കവിതയും രണ്ട് പഠനങ്ങളും
*************
കൊടി
വീട്ടിലേക്കുള്ള വഴി
എപ്പോഴും മറന്നുപോകുന്നെന്ന്
അവൾ ഇന്നലെയും
പറഞ്ഞിരുന്നു.
മൂന്നുകൊടിമരങ്ങളുള്ള
മുക്കൂട്ടു കവലയിൽ നിന്നും
വലത്തോട്ടോ അതോ
ഇടത്തോട്ടോ!
വലത്തോട്ട് തിരിഞ്ഞ്
നാലാമത്തെ ഗേറ്റില്ലാത്ത വീടാണെന്ന്
വീണ്ടും ഞാൻ ഓർമിപ്പിച്ചു.
എന്നിട്ടും ഇടത്തോട്ട് തിരിഞ്ഞ്
അഞ്ചാമത്തെ വീടിന്റെ
വലിയ മതിൽക്കെട്ടിനുമുന്പിൽ
അന്തിച്ചുനിന്ന്
അവളെന്നെ വിളിച്ചു
എന്റെ വീടിനു ചുറ്റും
ആരോ മതില്കെട്ടി'.
തൊണ്ടയിൽ കുരുങ്ങിയ
സങ്കടക്കരച്ചിൽ
അപ്പാടെ വിഴുങ്ങി
വീണ്ടും ഞാനവളെ
വീട്ടിലേക്ക് നടത്തിച്ചു.
മൂക്കൂട്ടുകവലയിലെ
മൂന്നു കൊടിമരങ്ങളിലെ
ഏതോ ഒരു കൊടി
പുതച്ചാണ് തന്റെ
സ്വപ്‌നങ്ങൾ ഉറങ്ങിക്കിടന്നതെന്ന
ചെറിയോരോർമ്മയുണ്ടെന്ന്
അവൾ ഇന്നും പറഞ്ഞു.
===============
രജനി വെള്ളോറ കേരളീയ രാഷ്ട്രീയ പരിസരങ്ങളെ "കൊടി " കൊണ്ട് വിചാരണ ചെയ്യുമ്പോൾ
,,,,,,,,,,,,,,,,,,,,,,,,,,,,
പ്രണയത്തെ അപഗൂഢവൽക്കരിക്കുന്നതു പോലെ, മരണത്തെ അപഗൂഢവൽക്കരിക്കേണ്ടി വരുന്ന ചില അസന്നിഗ്ധതകളെ കവി സ്വന്തം നിലയ്ക്ക് വിചാരണ ചെയ്യുകയാണ് ഇവിടെ. ഒപ്പം ഏറ്റവും ഗൗരവമായ ഒരു രാഷ്ട്രീയവ്യവഹാരാത്മകതയ്ക്കുള്ള സുചിന്തിതമായ ഒരു സാധ്യതയും തുറന്നിടുന്നു. Apolitical ആയി അല്ല തുറന്ന Political Postmortum തന്നെയാണ് ലക്ഷ്യമിടുന്നത്. അതിപുരുഷൻമാരോ, പ്രതിപുരുഷൻമാരോ, ആയിത്തീരുന്ന ദേശത്തിന്റെ രക്തമൊഴുകുന്ന ഗതികെട്ട കാലാവസ്ഥയെ, അതു തീർത്ത നിരാലംബ തകളെ, ദിക് ഭ്രംശം വന്ന തലമുറകളെ, അനാഥമാക്കപ്പെട്ട കുടുംബങ്ങളെ ഏക ശാസനാധികാരമുള്ള രാഷ്ട്രീയ പാർട്ടികളുടെ ശിക്ഷണ രീതികളെ പ്രതി സ്ഥാനത്തു നിർത്തിക്കൊണ്ടുള്ള വിചാര ബോധമാണ് കവിത സംസാരിക്കുന്നത്. ഈ കവിത അനേകം കാര്യങ്ങൾ സംസാരിക്കുന്നു. അനേകം വികാരങ്ങൾ വിതരണം ചെയ്യുന്നു' അനേകം മൗനങ്ങളെ നിഗൂഢതകളെ വലിച്ച് പുറത്തിടാൻ ആവശ്യപ്പെടുന്നു. കുറച്ചു വരികളിൽ കൂടുതൽ കാര്യങ്ങൾ വിളംബരം ചെയ്യുന്നു.
