Wednesday, 24 April 2019

തത്വമസി


ഉള്ളിലുള്ള ഒരാളോട്
കലമ്പി കലമ്പി
ഒറ്റക്കല്ലെന്ന് തോന്നാൻ
തുടങ്ങി.
തനിച്ചു നടക്കുമ്പോഴും
പിറുപിറുക്കുന്നത് കേട്ട്
ആളുകളെന്തോ പറയാനും
തുടങ്ങി
എല്ലാരോടും എല്ലാം
പറഞ്ഞിട്ടും കാര്യമില്ലെന്ന്
തിരിച്ചറിഞ്ഞപ്പോഴാണ്
തന്നോടുതന്നെ പറയാൻ
തുടങ്ങിയത്.
'ആദ്യം സ്വയമറിയണം
എന്നാലേ അപരനെയറിയൂ'
ഗുരുവചനം.
സ്വയമറിഞ്ഞാൽ
ആരോടും ഒന്നും
 പറയാനുണ്ടാവില്ലെന്നത്
തിരിച്ചറിവ്.
അപ്പോഴാണ്
ഭ്രാന്താശുപത്രിയിലെ
ഒറ്റപ്പെട്ട ഇടുങ്ങിയമുറി
ബുക്ക് ചെയ്ത്
അയാലോക്കക്കാർ
മാതൃകയാകുന്നത്.
പട്ടിണികിടന്ന്
കുഞ്ഞുങ്ങൾ മരിക്കുന്നതൊന്നും
അവരറിഞ്ഞില്ല.
നാട്ടുകാർക്ക് ഉപദ്രവമാകുന്നതല്ലേ ഇല്ലാതാക്കേണ്ടത്!
പട്ടിണി ഒരു ആഗോള
പ്രതിഭാസമല്ലേ.
സദാചാരലംഘനമാണോ
ഒളിഞ്ഞുനോക്കാം,
ഇത് വെറും പട്ടിണി!
അപ്പോൾ പറഞ്ഞുവന്നത്
ഞാൻ എന്നെ
അറിയുകയായിരുന്നു
തിരിച്ചറിവായപ്പോഴേക്കും
ലോകമെന്റെ മുന്നിൽ
വാതിൽ കൊട്ടിയടച്ചു
അപ്പോൾ അറിവ് എന്നത്
ഇരുട്ടാണോ?

രജനി വെള്ളോറ

Sunday, 7 April 2019

കൊടി



വീട്ടിലേക്കുള്ള വഴി
എപ്പോഴും  മറന്നുപോകുന്നെന്ന്
അവൾ ഇന്നലെയും
പറഞ്ഞിരുന്നു.
മൂന്നുകൊടിമരങ്ങളുള്ള
മുക്കൂട്ടു കവലയിൽ നിന്നും
വലത്തോട്ടോ അതോ
ഇടത്തോട്ടോ!
വലത്തോട്ട് തിരിഞ്ഞ്
നാലാമത്തെ ഗേറ്റില്ലാത്ത വീടാണെന്ന്
വീണ്ടും ഞാൻ ഓർമിപ്പിച്ചു.
എന്നിട്ടും ഇടത്തോട്ട് തിരിഞ്ഞ്
അഞ്ചാമത്തെ വീടിന്റെ
വലിയ മതിൽക്കെട്ടിനുമുന്പിൽ
അന്തിച്ചുനിന്ന്
അവളെന്നെ വിളിച്ചു
'എന്റെ വീടിനു ചുറ്റും
ആരോ മതില്കെട്ടി'.
തൊണ്ടയിൽ കുരുങ്ങിയ
സങ്കടക്കരച്ചിൽ
അപ്പാടെ വിഴുങ്ങി
വീണ്ടും ഞാനവളെ
വീട്ടിലേക്ക് നടത്തിച്ചു.
മൂക്കൂട്ടുകവലയിലെ
മൂന്നു കൊടിമരങ്ങളിലെ
ഏതോ ഒരു കൊടി
പുതച്ചാണ് തന്റെ
സ്വപ്‌നങ്ങൾ ഉറങ്ങിക്കിടന്നതെന്ന
ചെറിയോരോർമ്മയുണ്ടെന്ന്
അവൾ ഇന്നും പറഞ്ഞു.

