Saturday, 21 December 2019

മനസ്സിലൊരു പൂക്കാലം

മനസ്സിലൊരു പൂക്കാലം!

 നിറയെ പൂത്ത ഒരു രാജമല്ലിയും അതിലേക്ക് പടർന്നുകയറിയ മുല്ലവള്ളിയും ഓർമ്മയിലേക്ക് ഇരച്ചെത്തുന്നു. കുട്ടിക്കാലത്തിന് നിറവും മണവും നല്കിയ നനുത്ത ഓർമ്മകൾ.
നിലാവുള്ള രാത്രികളിൽ അപ്പോൾ വിരിഞ്ഞ മുല്ലപ്പൂവുകൾ കോർത്തെടുത്ത് തലയിൽ ചൂടിച്ച്  ഇളയമ്മ എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുമായിരുന്നു:
"മുല്ലപ്പൂം പല്ലിലോ
മുക്കൂറ്റിക്കവിളിലോ
അല്ലിമലർക്കാവിലോ
ഞാൻ മയങ്ങീ"
ജയഭാരതി അഭിനയിച്ചതിനേക്കാൾ ഭംഗിയായി ഞാൻ നാണം അഭിനയിച്ചിട്ടുണ്ടായിരുന്നു😂. കുഞ്ഞുപെറ്റിക്കൊട്ടിന്റ തുമ്പു പിടിച്ചു വട്ടം ചുറ്റി തറയിൽ വീഴുമ്പോൾ അച്ഛച്ഛനും അമ്മമ്മയും ഇളയമ്മയെ വഴക്കുപറയും.

രാവിലെയുണർന്ന് രാജമല്ലിപ്പൂക്കൾ കുലയോടെ പൊട്ടിച്ചെടുത്ത് പാടിഞ്ഞാറ്റയിൽ ഓട്ടുകിണ്ടിയിൽ കുത്തിവെക്കും. നിറയെ വെള്ളമുള്ളതുകൊണ്ട് വൈകുന്നേരം വരെ വാടാതിരിക്കും പൂക്കൾ! ഇപ്പോൾ എവിടെ രാജമല്ലിപ്പൂക്കൾ കണ്ടാലും ഒരുനിമിഷം നിൽക്കാതെ പോകാനാവില്ല. എപ്പോഴും മുള്ളുകൾ കുത്തി വേദനിപ്പിച്ചിട്ടും അവളോട് എന്ത് സ്നേഹമാണ്!
പാലവർണ്ണങ്ങളിലുള്ള രാജമല്ലിപ്പൂക്കൾ പിന്നീട് വലിയ അത്ഭുതമായിരുന്നു.

അച്ചാച്ഛൻറെ പൂന്തോട്ടപ്പണികൾക്ക് അസിസ്റ്റന്റ് ആയിരുന്നു ഞാൻ. നല്ല കൃഷിക്കാരനായ അച്ചാച്ഛൻ എവിടെ നിന്നൊക്കെയോ പൂച്ചെടികൾ കൊണ്ടുവരുമായിരുന്നു. മുന്തിരി കുലകൾ പോലെയുള്ള ഹൈഡ്രാഞ്ചിയ, വയലറ്റ് അടക്കം പല നിറമുള്ള ചെമ്പരത്തികൾ,
നന്ത്യാർവട്ടം, പിച്ചകം. കോളാമ്പിപ്പൂക്കൾ്‌ വർണ്ണവും സൗരഭ്യവും നിറഞ്ഞ സന്ധ്യകൾ . ഒരിക്കലും മറക്കാൻ പറ്റില്ല അതൊന്നും.