കൊലപാതകത്തിന്റെ രാഷ്ട്രീയ യുക്തികളെ കവിത ചോദ്യം ചെയ്യുന്നില്ല. എന്നാൽ അനന്തര ഫലങ്ങളെ കവി നിരത്തി നിർത്തുന്നു.
ആരുടേതാണ് കൊടി എന്ന ചോദ്യം, ഇത് എവിടെയാണ് ഉയർത്തേണ്ടത് എന്ന സന്ദേഹം കവിത ഉൽപ്പാദിപ്പിക്കുന്നുണ്ട്.
എന്റെ സ്വപ്നങ്ങളെ പുതപ്പിച്ച കൊടി ഏതാണെന്ന ചോദ്യം ആവർത്തിച്ച് പല സ്ഥലങ്ങളിലും ചോദിക്കേണ്ടി വരുന്നു.
രാഷ്ട്രീയ മൂല്യ മണ്ഡലങ്ങിൽ കൊടി വളരെ പ്രാധാന്യമർഹിക്കുന്നു.
ഒരിക്കൽ ഒരു കവി പറഞ്ഞത് ഓർമ വരുന്നു
Nacked Marxistഉണ്ടോ Postmodern മണ്ണിലേക്കിറങ്ങി മനുഷ്യന്റെ പ്രശ്നമെന്താണെന്ന് പഠിക്കൂ എന്ന് .(ആ കവി പിന്നെ ഏറെക്കാലം മിണ്ടിയില്ല. വിലക്കുകളാൽ പൊതിയപ്പെട്ട് ചുരുണ്ടു കൂടി.)ഇത് ഗാന്ധിസത്തിനും ബാധകമാണ്.
രാഷ്ട്രീയത്തെ investment of power എന്നാണ് വിളിക്കുന്നത്.
അത് പള്ളികളിലൊ അമ്പലങ്ങളിലൊ സാമുദാ യികനേതാക്കളിലെ, ഗ്രാമമണ്ഡലങ്ങളിലോ ആകാം.
' political Capital എന്നത് രക്തസാക്ഷികളിലാണ്. അതിലൂടെയാണ് അത് അതിജീവിക്കുന്നത്. ഓരോ രക്തസാക്ഷിയും ഒരു Capital ആണ്. അത് ചരിത്രമെഴുതും. ഗാന്ധി ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ്റ്റ് എന്ന പാർട്ടി ഉണ്ടാകുമായിരുന്നില്ല. അതു കൊണ്ടാണ് ഗാന്ധി കൊല്ലപ്പെട്ടത്.ഗാന്ധി കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ്സ് ഒരു Political പiർട്ടിയായി വളർന്നു.പക്ഷെഗാന്ധി അഹിംസയാണ് പ്രചരിപ്പിച്ചത്.എന്നാൽ ആ അഹിംസാ സിദ്ധാന്തത്തിലൂടെ നിരവധി ആളുകൾ ഹിംസയ്ക്കു ഇരയാകേണ്ടി വന്നു എന്നതാണ് സത്യം ..
ജാലിയൻവാലാബാഗും, വാഗൺ ട്രാജഡിയും ചില ലളിത ഉദാഹരണങ്ങൾ മാത്രം.
മനുഷ്യന്റെ ഉൻമാദത്തിന്റെ ഏറ്റവും അവസാന മേഖലയാണ് യുദ്ധം' അതിന്റെ ലളിത രൂപമാണ് രാഷ്ട്രീയ കൊലപാതകങ്ങൾ .ഓരോ ഉൻമാദവും ഓരോ ചരിത്രമെഴുതുന്നു.ഗാന്ധിയെ കൊന്ന ഗോഡ്സേ ചരിത്രമായി. അയാൾക്കായി പുതിയ അമ്പലം നിർമ്മിക്കാൻ ഭരണകൂടം ശ്രമിക്കുന്നു.
