ഒരു വാക്കുപോലും ശേഷിക്കാതെ മനസ്സ് ചിലപ്പോൾ ശൂന്യമാകും. ദു:ഖമോ സന്തോഷമോ പ്രണയമോ എല്ലാം, ഒന്നുമവശേഷിപ്പിക്കാതെ ആഞ്ഞടിച്ച തിരമാലകൾ തൂത്തുവാരി കൊണ്ടുപോകും.
എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം. എങ്കിലും കുറച്ചുസമയത്തെ ഇടവേള ലഭിക്കും.ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ നമ്മളിലേക്ക് മാത്രമൊതുങ്ങി സ്വയം സ്നേഹിക്കുന്ന അപൂർവ്വനിമിഷങ്ങൾ!
എല്ലാവർക്കും ഉണ്ടാകും ഇങ്ങനെ ചില സന്ദർഭങ്ങൾ. അങ്ങനെ കുറച്ചുനിമിഷങ്ങളിലൂടെ കടന്നുപോകുന്നില്ലെങ്കിൽ മിക്കവരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ലേ!
തനെന്താണെന്നു തിരിച്ചറിയാൻ അല്ലെങ്കിൽ ഞാനിത്രയെ ഉള്ളുവെന്ന് അതുമല്ലെങ്കിൽ ഞനൊരു സംഭവമാണെന്നു ആശ്വസിക്കാൻ ഉള്ള കുറച്ചു നിമിഷങ്ങൾ.
ഒരു പുനർജ്ജനിഗുഹയിലൂടെ കടന്ന് പുറത്തെത്തുന്നതുപോലെ ഒരുന്മേഷം കുറച്ചുനേരം നമ്മുടെ കൂടെ ഉണ്ടാകും.
ഏതുനിമിഷവും വീണ്ടും നമ്മളിലേക്ക് കടലിറങ്ങിവരാം. കാറ്റും കോളും ആഞ്ഞടിക്കുന്ന തിരമാലകളും വീണ്ടും മനസ്സിൽ നിറയാം. എങ്കിലും....
ഉള്ളിലേക്കിറങ്ങുന്ന വേരുകൾ കണ്ടെത്തുന്നത് മൃതസഞ്ജീവനി പോലൊരു ജീവൗഷധമായിരിക്കും.
ശാന്തരായി നടന്നുപോകുന്ന പലരെയും ഞാൻ നോക്കി നിന്നിട്ടുണ്ട്. ഉള്ളിലെ വിക്ഷുബ്ധത ഒരു തുള്ളിപോലും പുറത്തുകാണിക്കാതെ എത്രഭംഗിയായണവർ സമൂഹത്തിലേക്കിറങ്ങുന്നത്!
നടന്നുപോകുന്നത് നെഞ്ചിലൊരു സമുദ്രവും കൊണ്ടാണെന്ന് തോന്നുകയേയില്ല.
കാറ്റത്തൊഴുകുന്ന പട്ടം പോലെ അവരങ്ങനെ നീങ്ങും.
പക്ഷെ വിശാലമായ തുറസ്സുകൾ വേണം അങ്ങനെയുള്ളവർക്ക് ജീവിക്കാൻ.
ഏതെങ്കിലും തടസ്സം മുന്നിൽപെട്ടാൽ ചരടിൽനിന്ന് വേർപെട്ട് അകലെയെങ്ങോ അവസാനിക്കും.
വേറെചിലരുണ്ട് വെറുതെ ബഹളം വെച്ചുകൊണ്ട് ഏതുനേരവും വായ്‌പൂട്ടാതെ സംസാരിച്ചുകൊണ്ട് എന്നും പ്രസന്നത ഭാവിച്ചുകൊണ്ട് ഉള്ളിലെ സങ്കടത്തെ കൈലേസെടുത്ത് അമർത്തിയമർത്തി തുടച്ച് ഇല്ലാതാക്കുന്നവർ.
വേറെ ചിലർ മൗനവാല്മീകങ്ങളിൽ സ്വയമൊളിച്ച് ചുറ്റിലും വലിയ കോട്ടപണിയുന്നവർ!
വലിയ വലിയ ദു:ഖങ്ങൾക്കുമുകളിൽ സന്തോഷമാളികകൾ പണിയുന്ന ചിലരുണ്ട്. അത്ഭുതത്തോടെയേ നമൂക്കവരെ കാണാനാകൂ.
ജീവിതം നല്കിയ ഒരോ പാഠവും അതിലുമധികം അർത്ഥവ്യാപ്തിയോടെ ഉൾക്കൊള്ളുന്നവർ. അവരാണ് യഥാർത്ഥത്തിൽ മഹത്തുക്കൾ.
വളരെക്കാലത്തിന്ശേഷം വിളിച്ച ഒരു സുഹൃത്തിനോട് സുഖമല്ലേ എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു, "സുഖമാണ്, കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്, ആർക്കും അസുഖമൊന്നുമില്ല, ഭാര്യ എന്നെയും മക്കളെയും നന്നായി നോക്കുന്നുണ്ട്, ഞങ്ങൾ അവളെയും. പിന്നെ വീടില്ല എന്ന ഒരു വിഷമം അതത്ര കാര്യമാക്കാനില്ലെടോ...
ഇത്രയും സന്തോഷങ്ങളുണ്ടല്ലോ."
സ്വയമറിഞ്ഞ് സന്തോഷിക്കാൻ ഇത്രയേ വേണ്ടൂ എന്ന തിരിച്ചറിവായി ആ വാക്കുകൾ.
രജനി വെള്ളോറ
Good👍
ReplyDelete