പൂക്കൾ, പനിനീർപ്പൂക്കൾ!
ചുവപ്പും ഇളംറോസും പനിനീർപ്പൂക്കളുടെ ഒരു വസന്തം തന്നെയായിരുന്നു അക്കാലം.
 എന്നും ഒരു പൂവെങ്കിലും ചൂടാതെ സ്കൂളിൽ പോകാറില്ല. മുടിയിൽ നിന്ന് പൂവെടുത്ത് മണത്തുനോക്കി കമന്റടിക്കുന്ന ചേട്ടൻമാരും ഉണ്ടാരുന്നു ട്ടാ...😍

മേയ്ഫ്ലവർ എന്നും ഗുൽമോഹർ എന്നും വിളിക്കുന്ന വാകപ്പൂക്കൾ ആയിരുന്നു പിന്നൊരു വീക്ക്നെസ്സ്. ചുവന്നുകുലഞ്ഞ് നിൽക്കുന്ന ഗുൽമോഹറുകൾ മനസ്സിലേക്ക് ഒരു പ്രണയവസന്തം തന്നെ കൊണ്ടുവരും അന്നും ഇന്നും.
മഞ്ഞവാകപ്പൂക്കളുടെ ചുവട്ടിൽ കൊഴിഞ്ഞുവീണ പ്രണയം ഒരു സുഖമുള്ള നൊമ്പരം തന്നെയാണിന്നും.😝

പിന്നെ ഞങ്ങളുടെ പൂരക്കാലവും തെയ്യക്കാലവും. അതിരുകളിൽ പൂവിട്ടുനിൽക്കുന്ന ചെമ്പകപ്പൂക്കളും പറമ്പിൽ അങ്ങിങ്ങു നിൽക്കുന്ന മുരിക്കുകളിൽ അഗ്നിനാളങ്ങൾ പോലെ മുരിക്കിൻ പൂക്കളും കുലകുലയായി ജടപ്പൂക്കളും. ഇവരൊക്കെയാണ് അക്കാലത്തെ നായകന്മാർ. ഇപ്പോൾ തെക്കും വടക്കും ചെമ്പകപ്പൂവിന്റെ പേര് പറഞ്ഞ് അടികൂടുന്നുണ്ടെങ്കിലും ഞങ്ങളുടെ ചെമ്പകമാ ചെമ്പകം കേട്ടോ.😎

പൂരക്കാലത്ത് പൂക്കൊട്ടകളുമായി നാടായനാടുചുറ്റിയത് ഇന്നലെക്കഴിഞ്ഞപോലെ. ചെമ്പകപ്പൂ തല്ലിപ്പറിച്ച്,, ജടപ്പൂ ഒടിച്ചെടുത്ത് , പാലപ്പൂ പെറുക്കിയെടുത്ത് , മുരിക്കിൻപൂക്കൾ വിടർത്തിയെടുത്ത് എല്ലാം പങ്കുവെച്ചിരുന്നപ്പോഴെപ്പോഴോ ആണ് ഞങ്ങളെല്ലാം വലിയ കുട്ടികളായത്😿

എരിഞ്ഞി/ഇലഞ്ഞിപ്പൂക്കളുടെ ത്രസിപ്പിക്കുന്ന സുഗന്ധം ഇപ്പോഴും സിരകളിലൂടൊഴുകുന്നു. അതിരാവിലെ പോയാലേ പൂവുകാണുകയുള്ളൂ..
സൂര്യപ്രകാശം വരുന്തോറും പൂക്കളുടെ വെള്ളനിറം മങ്ങിപ്പോകും. അതിരാവിലെ ഇലഞ്ഞിച്ചോട്ടിലെത്തുമ്പോൾ നാദ്യൻവീട്ടിലെ പാറതിയമ്മ പറയും" ഇരിയുന്നതെന്നെങ്കിലും ണ്ടാവും, നോക്കണേ കുഞ്ഞളേ..."
ഇലഞ്ഞിപ്പൂമാല പ്രണയസമ്മാനമായി കൈമാറിയ ഏട്ടൻമാരേം ഏച്ചിമാരേം ചെറുതായി ഓർമ്മയുണ്ട്😹

പാലപൂത്തമണമൊഴുകുന്ന (ഏഴിലംപാലയല്ല, ഞങ്ങളുടെ നാട്ടിൽ വേറെ പാലയുണ്ട്) ഊടുവഴികളിലൂടെ നിലാവത്ത് തെയ്യം കാണാൻ പോകാറുണ്ട്. യക്ഷിയോ പ്രേതമോ പിറകിലുണ്ടോന്ന് ഇടക്കിടെ തിരിഞ്ഞുനോക്കും. മൂത്തവരുടെ ഇടയിൽ കയറിയേ നടക്കൂ, മുന്നിലും പിന്നിലും നടക്കാൻ ധൈര്യമില്ല😂