ചരിത്രമപ്പോൾ നിശ്ചലമാകുയാണ്.ഗാന്ധിയല്ല ശരി ഗോഡ്സേ യാണെന്ന ഒരു മറുവാദം രൂപപ്പെടുന്നു. പിൽക്കാലം ഗാന്ധിയുടെ ചിത്രത്തിനു നേരേ ഭരണ കൂടെ പ്രതിനിധാനങ്ങൾ നിറയൊഴിക്കുന്നു.
രാഷ്ട്രീയ വ്യവസ്ഥകളുടെ അനേകം നടപ്പാതകളെയാണ് "െകാടി " മുന്നിൽ നിർത്തുന്നത്.രജനി വെള്ളോറ ഈ നടപ്പാതകളിൽ തന്റെ കൊടി പിടിക്കുന്നു. വർഗ്ഗീകരിക്കപ്പെട്ട അനേകം രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ സ്ത്രീയുടെ അവസ്ഥയെ നോക്കിക്കാണുന്നത് .
സ്ത്രി വാദങ്ങൾ ലിംഗ രാഷ്ട്രീയത്തിലേകും, സംവാദങ്ങളിലേക്കും വികസിക്കുന്നു എന്ന് കവിത വിശദീകരിക്കുന്നു. സ്ത്രികർതൃ ബോധത്തെക വിതപ്രഖ്യാപനം നടത്തുന്നു എന്ന സവിശേഷത കൂടി കവിത ദൃഢീകരിക്കുന്നു.
മരണങ്ങളെവർഗ്ഗീ
കരണത്തിന് വിധേയമാക്കുമ്പോഴാണ് ചില മരണങ്ങൾ ന്യായവും, ചിലവ അന്യായങ്ങളുമായി മാറുന്നത്. എന്റെ ന്യായം വേറൊരു അന്യായമായ് വരും. അത് വർഗ്ഗീകരണത്തിന്റെ Symbol പോലെ ഇരിക്കും. എല്ലാ മരണവും ദു:ഖം ഉളവാക്കുന്നു. പ്രാധാന്യമനുസരിച്ച് ഏറ്റക്കുറച്ചിൽ ഉണ്ടാവും എന്നു മാത്രം.
ദൽഹിയിൽ കൂട്ടബലാൽസംഘത്തിന് ഇരയായ് കൊല്ലപ്പെട്ട കുട്ടിയെക്കുറിച്ച് ഓർത്ത് നാടിന്റെ പൊതുബോധം കരഞ്ഞു.പ്രതികളായവർ ജയിലിനുള്ളിൽ സന്തോഷിച്ചു. അവരേ ഓർത്ത് അവരുടെ കുടുംബങ്ങൾ ദുഖിച്ചു.തൂക്കുകയർ വിടുതൽ ന ൾകാൻ സത്യാ ഗ്രഹമിരുന്നു.മരണത്തന്റെ
പ്രതിഫലനം ഇങ്ങനെ കൂടിയാണെന്ന് പറഞ്ഞു എന്നു മാത്രം.
എന്റെ കൊടി പറക്കുമ്പോൾ അപരന്റ കൊടി നനഞ്ഞൊട്ടിക്കിടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കൊടിയും നിറവും അപരവൽക്കരിക്കുന്നത് ഇങ്ങനെയാണ്. അതിന്റെ മൂർച്ചയിൽ ചില മരണങ്ങൾ / കൊലപാതകങ്ങൾ ചിലരുടെ ആനന്ദമൂർച്ചയുടെ ബഹാർ സ്ഫുരണങ്ങളാണ്. അപ്പോൾ തന്നെ അതിന്റെ മറുപുറവും വരുന്നു. ആർദ്രതയും, ദീതിയും, ദുഃഖാ കുലവുമായ ഒരു Space വിളറി നിൽക്കുന്നു. അതു കൊണ്ടാണ് ഓരോ മരണത്തിന്റെയും Impactവൈരുദ്ധ്യമുള്ളതായി തോന്നുന്നത്.
ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലർ മരിച്ച വാർത്തയറിഞ്ഞ് നിരവധി പേർ ആത്മഹത്യ ചെയ്തു. ചരിത്രത്തിലെ ഏറ്റവും വൈരുദ്ധ്യമുണ്ടായ നിമിഷമായിരുന്നു അത്.
അനേകം മനുഷ്യരെ കൊലക്കു കൊടുത്തിട്ടാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് ഓർക്കുമ്പോൾ നാം സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നില്ല.
നേരത്തേ പറഞ്ഞതുപോലെ അനേകരെ കൊലക്കു കൊടുത്തിട്ടാണ് ഗാന്ധി നമുക്ക് സ്വതന്ത്രൃം നേടി ത്തന്നതെന്ന സത്യം വിളിച്ചു പറയാൻ ആരും ധൈര്യപ്പെടില്ല.പക്ഷെ ഗാന്ധി ഒരു കൂട്ടക്കൊലയാളി എന്ന രഹസ്യ ഭാഷ്യം അന്ന് രാഷ്ട്രീയ ഇടങ്ങിൽ പിറുപിറുത്തിരുന്നു. ഗാന്ധി കൊല ചെയ്യപ്പെടും വരെ ഒരു മണൽത്തരി പോലും അദ്ദേഹത്തിനു മേൽ വീണിട്ടില്ല എന്നത് ചരിത്ര സത്യം .അപ്പോൾ ഷൂസിട്ടു ചവിട്ടിയ വെള്ളക്കാരനോട് താങ്കൾക്ക് വേദനിച്ചൊ എന്ന ചോദ്യം ഉയർന്നു വരും.അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കരിസ് മാറ്റിക് ഗിമ്മിക്കാണെന്ന ഭാഷ്യം രoഗ പ്രവേശം ചെയ്യും.(ശ്രീനിവാസന്റെ "തല്ലിക്കൊ എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ എന്ന നാടോടിക്കാറ്റ് ഡയലോഗ് ഓർമ്മയിൽ വരുന്നു.)
മരണം എന്നത് ജീവിതത്തിന്റെ തുടർച്ചയാണ്. Nothing more, Nothingeess.
രാഷ്ട്രീയ നീതി സങ്കല്പങ്ങൾ പൊരുത്തപ്പെടാനാവാത്ത ഒരു ഹിംസകെ വി കസിപ്പിച്ചത് അധികാര രാഷ്ട്രീയത്തിന്റെ നിലനില്പിനു വേണ്ടി കണ്ട് -
ഈ കവിത രാഷ്ട്രീയ കൊലപാതകത്തിന്റെ വിശകലനമാണ്. കൊടി ഒരു അടയാളമാണ്.
മുക്കുട്ടുകവല കേരളമെന്ന രാഷ്ട്രീയ ഭൂപടമാണ്.
നവോത്ഥാനന്തരകേരളം ആധുനികാനന്തര കേരളത്തെരൂപീകരിച്ചപ്പോൾ സംഭവിച്ചതെന്താണ് എന്ന ചോദ്യമുണ്ട്.നവോത്ഥാനന്തരകേരളം രൂപപ്പെട്ടതിൽ യൂറോപ്പിറ്റല രാഷ്ട്രീയ ചലന ഗതികളുടെ സ്വാധീനമുണ്ടായിരുന്നു. ആധുനികാനന്തര കേരളം നിരവധി രാഷ്ടീയ കൊലപാതകങ്ങളിലൂടെ അനേകം നിരാലംബരെ നിർമ്മിച്ചെടുത്തു എന്നതാണ് സത്യം: കൃത്യമായ ഒരു നിഷ്പക്ഷതയില്ലാതെ കവി മനോനില തെറ്റിയ ഒരു അവസ്ഥ പോലെയാണ് കവിത അവസാനിപ്പിക്കുന്നത്.