രജനി വെള്ളോറ

Wednesday, 3 April 2019

മുരിക്ക്



ഒരു കുടന്ന രക്തപുഷ്പങ്ങൾ
കുത്തിക്കയറുന്ന ചുവപ്പ്
കണ്ണിലങ്ങനെ മിന്നി നിൽക്കും
ഏറെനേരം മനസ്സിലും.

ആകാശത്തിൽ വെറും
പൂക്കളായ്
തേൻ കുടിക്കാൻ
പറവകൾ
എങ്കിലും വിഷാദത്തിന്റെ
മുള്ളുകൾ
മേലാകെ നിറച്ചവൾ
പൂക്കളുടെ പുഞ്ചിരിയിൽ
സ്വയം മറന്നേറെ നേരം.

വരരുതാരും അരികിലേക്ക്
സ്വയരക്ഷയ്ക്കായ്
നിറച്ചതാണീ മുള്ളുകൾ
എന്നിട്ടും മൂർച്ചയേറിയ
കത്തികൾക്കിരകളായ്,
തനിച്ചേറെ പൊരുതിയും
തിളച്ചേറെ വേനലിൽ,
തണുത്തങ്ങനെ മഴയിലും.

കൂർത്തമുള്ളുകളിൽ
കോർത്തെടുത്ത ജീവിതം
ഒടുവിൽ
കാൽച്ചുവട്ടിൽ ചിതറിയ
ചുവന്ന പുഷ്പങ്ങളങ്ങനെ
തകർന്ന സ്വപ്നങ്ങായ്
നിറകൺചിരിയുതിർക്കവേ
വീണ്ടും തളിർക്കും പൂക്കു-
മതു കായ്ക്കുമെങ്കിലും
വെറുതേ വേപഥു
കൊള്ളുന്നു ഞാൻ
ഹാ! പുഷ്പമേ!

രജനി വെള്ളോറ

PC: Antony Peter

സ്ത്രീ

സന്തോഷവും സങ്കടവും നിർവികാരതയും ഓരോ മുഖങ്ങളെയും വ്യത്യസ്തമാക്കുന്നു.

ആശുപത്രികാഴ്ചകൾ എപ്പോഴും അങ്ങനാണ്. വിട്ടുമാറാത്ത രോഗം നൽകുന്ന നിർവികാരത, മരണം അടുത്തെത്തിയവരുടെ നിസ്സഹായതയും സങ്കടവും, പല ടെസ്റ്റുകൾ ചെയ്ത് റിസൽട്ടിനായുള്ള  വല്ലാത്ത ആ കാത്തിരിപ്പ്, പ്രശ്നമൊന്നും ഇല്ല എന്നറിയുമ്പോഴുണ്ടാകുന്ന സന്തോഷം .
ഇങ്ങനെ എല്ലാം കണ്ടും കേട്ടും, ഉയർന്നു കേൾക്കുന്ന ശബ്ദങ്ങൾക്കും മേലെ നിശ്ശബ്ദതയുടെ മൗനമന്ത്രവുമായി ആശുപത്രികെട്ടിടം.
ഓരോ ഇടനാഴികളിലും ഉയർന്നുകേട്ട നിലവിളികൾ ഏതാനും നിമിഷം കൊണ്ടവസാനിക്കുന്ന ഏക സ്ഥലവും ഒരുപക്ഷെ ആശുപത്രി കളാവാം.
അടുത്ത നിലവിളിക്കായി കാതോർത്തിരിക്കുമ്പോളാവാം മൗനം തണുത്തുറയുന്നത്.

ഉച്ചത്തിലുള്ള കരച്ചിലുമായി ജനിച്ചുവീഴുന്ന കുഞ്ഞിന്റെ ശബ്ദം മാത്രമായിരിക്കണം അവിടെയുള്ളവരുടെ മനസ്സുകളിലേക്ക് സന്തോഷമെത്തിക്കുന്നത്!.
ഒരു കുടുംബം ഉണ്ടാകുമ്പോഴേ ദമ്പതികളുടെ മനസ്സിൽ ഒരു കുഞ്ഞു ജനിച്ചിട്ടുണ്ടാകും. അവൻ അല്ലെങ്കിൽ അവൾ കൂടി ചേർന്നാലെ ആ കുടുംമ്പം  പൂർണ്ണമാകൂ..