ചാഞ്ഞുകിടക്കുന്ന ചെമ്പകക്കൊമ്പിൽ ചാടിക്കയറും ഗുളികൻ തെയ്യം, മുരിക്ക്മരം കാട്ടിക്കൊടുത്ത് ആർത്തുവിളിക്കും കുട്ടികൾ! അവരുടെ പിറകേ ഓടി പേടിപ്പിക്കും ഗുളികൻ തെയ്യം!☺️

ചെത്തിപ്പൂമാല കോർത്തിട്ട വലിയ മുടിയുമായി സൗന്ദര്യദേവതയായി മുച്ചിലോട്ടുഭഗവതി!
കാടും മലയുമേറിയ ദൈവം, ചെത്തിപ്പൂക്കളും തുമ്പച്ചെടിയുമലങ്കരിച്ച കിരീടവുമായി ജാതിക്കും മതത്തിനുമതീതനായി ഞങ്ങളുടെ മുത്തപ്പൻ!❤️

ഓണക്കാലത്ത് നീലപ്പട്ടുടുത്ത്, കാക്കപ്പൂവും കൃഷ്ണപ്പൂവും നെയ്തെടുത്ത് മാടായിപ്പാറയും മറ്റുസ്ഥലങ്ങളും. കാശ്മീരിലെ ഫ്ളവർവാലിയെ സ്വപ്നം കാണുന്ന ഞങ്ങളുടെ മുമ്പിലെ ദൃശ്യവിസ്മയം!

ഇങ്ങനെ പറഞ്ഞാൽ തീരാത്ത ഞങ്ങളുടെ പൂക്കൾ! വർണ്ണങ്ങളുടെ മായാജാലം! വായിച്ചാലും വായിച്ചാലും. തീരാത്തപ്രകൃതിയാകുന്ന പുസ്തകം! കൂടെ മറന്നാലും മറന്നാലും മറക്കാനാകാത്ത ഓർമ്മകളുടെ പുസ്തകവും!

രജനി വെള്ളോറ

കവിത - പൗരത്വം

പൗരത്വം

ഞാനൊരു മുസ്ളീം
നീയൊരു ഹിന്ദു
ഒരുപാത്രത്തിലുണ്ടാണ്
വളർന്നത്,
ഒരു പായിലുറങ്ങിയും.

ഉമ്മയെന്നും അമ്മയെന്നും
അക്ഷരത്തെറ്റില്ലാതെ
ഒരേ അർത്ഥത്തിലാണ്
വിളിച്ചത്.
എന്റെ ഉപ്പയും നിന്റെ അച്ഛനും
ഒരുമിച്ചാണ്
അന്തിക്കള്ള് കുടിച്ചത്
എന്റെ ഉപ്പുപ്പയും നിന്റെ അച്ചാച്ഛനും
തോളോടുതോൾചേർന്ന്
പണിഞ്ഞുകിട്ടിയ
ചില്ലറക്കാശിന് ഒരുമിച്ചുവാങ്ങിയ
പോത്തിറച്ചി,
ഒരേ ചട്ടിയിൽ വേവിച്ച്
ഒരുമിച്ചു തിന്നത്
ഇന്നലെ മാത്രമല്ല.

ഒരു വഴിയുടെ ഇരുപുറങ്ങളിൽ
പെരുന്നാളും ഓണവും
അങ്ങോട്ടുമിങ്ങോട്ടും
വിരുന്നിനുപോയതിന്
കാലങ്ങളായി
രണ്ടുതൊടിയിലേയും
മാമരങ്ങൾ സാക്ഷിയാണ്.

നിങ്ങളെവിടെനിന്നു
വന്നവരെന്നുള്ള ചോദ്യത്തിന്
ഉത്തരം നൽകാൻ
വെമ്പൽപൂണ്ട് മരങ്ങൾ
വിറപൂണ്ടു.
അവരിവിടെ കാലങ്ങളായി
ഉണ്ടായിരുന്നെന്ന്
മുറ്റത്തെ മൺതരികൾ
തരിച്ചിരുന്നോർമ്മിച്ചു.
ഇതെന്റെ മണ്ണെന്ന്
ഉമ്മ കണ്ണീരിൽകുഴച്ച്
മണ്ണപ്പം ചുട്ടു.

