മായാദേവീ ക്ഷേത്രത്തിൽ തൊഴുതശേഷം യശോധര, പുഷ്ക്കരണിയുടെ കൽപ്പടവുകളിലിരുന്നു...
കഴിഞ്ഞുപോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കരുത് എന്ന് വാശിയായിരുന്നു. എന്നാലും ഇന്ന് എല്ലാമൊന്നോർക്കണം. ഇനിയൊരിക്കലും ഒരോർമ്മകളും മനസ്സിന്റെ പടിവാതിൽ കടന്ന് അകത്തുവരില്ല. ഇന്നത്തോടുകൂടി ഒക്കെ താഴിട്ടുപൂട്ടണം.
കൊമ്പും കുഴലും വാദ്യങ്ങളും ബഹുവർണ്ണവസ്ത്രങ്ങളണിഞ്ഞ തോഴിമാരും കിന്നരത്തൊപ്പികളും പൂമാലകളുമണിഞ്ഞ കുട്ടികളും എല്ലാമടങ്ങിയ പുരുഷാരത്തെ സാക്ഷിനിർത്തി രാജകുമാരൻ രാഹുലന്റെ ആദ്യത്തെ പള്ളിനീരാട്ട് ഈ പുഷ്ക്കരണിയിലായിരുന്നു. അഭിമാനത്തോടെ സിദ്ധാർത്ഥന്റെ ചാരെ ചേർന്നുനിന്ന തന്റമുഖം പുഷ്കരണിയിലെ താമരപ്പൂക്കളേക്കാൾ മനോഹരമായിട്ടുണ്ടെന്ന് തോഴി കാദംബരി ചെവിയിൽ മന്ത്രിച്ചതോർക്കുന്നു.
ഏറെദിനങ്ങളായി സിദ്ധാർത്ഥൻ ഏതോ ചിന്തകളിലായിരുന്നു. എങ്കിലും സന്തോഷത്തോടെയാണ് ചടങ്ങുകളിൽ പങ്കെടുത്തത്. പക്ഷേ ഇടയ്ക്കെപ്പോഴോ തന്നെ നോക്കിയ കണ്ണുകളിൽ പ്രണയം ചോർന്നുപോയതായി തനിക്ക് തോന്നിയിരുന്നു.
തോന്നിയതാകാം എന്നുകരുതി പിന്നീട് ശ്രദ്ധിച്ചില്ല.
ഉൽസവംപോലെ ആഘോഷദിനം കഴിഞ്ഞു.
രാത്രിയിൽ രാഹുലന്റെയരികിൽ ക്ഷീണിതയായി കിടന്നു.
താമരയിതൾപോലുള്ള അവന്റെ കൺപോളകൾ ഉറക്കത്തിലും മെല്ലെയനങ്ങി, കുഞ്ഞധരങ്ങൾ പാൽ നുണയുന്നതുപോലെ ചലിച്ചു. സ്വപ്നത്തിലും അവൻ അമ്മിഞ്ഞപ്പാൽ നുണയുകയാവാം. എത്ര സുന്ദരമായ കാലമാണ് ബാല്യം! മറ്റൊന്നും ചിന്തിക്കാനില്ലാതെ...
മെല്ലെ കണ്ണുകളടഞ്ഞുപോയി. ഒരു സുന്ദരസ്വപ്നത്തിൽ സന്തോഷത്തിന്റെ പല്ലക്കിലേറി എങ്ങോട്ടോ യാത്രപോയി. കാളിനദിയുടെ കരയിൽ, അവളുടെ മടിയിൽ തലവച്ച് സിദ്ധാർത്ഥൻ കിടന്നു. നനുത്ത കാറ്റിൽ കടമ്പുവൃക്ഷത്തിൽനിന്ന് പൂക്കൾ പൊഴിഞ്ഞു.
പ്രണയത്തിന്റെ നീലധൂളികൾ പൊഴിച്ച് നിലാവ് നദിക്കുമുകളിൽ സ്വർഗ്ഗം ചമച്ചു. ചന്ദ്രനാകട്ടെ ചെറുകഷണങ്ങളായി ജലത്തിലലിഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു.
പെട്ടന്ന്, മടിയിലുറങ്ങുന്ന സിദ്ധാർത്ഥനെ കാണാതെ തേങ്ങിക്കരഞ്ഞവൾ ഞെട്ടിയുണർന്നു.
അവിടെ അവന്റ സാമീപ്യം അനുഭവപ്പെട്ടതുപോലെ അവൾ ചുറ്റുംനോക്കി.
ആരുമുണ്ടായിരുന്നില്ല.
പുറത്ത് രാത്രി, തന്റെ കരിമ്പടക്കെട്ടുകൾ അടുക്കിവെക്കുകയായിരുന്നു.
ഉറങ്ങാൻപറ്റാതെ തിരിഞ്ഞും മറിഞ്ഞും കിടന്നവൾ നേരം വെളുപ്പിച്ചു.