അങ്ങനെ പൂർണ്ണമായ കുടുംബങ്ങളിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തുന്ന രോഗവും മരണവും തകർത്തെറിയുന്നത് ഒരു കുടുംബത്തെയും അവിടെയുള്ളവരുടെ മനസ്‌സുകളെയുമാണ്.
അവരെ സ്നേഹിക്കുന്നവരും വല്ലാത്ത അവസ്‌ഥയിലാകും.
സഹതാപത്തിനോ ചേർന്നുനിൽക്കലിനോ പോലും ആശ്വസിപ്പിക്കാൻ പറ്റാതെ ദുരന്തങ്ങൾ അവരെ വല്ലാതെ ഒറ്റപ്പെടുത്തും.
തങ്ങളിലേക്ക് തന്നെ ആഴ്ന്നിറങ്ങി എന്തിനാണിങ്ങനെയൊരു ജീവിതം എന്നോർത്തു വിഷമിക്കാത്ത ഒരു നിമിഷം പോലുമില്ലാതെ വിങ്ങലോടെ ജീവിക്കേണ്ടിവരും.

രോഗിയായ അച്ഛനെ അമ്മയെ മകനെ മകളെ ഒക്കെ ചേർത്തുപിടിച്ച് ആശുപത്രികൾ കയറിയിറങ്ങിയിട്ടുണ്ടാകും നമ്മളിൽ പലരും. എവിടൊന്നൊക്കെയോ ലഭിച്ച നന്മയുടെ കൈത്താങ്ങുകൾ സന്ത്വനിപ്പിച്ചിട്ടുമുണ്ടാകാം. എങ്കിലും ദുഖവും  സങ്കടവും നിങ്ങളെ വല്ലാതെ ഒറ്റപ്പെടുത്തും.
രോഗിയായ കുട്ടിയേയും കൊണ്ട് നെട്ടോട്ടമൊടുന്ന രക്ഷിതാക്കളെ കണ്ട് തിരിഞ്ഞുനോക്കുമ്പോഴാണ്, അടിച്ചും കുത്തിയും തൊഴിച്ചും  കുഞ്ഞുങ്ങളെ കൊല്ലുന്ന മാതാപിതാക്കളെ നമ്മൾ കാണുന്നത്. ഏതാണ് സത്യം? ഏതാണ് മിഥ്യ?

തലയിലും താഴത്തും വെക്കാതെ മക്കളെ ശ്രദ്‌ധിക്കുന്നവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്  ബന്ധുവിന്റെ പീഡനത്തിൽ കൊല്ലപ്പെടുന്നത്. എവിടെയാണ് നമ്മുടെ കാഴ്ചകൾ പിഴച്ചു പോകുന്നത്? എന്തുകൊണ്ടാണ് വൈകൃതങ്ങൾ വർധിക്കുന്നത്?

ഹൃദയം നൊന്തുപിടയുമ്പോഴും വിശന്ന് വയർ കത്തിയെരിയുമ്പോഴും കുഞ്ഞുങ്ങളെ മാറോടടുക്കി പിടിക്കുന്ന അമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്.
അപ്പോഴും ചിലർ....
സ്വപ്‌നങ്ങൾ നിറച്ച അവസാനത്തെ വണ്ടിയും യാത്രയാകുന്നത് കണ്ട് കണ്ണ് നിറഞ്ഞ്, കൈവിട്ടുപോയ, 'കുഞ്ഞ്' എന്ന സന്തോഷത്തെ എത്തിപ്പിടിക്കാനാകാതെ ജീവിതപ്പാതയോരത്ത് അന്തം വിട്ട് നിൽക്കുന്നു.

ഓരോ ജീവാണുവും ഊറിക്കൂടി ഒൻപത് മാസവും ഒൻപത് ദിവസവും ശരീരത്തിലും മനസ്സിലും വളർന്ന തൽസ്വരൂപത്തെ തെരുവിലേക്ക് റെയിൽ പാളത്തിലേക്ക് നരാധമൻമാരുടെ കൈകളിലേക്ക് അമ്മമാർതന്നെ വലിച്ചെറിയുമ്പോൾ അറിയാതെ ചോദിച്ചുപോകുന്നു "ദൈവമേ, നീ എന്തുകൊണ്ടാണ് ഇവളെ, ഈ സ്ത്രീയെ, ഇങ്ങനെ സൃഷ്ടിച്ചത്?"