എഴുതാൻ തുടങ്ങിയപ്പോൾ
തുടക്കംതന്നെ മാറിപ്പോയി
ഞാനൊരു ഹിന്ദു
നീയൊരു മുസ്ളീം
എന്ന്, എന്റെ അമ്മയും
നിന്റെ ഉമ്മയുമെന്ന്
 തിരുത്തിവായിക്കാനപേക്ഷ.

രജനി വെള്ളോറ


കവിത - തൊട്ടാവാടി

തൊട്ടാവാടി

സ്വപ്‌നങ്ങൾ
വഴിയരികിലെ തൊട്ടാവാടികളാണ്
ആരെങ്കിലും തൊട്ടുപോയാൽ
വാടിക്കുഴഞ്ഞ് പോകും.
എന്നിട്ടും വീണ്ടുമവൾ ഉണർന്നെണീക്കും.
ആരും നോക്കാതെ ആരും കാണാതെ
പൂക്കുകയും പൊഴിയുകയും ചെയ്യും
ആരുമറിയാതെ ദൂരെ മാറിനിന്നു നോക്കണം
ഇളംപിങ്കുപൂക്കളിൽ
സ്വപ്നങ്ങളുടെ നക്ഷത്രച്ചിമിഴുകൾ,
കുഞ്ഞിലകളിൽ വരുംകാല ഹരിതാഭ.
വഴിയാത്രക്കാരാ
അറിയാതെപോലും ചവിട്ടിപോകരുത്!
മുള്ളുകൊണ്ടു പ്രതികരിക്കാനും
നിന്റെ ദേഹത്ത് ചോരപുരട്ടാനും
അവൾക്കാവും.
അവളുടെ  സ്വപ്നങ്ങൾക്ക്
നീ വില പറയരുത്
സ്നേഹം മാത്രം വിരിയുന്നൊരു
താഴ്‌വാരം സ്വപ്നം കണ്ടാണവൾ
പിറന്നു വീണത്.
കപടലോകത്ത് ജീവിക്കാൻ
മുള്ളുകൾ വേണമെന്ന്
നീയാണവളെ പഠിപ്പിച്ചത്
എന്നാലങ്ങനെത്തന്നെ,
ഒരരിക്‌ചേർന്ന് നടന്നുപോവുക.

രജനി വെള്ളോറ

Wednesday, 4 December 2019

കവിത - അമ്മ



അമ്മ

വെയിൽ കുത്തിക്കയറിയിട്ടും
അകലേക്ക് കണ്ണുപായിച്ച്
കണ്ണുചിമ്മാതെയിരിപ്പുണ്ട്
ഇറങ്കല്ലിനോരത്ത് അമ്മ.

ഓർമ്മകളിലെ അമ്മയ്ക്ക്
വിറകുകരിഞ്ഞ പുകമണം.
സങ്കടവും ദേഷ്യവും
അരകല്ലിലിട്ടാട്ടിയാട്ടി
ആളുന്ന തീയിൽ വച്ച
ദോശക്കല്ലിൽ ചുട്ടെടുത്ത്
മക്കളുടെ പശിയടക്കുമ്പോൾ
ചിരിക്കാൻ മറന്നതാണെന്ന്
മക്കളും തിരിച്ചറിഞ്ഞില്ല.

തലപുകഞ്ഞ് വേദനിച്ചപ്പോഴും
കൈകൾ കടഞ്ഞ്
തരിച്ചപ്പോഴും
ദൂരെയുള്ള കിണറിലെ
വെള്ളം വീടിൻറെ
പടികടന്നെത്തി.
കുളിപ്പിച്ചൊരുക്കിയ മക്കളെ
കീറപ്പായിൽ കിടത്തിയുറക്കി.
മകൻ പറഞ്ഞു,
'ഞാൻ വലുതായിട്ട്
അമ്മയ്ക്ക് നല്ല പായ വാങ്ങിത്തരും'.
ഇരുട്ടിൽ അമ്മ
കണ്ണുതുടച്ചത് മക്കളാരും
കണ്ടതില്ല.