അതിരാവിലെ കാദംബരിയുടെ വേപഥു പൂണ്ട ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്, "കുമാരീ, സിദ്ധാർത്ഥകുമാരൻ കൊട്ടാരം വിട്ടുപോയി"
ഒരുനിമിഷം കൈകാലുകൾ കുഴഞ്ഞതുപോലെ, ഒച്ചയുയർത്താനാവാതെ പിടഞ്ഞു. രാഹുലന്റെ ഉറക്കെയുള്ള കരച്ചിൽ സ്ഥലകാലബോധം വീണ്ടെടുക്കാൻ സഹായിച്ചു. കുഞ്ഞിനെയെടുത്ത് മടിയിൽവച്ചു. പാൽ കിട്ടിയപ്പോൾ അവൻ കരച്ചിൽ നിർത്തി.
അതൊരു തുടക്കമായിരുന്നു. മരിച്ചതുപോലെ ജീവീക്കാനുള്ള തുടക്കം...രാവും
പകലും കൊഴിയുകയും ഋതുക്കൾ മാറിവരികയും ചെയ്തു. രാഹുലന്റെ വളർച്ചയ്ക്ക് താങ്ങായി കൊട്ടാരത്തിലെ മുഴുവനാളുകളും ഉണ്ടായിരുന്നു. പക്ഷേ താൻ മാത്രം തനിച്ചായിരുന്നു.
"എന്തിന്?" എന്ന ചോദ്യം മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു. ഏതൊക്കെയോ സമസ്യകൾക്ക് ഉത്തരം തേടിയാണ് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടതെന്ന് ആരോ പറഞ്ഞു. തന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് അവനെന്ന് ഉത്തരം തരും?
മകനുവേണ്ടി മാത്രമാണ് ജീവിച്ചത്. സംവത്സരങ്ങൾ കൊഴിയുന്നതറിയാതെ അവനായി മാത്രം...
സന്ന്യാസിദീക്ഷയെടുത്ത് സിദ്ധാർത്ഥൻ ഗൗതമനായതും ബോധോദയം ലഭിച്ച് ബുദ്ധനായതും അറിഞ്ഞു.
ഒടുവീൽ ആ ദിനം വന്നു.
ദീർഘകാലത്തിനുശേഷം ഇന്നലെ ബുദ്ധഭഗവാൻ കൊട്ടാരത്തിലെത്തി.
ഭിക്ഷാപാത്രം കയ്യിലേന്തി ഒരുകൂട്ടം സന്ന്യാസിമാരോടൊപ്പം.
ശുഭ്രവസ്ത്രവും മുണ്ഡനം ചെയ്ത ശിരസ്സും കണ്ണുകളിലെ അഗാധതയും കഴിഞ്ഞജൻമത്തിൽക്കണ്ട ആരെയോ ഓർമ്മിപ്പിച്ചപോലെ..
ഒരേയൊരു നോട്ടത്തിൽ എന്നിൽനിന്നും മുഖംതിരിച്ച് രാഹുലനു നേരെ ഭിക്ഷാപാത്രം നീട്ടി മൊഴിഞ്ഞു," മകനേ, എനിക്കു തരാൻ ഇതുമാത്രമേയുള്ളൂ, നീ ഏന്റെ കൂടെ വരിക".
ഒരക്ഷരം മറുത്തുപറയാതെ അത് സ്വീകരിച്ച് തന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ അവൻ ഗൗതമബുദ്ധനൊപ്പം നടന്നുപോയി.
പണ്ടേ കണ്ണുകളിലുറഞ്ഞുപോയ കണ്ണീർ, ലാവയായി പൊട്ടിയൊഴുകി...
തന്റെ ആർത്തനാദത്തിൽ കൊട്ടാരം വിറങ്ങലിച്ചു.
ആർക്കുവേണ്ടിയാണോ താൻ ഇത്രയും കാലം ജീവിച്ചത്..
അവനും...
അമ്മ എന്ന പദവിക്ക് ഇത്രയും തുച്ഛമായ വില മാത്രം!!!
തിരിച്ചറിയുകയായിരുന്നു..
ഉള്ളിൽ ബോധം നിറയുകയായിരുന്നു....
ഉത്തരങ്ങൾ ലഭിക്കുകയായിരുന്നു...
യശോധര കൽപ്പടവുകളിൽ നിന്നെഴുന്നേറ്റു. പുഷ്ക്കരണിയിലെ ഓളങ്ങളിൽ ചാഞ്ചാടി താമരപ്പൂക്കൾ അപ്പോഴും പുഞ്ചിരിച്ചു, മനുഷ്യജീവിതത്തിനുനേരെ, അൽപം പരിഹാസത്തോടെ.
പുറത്തു കാത്തുനിന്ന ക്ഷുരകസ്ത്രീ, യശോധരയുടെ തല മുണ്ഡനം ചെയ്തു.
കാദംബരി കണ്ണുനീരണിഞ്ഞ മുഖത്തോടെ വെള്ളവസ്ത്രം നീട്ടി. ഒന്നു പുഞ്ചിരിച്ച് അത് വാങ്ങിധരിച്ച്, ആഭരണങ്ങളെല്ലാം കാദംബരിയെ ഏൽപ്പിച്ച്, ദൂരെക്കാണുന്ന വിധവകളുടെ ഗൃഹത്തിലേക്ക് യശോധര തിരിഞ്ഞുനോക്കാതെ നടന്നു.
#രജനി