണീരിൽകുഴച്ച്
മണ്ണപ്പം ചുട്ടു.

എഴുതാൻ തുടങ്ങിയപ്പോൾ
തുടക്കംതന്നെ മാറിപ്പോയി
ഞാനൊരു ഹിന്ദു
നീയൊരു മുസ്ളീം
എന്ന്, എന്റെ അമ്മയും
നിന്റെ ഉമ്മയുമെന്ന്
 തിരുത്തിവായിക്കാനപേക്ഷ.

രജനി വെള്ളോറ


No comments:

Post a Comment