അടുത്തപറമ്പിലെ മാങ്ങക്ക്
കല്ലെറിഞ്ഞ്, കളിക്കൂട്ടം
അണ്ണാറക്കണ്ണൻറെ
പിന്നാലെ പാഞ്ഞപ്പോൾ
അമ്മ അന്നത്തെ ദേഷ്യം
ഉരലിലിട്ടിടിച്ചിടിച്ച്
പിറ്റേന്ന് പുട്ടുണ്ടാക്കാൻ
അരിപൊടിച്ചു.

പിന്നീടെപ്പോഴോ പറഞ്ഞോ
'എനിക്കും വായിക്കണാരുന്നു
ദൂരേക്ക് യാത്രപോണാരുന്നു'
ചെവി കൂർപ്പിക്കാത്തതുകൊണ്ട്
പഞ്ചസാരപ്പാത്രത്തിലേക്ക്
വരിയിട്ട് പോയ
ഉറുമ്പുകൾ പോലും
 ഒന്നും കേട്ടില്ല.

കരിയിലകൾ
പൊഴിഞ്ഞടിഞ്ഞ മുറ്റത്ത്
ചൂലിനെ അച്ചാലും മുച്ചാലും
പായിച്ച്
അന്നത്തെ ദേഷ്യത്തെ
അടിച്ചോടിച്ചപ്പോൾ
അമ്മയൊന്ന് വെറുതെ
ചിരിച്ചോ?

ഒറ്റയ്ക്കായപൊലെന്ന്
ഞാനിപ്പോൾ
പറയുമ്പൊഴൊക്കെ
ഒറ്റയ്ക്കായിപ്പോയ
സ്വന്തം ജീവിതത്തെ
ഒരു മുറത്തിലിട്ട്
പാറ്റിക്കൊഴിച്ച്,
പാത്രത്തിലിട്ട്
മൂടിവച്ച്,
അമ്മ അകത്തളത്തിലും
മുറ്റത്തും പറമ്പിലും
എന്തിനോ ചുറ്റി നടന്നു.

ഇന്ന്
 കീറാത്ത പായയും
പുകയാത്ത അടുപ്പുമുണ്ടായിട്ടും
എന്തിനോ വേവലാതിപൂണ്ട്
പറമ്പിലെ കാടുപറിച്ച്
വിറകെല്ലാം കൊത്തിയടുക്കി
ടൈൽസിട്ട മുറ്റത്തെ
ഇല്ലാത്ത കരിയിലകളെ
ചൂലെടുത്തടിച്ചുവാരുമ്പോൾ
ഞാനോർക്കുന്നു
അമ്മയ്ക്ക് തിരിച്ചുനൽകാൻ
എൻറെ കൈയ്യിൽ
ഒന്നുമില്ലല്ലോ.

ഒരിക്കലും തിരിച്ചുകിട്ടാത്ത
സ്നേഹത്തെ, അമ്മയും
മറന്നുപോയി.
ചേർത്തൊന്നുപിടിക്കാനാവാതെ
കല്ലിച്ചുപോയ സ്നേഹത്തിൻറെ
ഭാരവും പേറി
ഞാനും നടന്നകലുന്നു.

രജനി വെള്ളോറ

കവിത- കാഴ്ച


കാഴ്ച

അതിദീർഘമീ ജീവിതപ്പാതയിൽ
ബഹുദൂരം താണ്ടിയില്ലേ നമ്മൾ
പറ്റില്ലിനിയൊരു
തിരിച്ചുപോക്കെങ്കിലും
വറ്റാകനവുകൾ കാണാൻ
തൊട്ടൊന്നിരിക്കാൻ തലോടാൻ
എത്തും ബാല്യവും കൗമാരവും
ഓട്ടൊരു കുതൂഹലത്താൽ
വിസ്മയക്കണ്ണാലൊന്നു നോക്കൂ
തൊട്ടടുത്തുണ്ടൊക്കെയും
കളിയും കൂട്ടരും
മാഞ്ചോടും മഞ്ചാടിയും.

കവിത- കൊച്ചുവർത്താനം

കൊച്ചുവർത്താനം

കാന്താരിയും വെളുത്തുള്ളിയും
ചതച്ചെടുത്ത് പച്ചക്കായത്തോരനിലേക്കിട്ടപ്പോഴാണ് ജനൽപ്പടിയിൽ പല്ലി ചിലച്ചത്. ചതച്ചതുപോരാന്നാണോ?

