Tuesday, 9 February 2021

കവിത - ഒളിച്ചുകളി


ഒളിച്ചുകളി

..................

നീ എന്തിനാണ് സങ്കടപ്പെടുന്നത്

ബാൽക്കണിയിലെ

ചെടിച്ചട്ടിയിൽ വിരിഞ്ഞ

ഒറ്റ പനീർപ്പൂവ് ചോദിച്ചു,

ഇത്തവണ മഴ പെയ്തില്ലല്ലോ 

അതിനാണ്.


നീയെന്തിനാണ് സങ്കടപ്പെടുന്നത്

ജനലോരത്ത് കൂടുവച്ച്

ഓറ്റയ്ക്ക് അടയിരിക്കുന്ന

അമ്പലപ്രാവ് കുറുകി,

എന്റെ നിലാക്കുഞ്ഞുങ്ങളെ

കാർമേഘം വിഴുങ്ങിയല്ലോ

അതിനാണ്.


നീയെന്തിനാണ് സങ്കടപ്പെടുന്നത്

പ്രഭാതസൂര്യൻ തന്റെ ചുവന്ന കൈവിരലുകളാൽ അവളുടെ കവിളിൽതൊട്ടു.

കയ്യിലെ പൊള്ളൽപ്പാടുകൾ

നീളൻ കുപ്പായകയ്യാൽ മറച്ച്

 അവൾ പറഞ്ഞു

നീയെന്തിനാണ് മഞ്ഞുതുള്ളികളെ ഇല്ലാതാക്കിയത്

അതിനാണ്.


നീയെന്തിനാണ് സങ്കടപ്പെടുന്നത്

ചുവന്നുപൊട്ടിയ ചുണ്ടുകളിലുമ്മവച്ച്,

ബാൽക്കണിയിൽ തത്തിക്കളിച്ച കാറ്റ്

 അവളോട് ചോദിച്ചു,

'നീയെന്നെ കൂടെ കൂട്ടുമോ'

'പിന്നെന്താ എന്റെ കൂടെ പറന്നോളൂ.'


കാറ്റിൻ കൈകളിൽ

ചേർന്നുകിടന്നവൾ

താഴോട്ട്  പറന്നു

ഒന്ന് രണ്ട് മൂന്ന്

ഒളിച്ചുകളിയുടെ അവസാനം

ആരും കാണുന്നതിനുമുന്നേ,

സാറ്റ്....അവൾതന്നെ ജയിച്ചു.


__________________________________________




No comments:

Post a Comment