Wednesday, 4 December 2019

കവിത - അമ്മ



അമ്മ

വെയിൽ കുത്തിക്കയറിയിട്ടും
അകലേക്ക് കണ്ണുപായിച്ച്
കണ്ണുചിമ്മാതെയിരിപ്പുണ്ട്
ഇറങ്കല്ലിനോരത്ത് അമ്മ.

ഓർമ്മകളിലെ അമ്മയ്ക്ക്
വിറകുകരിഞ്ഞ പുകമണം.
സങ്കടവും ദേഷ്യവും
അരകല്ലിലിട്ടാട്ടിയാട്ടി
ആളുന്ന തീയിൽ വച്ച
ദോശക്കല്ലിൽ ചുട്ടെടുത്ത്
മക്കളുടെ പശിയടക്കുമ്പോൾ
ചിരിക്കാൻ മറന്നതാണെന്ന്
മക്കളും തിരിച്ചറിഞ്ഞില്ല.

തലപുകഞ്ഞ് വേദനിച്ചപ്പോഴും
കൈകൾ കടഞ്ഞ്
തരിച്ചപ്പോഴും
ദൂരെയുള്ള കിണറിലെ
വെള്ളം വീടിൻറെ
പടികടന്നെത്തി.
കുളിപ്പിച്ചൊരുക്കിയ മക്കളെ
കീറപ്പായിൽ കിടത്തിയുറക്കി.
മകൻ പറഞ്ഞു,
'ഞാൻ വലുതായിട്ട്
അമ്മയ്ക്ക് നല്ല പായ വാങ്ങിത്തരും'.
ഇരുട്ടിൽ അമ്മ
കണ്ണുതുടച്ചത് മക്കളാരും
കണ്ടതില്ല.

അടുത്തപറമ്പിലെ മാങ്ങക്ക്
കല്ലെറിഞ്ഞ്, കളിക്കൂട്ടം
അണ്ണാറക്കണ്ണൻറെ
പിന്നാലെ പാഞ്ഞപ്പോൾ
അമ്മ അന്നത്തെ ദേഷ്യം
ഉരലിലിട്ടിടിച്ചിടിച്ച്
പിറ്റേന്ന് പുട്ടുണ്ടാക്കാൻ
അരിപൊടിച്ചു.

പിന്നീടെപ്പോഴോ പറഞ്ഞോ
'എനിക്കും വായിക്കണാരുന്നു
ദൂരേക്ക് യാത്രപോണാരുന്നു'
ചെവി കൂർപ്പിക്കാത്തതുകൊണ്ട്
പഞ്ചസാരപ്പാത്രത്തിലേക്ക്
വരിയിട്ട് പോയ
ഉറുമ്പുകൾ പോലും
 ഒന്നും കേട്ടില്ല.

കരിയിലകൾ
പൊഴിഞ്ഞടിഞ്ഞ മുറ്റത്ത്
ചൂലിനെ അച്ചാലും മുച്ചാലും
പായിച്ച്
അന്നത്തെ ദേഷ്യത്തെ
അടിച്ചോടിച്ചപ്പോൾ
അമ്മയൊന്ന് വെറുതെ
ചിരിച്ചോ?

ഒറ്റയ്ക്കായപൊലെന്ന്
ഞാനിപ്പോൾ
പറയുമ്പൊഴൊക്കെ
ഒറ്റയ്ക്കായിപ്പോയ
സ്വന്തം ജീവിതത്തെ
ഒരു മുറത്തിലിട്ട്
പാറ്റിക്കൊഴിച്ച്,
പാത്രത്തിലിട്ട്
മൂടിവച്ച്,
അമ്മ അകത്തളത്തിലും
മുറ്റത്തും പറമ്പിലും
എന്തിനോ ചുറ്റി നടന്നു.

ഇന്ന്
 കീറാത്ത പായയും
പുകയാത്ത അടുപ്പുമുണ്ടായിട്ടും
എന്തിനോ വേവലാതിപൂണ്ട്
പറമ്പിലെ കാടുപറിച്ച്
വിറകെല്ലാം കൊത്തിയടുക്കി
ടൈൽസിട്ട മുറ്റത്തെ
ഇല്ലാത്ത കരിയിലകളെ
ചൂലെടുത്തടിച്ചുവാരുമ്പോൾ
ഞാനോർക്കുന്നു
അമ്മയ്ക്ക് തിരിച്ചുനൽകാൻ
എൻറെ കൈയ്യിൽ
ഒന്നുമില്ലല്ലോ.

ഒരിക്കലും തിരിച്ചുകിട്ടാത്ത
സ്നേഹത്തെ, അമ്മയും
മറന്നുപോയി.
ചേർത്തൊന്നുപിടിക്കാനാവാതെ
കല്ലിച്ചുപോയ സ്നേഹത്തിൻറെ
ഭാരവും പേറി
ഞാനും നടന്നകലുന്നു.

രജനി വെള്ളോറ

No comments:

Post a Comment