എണ്ണയിൽകിടന്ന്
കടുകുകൾ
പൊട്ടിത്തെറിച്ച്
മരിച്ചപ്പോൾ
ആത്മാഹൂതി വേണ്ടാന്ന്
കറിവേപ്പിലയോട്
കുറേ പറഞ്ഞുനോക്കി
എവിടെ കേൾക്കാൻ!
ജീവിതം മടുത്തൂന്ന്.

ദോശമാവ് കോരിയൊഴിച്ചപ്പോൾ
കോരിത്തരിച്ച ദോശക്കല്ല്
മൊരിഞ്ഞുപോയ ദോശയോട്
എന്നെ വിട്ടുപോകല്ലേന്ന്
നിന്റെകൂടെ കരിഞ്ഞുതീരാൻ
എന്നെകിട്ടില്ലാന്ന് ദോശ!
ഞാനേ ന്യൂജെൻ ആണ് ന്യൂജെൻ.

തിളച്ചുതൂകിയ പാല്,
എന്തൊരു കഷ്ടം ന്ന്
തലയിൽ കൈവച്ചപ്പോൾ
ഗ്യാസടുപ്പ് പല്ലിളിച്ചു
ചൂട് താങ്ങാനാവാതെ ഞാൻ
 കരഞ്ഞതൊന്നും
നീ കണ്ടില്ലല്ലോ! അനുഭവിച്ചോ.

തുള്ളിത്തിളച്ചുവന്ന
സാമ്പാറിനോട്
അയ്യോടീ നീ കൊള്ളാലോന്ന്
പറഞ്ഞപ്പോൾ
ഓ അല്ലപിന്നെ
എല്ലാരും നീ കാണുന്നപോലെ
പാവമൊന്നുമല്ലാന്ന്!

ചറപറെ ചാറുന്ന മഴയെനോക്കി
കുട്ടിക്കാലത്തേക്ക്
ഊളിയിട്ടപ്പോഴാണ്
സിങ്കിൽ നിറഞ്ഞ പാത്രങ്ങൾ
തൊട്ടുവിളിച്ചത്
ആരെ കാണിക്കാനാണിഷ്ടാ
നൊസ്റ്റു അടിച്ച് നിൽക്കണത്
വേഗം കഴുകിവെച്ചിട്ട്
പണിക്കു പോന്ന്!
എന്താല്ലേ?

രജനി വെള്ളോറ

കഥ- അരുതുകളുടെ അതിരുകൾ

അരുതുകളുടെ അതിരുകൾ

അയാളെ കാത്തിരുന്ന് ഉറക്കം തൂങ്ങിയപ്പോൾ വാതിലടച്ച് അവൾ ബെഡ്റൂമിലേക്ക് നടന്നു. ഇന്ന് എന്തായാലും അടി കൊള്ളേണ്ടിവരും. എന്നാലും വയ്യ, കിടക്കണം.
പകൽ മുഴുവൻ  ഓഫീസിൽ ജോലി, പിന്നെ വീട്ടിലെ ജോലി, കുട്ടികളെ ഭക്ഷണം കഴിപ്പിക്കൽ, ഹോം വർക്ക്. എല്ലാം കഴിഞ്ഞ് അവരെ ഉറക്കിയപ്പോഴേക്കും മടുത്തുപോയി.
പാത്രം കഴുകുകയും അടിച്ചുതുടച്ചുതരികയും ചെയ്യുന്ന ചേച്ചി ഇന്ന് വന്നതുമില്ല.
ഉറക്കത്തിന്റെ ഊഞ്ഞാലിൽ മെല്ലെ ആടി തുടങ്ങിയപ്പോഴാണ് കോളിങ് ബെൽ അടിച്ചത്.

 ചാടിപ്പിടിച്ചെഴുന്നേറ്റ് ഓടി വാതിൽ തുറന്നു.
മുഖമടച്ച് കിട്ടിയ അടിയിൽ വേച്ചു വീഴാൻ പോയി. സോഫയുടെ സൈഡിൽ പിടിച്ചതുകൊണ്ട് വീണില്ല.
പക്ഷെ പെട്ടന്നു കിട്ടിയ ചവിട്ടിൽ വീഴുക തന്നെ ചെയ്തു. മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചുയർത്തി അയാൾ ഗർജ്ജിച്ചു.
 " നിനക്കെന്താടി എന്നെ കാത്തിരുന്നാല്".

