രാമാ
ഇങ്ങനെയൊരനുജനെ കിട്ടുവാൻ
എന്തൊക്കെ പുണ്യം ചെയ്കവേണം
ആയിരം രാമൻമാരുണ്ടാകാം
ആയിരം സീതമാരും
എങ്കിലും ലക്ഷ്മണനിവനേകൻ.
രാമനെ താതനായും
സീതയെ മാതാവായും
ഓരോ ശ്വാസനിശ്വാസത്തിലും
കാത്തരുളീടാൻ
തത് കാൽപ്പാദങ്ങളിലർപ്പിച്ച മിഴികളാൽ
പതിനാലു സംവത്സരം
കാട്ടിലലഞ്ഞവൻ.
സൗമിത്രിയിവൻ, അമ്മതൻ
ഓമനപ്പുത്രൻ
അമ്മേ നിന്റെ താരാട്ടിൻ
പല്ലവികളീ കാറ്റിൽ
മൃദുമന്ത്രധ്വനികളാകുന്നു.
ഊർമ്മിളയവൾ ഏകാകിനി
പ്രിയേ, നിനക്കായിവൻ
ഒരു കുടന്ന കാട്ടുമുല്ലപ്പൂക്കളീ-
സരയുവിലൊഴുക്കട്ടെ,
നിന്റെ കണ്ണീരലിഞ്ഞയീനദി
എത്ര പരിപാവനം!
സീതാമാതാവിൻ ക്രൂരവചനങ്ങളിൽ
അണപൊട്ടിയ സങ്കടം
ആ മായപ്പൊൻമാനെ
കൊന്നുതീർത്തുവെങ്കിലും
നിന്റെ നഷ്ടത്താൽ
നെഞ്ചുപൊട്ടിക്കരയും
ജ്യേഷ്ഠനോടെന്തോതും
അസ്തപ്രജ്ഞനായവൻ..
കാട്ടിൽനിന്നു കിട്ടിയ
തോൾവള, കുണ്ഡല നൂപുരങ്ങൾ
കണ്ണീരണിഞ്ഞു ദാശരഥി
കാഴ്ചമങ്ങിയോതി,
'അനുജാ, ഇവ സീതയുടേതു തന്നെയോ?'.
'തോൾവളയും കുണ്ഡലവും
ആരുടേതെന്നറില്ലയെന്നാലീ
നൂപുരങ്ങൾ,
ഞാൻ നിത്യം വന്ദിക്കുമാ കാൽപാദങ്ങളിൽ
പരിലസിച്ചിരുന്നു പ്രഭോ"
ഇവനാണനുജൻ!
ശൂർപ്പണഖ, താടക അങ്ങനെ
സ്ത്രീകളനവധി അപമാനിക്കപ്പെട്ടപ്പോഴും
നീർ നിറഞ്ഞ കണ്ണുകൾ
തുളുമ്പിയില്ല; ജ്യേഷ്ഠനവൻ
ഭഗവാനും മീതെ
അതിനപ്പുറമിനിയേറെ ശരികളില്ല.
നിറവയറാലൊരുവളെ
കാട്ടിൽക്കളഞ്ഞു മടങ്ങുമ്പോൾ
തോരാത്ത കണ്ണീർമഴയിലവൻ
കുതിർന്നലിഞ്ഞുപോയി.
ഇനിയെന്നുമിവനൊരു ജഡമെന്ന്
മനസ്സുറച്ച്, ചിരികളന്യമായ്
ഭ്രാതാവിന്നാജ്ഞയ്ക്കായ്
തലകുനിച്ച്, വീണ്ടുമവൻ...
ഇവനാണനുജൻ!
കാലമെത്രകഴിഞ്ഞാലും
സ്നേഹമതു ബാക്കിയാകും
ത്യാഗമതു വാഴ്ത്തപ്പെടും
കാലചക്രമുരുളവേ, ഒരു പക്ഷേ,
അനുജനാകും കീർത്തിമാൻ
എങ്കിലും, മന്വന്തരങ്ങളിലൂടലഞ്ഞവൻ
പ്രതിധ്വനിപ്പിക്കുമീ ശബ്ദവീചികൾ,
'കനിഷ്ഠനിവൻ, ശ്രീരാമചന്ദ്രന്റെ പാദപൂജചെയ്യുന്നവൻ!'
#രജനി
No comments:
Post a Comment