ഉത്തരം ആവശ്യമില്ലാത്ത ആയിരം ചോദ്യങ്ങൾ എന്നും വീട്ടിനുള്ളിൽ ചുറ്റിത്തിരിയാറുണ്ട്.
ചോദ്യങ്ങൾ ഉത്തരം അവശ്യപ്പെടുന്നവയല്ല എന്ന് തലച്ചോറ് തിരിച്ചറിയാൻ തുടങ്ങി.
പുറത്തേക്കിറങ്ങിയാലും ആരെന്തു ചോദിച്ചാലും മിണ്ടാതെയായി.

കയ്യിലുണ്ടായിരുന്ന കുപ്പിയിലെ ദ്രാവകം അയാൾ വായിലേക്ക് കമഴ്ത്തി, ബാക്കിയെടുത്ത് അവളുടെ തലയിലൊഴിച്ചു.
നിർവികാരതയുടെ മൂടുപടം മനസ്സിനെയും ശരീരത്തെയും ചിലന്തിവലപോലെ പൊതിഞ്ഞുപിടിച്ചു.

 ഒരുതീപ്പെട്ടിയുരച്ച് എന്റെ മേൽ ഇട്ടിരുന്നെങ്കിൽ എല്ലാം ഇവിടെ അവസാനിക്കുമായിരുന്നു. പക്ഷെ ചെയ്യില്ല, കൊല്ലാതെ കൊല്ലണം അയാൾക്ക്. പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ.

തള്ളിമറിച്ച് തറയിലിട്ട് അതിക്രൂരമായി അയാൾ അവളിലേക്ക് ആഴ്ന്നിറങ്ങി, ചുണ്ടുകൾ കടിച്ചുമുറിച്ചു.
രക്ഷക്കായി നീട്ടിയ കൈകളിൽ തടഞ്ഞത് പിത്തളകൊണ്ടുണ്ടാക്കിയ ഫ്ലവേർവേസ്. ഒറ്റയടി അടിച്ചത് ഓർമ്മയുണ്ട്. അപ്പോഴേക്കും ബോധം മറഞ്ഞു.

 കണ്ണ് തുറന്നത് ഹോസ്പിറ്റലിൽ ആയിരുന്നു. ചുറ്റും നോക്കി...അയാളെ കണ്ടില്ല.
"ഉണർന്നോ" നേഴ്സ് അരികിലെത്തി.
"നിങ്ങൾ അയാളെ കൊന്നു, പോലീസ് ഇപ്പോൾ വരും, ചിലപ്പോൾ അറസ്റ്റ് ഉണ്ടാകും. ഇപ്പോൾ നിങ്ങൾ ഓക്കെയാണ്"

മുറിയിൽ ശബ്ദമില്ലാതെ കറങ്ങുന്ന ഫാൻ.
മനസ്സിൽ തെളിഞ്ഞ നീലാകാശം, ഒരു കറുത്തപൊട്ടുപോലുമില്ല!

കുട്ടികൾ?
നാട്ടിൽ നിന്നും അമ്മ വന്നിട്ടുണ്ടാകും.

 ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ തോന്നുന്നില്ല.
അയാളില്ലായ്മ നൽകുന്ന സ്വാതന്ത്ര്യം അനിർവചനീയം! .

ജയിലിലാകുന്ന അമ്മയെ ഓർത്ത് കരയുന്ന കുട്ടികൾ.
സാരമില്ല, കുറച്ചുനാൾ കഴിയുമ്പോൾ അവർക്ക്
കാര്യങ്ങൾ മനസ്സിലാകും.

ബൂട്ട്സിൻറെ ശബ്ദത്തിനു കാതോർത്ത് കണ്ണടയ്ക്കുമ്പോഴാണ്
ഭീതിയില്ലാതെ ജീവിക്കുകയാണ് ഏറ്റവും വലിയ സന്തോഷമെന്ന് അവൾ തിരിച്ചറിഞ്ഞത്.

രജനിവെള്ളോറ

കവിത- മടുപ്പ്

മടുപ്പ്
(Despair)

ധൃതിയിൽ പണികളൊരുക്കി
ചോറ്റുപാത്രത്തിൽ ചോറെടുത്ത്
കറിയെടുക്കാൻ തുടങ്ങിയപ്പോഴാണ്
മടുപ്പ് കയറിവന്നത്
ചോറ് തിരിച്ചിട്ട്,
പാത്രമടച്ചുവച്ച്
ഇസ്തിരിയിട്ട സാരി
അലമാരയിൽ തിരിച്ചുവച്ച്
ചുളിഞ്ഞുലഞ്ഞൊരു
ചുരിദാറുമിട്ട്
കിട്ടിയവണ്ടിക്ക്
ബസ്സ് സ്റ്റോപ്പിലെത്തി.

മടുപ്പിന്റെ തേരട്ടകൾ
ആയിരം കാലുകൾകൊണ്ട്
തലയ്ക്കകത്ത് കിരുകിരെ.
എഴുരൂപയുടെ ദൂരം
എൺപതുരൂപ കൊടുത്ത്
ഓട്ടോയിൽ താണ്ടി.
ബാഗുതപ്പി ആകെയുള്ള
നൂറുരൂപ കൊടുത്തു.
ഇരുപത് രൂപയ്ക്ക്
നല്ല വിലയുണ്ടെന്ന്
അപ്പോഴാണ്
തിരിച്ചറിഞ്ഞത്.
ഓഫീസിലെത്തി
കസേരയിലിരിക്കാതെ
അന്തംവിട്ടു കുറച്ചുനേരം,
ധൃതിയിൽ ലീവെഴുതി
പടിയിറങ്ങി.
ബസിൽ തിരിച്ചുപോന്നു
ഒന്നര കിലോമീറ്റർ
 വീട്ടിലേക്ക് ആഞ്ഞുനടന്നു,
കാറ്റും വെളിച്ചവും
തലയിൽ കേറിയപ്പോൾ
കുറച്ചാശ്വാസം .

ഇതെനിക്ക് തനിച്ചിരിക്കാനുള്ള
സമയമെന്ന് വീട് മൗനം മുറിച്ചു.
പിന്നെ ഞാനെങ്ങോട്ടുപോകും
ഇടിച്ചുകയറി വീട്ടിലേക്ക്.
സ്വന്തമായൊരിടം
നിനക്കില്ലെന്നോർത്ത്
കണ്ണൊന്നുനിറഞ്ഞോ,
തിരിച്ചിറങ്ങാനായി
പുറത്തേക്കു നോക്കിയപ്പോൾ
പെരുവഴിയിലേക്കൊരു
നിഴൽ നീട്ടിയെറിഞ്ഞ്
ആരോ വേലിതീർത്തിട്ടുമുണ്ട്
അപ്പോൾ...ഇനി..

രജനി വെള്ളോറ

കവിത- മതിഭ്രമം

മതിഭ്രമം
(Fallacy)
********

ഒരു കൊടുങ്കാറ്റും
 പിന്നൊരു പേമാരിയും..
ഇടിമിന്നലായി നീയും
 കത്തിതീർന്നൊരു
പച്ചമരമായി ഞാനും.
അവശേഷിപ്പ്,
ഇത്തിരിച്ചാരവും
കെടാത്തൊരു കനലും.
പെണ്ണേ,  നിനക്കിനിയും
ജീവിക്കണോ അതോ
കിനാവിന്റെ പുഴയിലെ
പരൽമീനാകണോ.
വേണ്ട, എനിക്ക്
നിലാവിന്റെ കടലിൽ
കാണാതെ പോയ
നക്ഷത്രമായാൽ മതി
പിന്നെ, തിരകൾ മുറിച്ച്
നീന്തിവന്ന് നീയെന്നെ
കോരിയെടുക്കണം
എന്നിട്ട് വീണ്ടുമൊരു
പേമാരിയിൽ
കൊടുങ്കാറ്റിനൊപ്പം
നീയും ഞാനും
കരിയിലകൾ പോലെ
പറന്നുപോകണം.

രജനി വെള്ളോറ