"മുക്കൂട്ട് കവലയിലെ മൂന്നു
കൊടിമരങ്ങളിലെ
ഏതോ ഒരു കൊടി പുതച്ചാണ്, എന്റെ സ്വപ്നങ്ങൾ ഉറങ്ങികിടക്കുന്നത് "
ഇതിലെ നിസ്സഹായതയുണ്ട്. ഭയമുണ്ട്. ഈ ഭയമാണ് ഇപ്പോഴും വീടുകളിൽ തളം കെട്ടി നിൽക്കുന്നത് '
വർത്തമാനകാല കേരള രാഷ്ട്രീയ ഭൂപടങ്ങളിലെ രാഷ്ട്രിയ കൊലപാതകങ്ങളിൽ അനാഥമാക്കപ്പെട്ട നിരവധി " അവളുമാരുടെ "പറച്ചിലിലൂടെ ഈ കവിത നിറഞ്ഞ ഒരു പെൺ കവിതയായി കാണാം.
യുദ്ധങ്ങിലും കലാപങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും, മതവർഗ്ഗീയ സംഘർഷങ്ങളിലും ഏറെ ദുരന്തങ്ങoൾ അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണെന്ന ചരിത്ര സമ്മിതി കവി ഒരിക്കൽ കൂടി വിരൽ ചൂണ്ടുന്നു.
മരണത്തിനു നിറമില്ല എന്ന ഭാവുകത്വദർശനം രജനി മറികടക്കുകയാണ് കവിതയിലൂടെ. ഈ കവിതയിലെ മരണത്തിന് നിറമുണ്ട്. പിടിക്കുന്ന കൊടിയുടെ നിറമാണ് മരണത്തിന്നും എന്ന് പറയുന്നു.
പക്ഷെ ഇവിടെ ഉദാഹരിക്കപ്പെട്ട രാഷ്ട്രീയ കൊലപാതകത്തിൽ മരണപ്പെട്ട ആൾ പുതച്ച കൊടി ആരുടേതാണെന്ന ചോദ്യം ഉയരുന്നു.നിർണ്ണായകമായ ഈ നില കേരളിയ രാഷ്ട്രീയ നിർവചനങ്ങളെ വിചാരണ ചെയ്യുന്നു' കൊല്ലപ്പെട്ട വ്യക്തിയെ പുതച്ച കൊടി- പുതക്കേണ്ടിയിരുന്ന കൊടി എന്നിങ്ങനെയുള്ള ദ്വന്ദങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്.
ഗേറ്റുകളും, മതിലുകളും തീർത്ത നില ജനകീയതയുടെ വിശ് ഛേദമാണ്. ചട്ടക്കൂടുകളുടെ ബന്ധ നാവസ്ഥയെ കവി ചോദ്യം ചെയ്യുന്നു.
| "വലിയ മതിൽക്കെട്ടിനു മുന്നിൽ
അന്തിച്ചു നിന്നു." ഈ അന്ധാളിപ്പാണ് സാധാരണ മനുഷ്യൻ അഭിമുഖീകരിക്കുന്നത്.
"എന്റെ വീടിനു ചുറ്റും ആരോ മതിൽ കെട്ടി " എന്ന സങ്കടം അധ്വാനിക്കുന്ന മനുഷ്യന്റെ അഭയകേന്ദ്രങ്ങൾക്കുനേരെയുള്ള മതിലു കെട്ടലാണെന്ന കവി ഉറക്കെ വിളിച്ചു പറയുന്നു. ഈ മുദ്രാവാക്യം മറ്റൊരു രാഷ്ട്രിയ വ്യവഹാരത്തിനുള്ള വാതിൽ തുറന്നിട്ടു കൊണ്ടാണ്ട് രജനി കവിത അവസാനിപ്പിക്കുന്നത്.
സമീപകാല രാഷ്ട്രിയ കൊലപതകങ്ങളിിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഇതൾ രജനി വെള്ളൊറ ഗൂഢമായി വെളിപ്പടുത്തി യിട്ടുണ്ട്.
കവിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹത്തോടെ
വി.കെ.ഷാജി.
==========
കൊടിയുടെ അസ്‌തിത്വ പ്രതിസന്ധികളിലൂടെ
ഒരു വാഹന പ്രചരണ യാത്ര
....................................................
മരത്തിനു രണ്ടു തലമുണ്ട്. ഒന്ന് കാണപ്പെടുന്ന തലവും മറ്റേത് കാണപ്പെടാത്ത തലവും. കാണപ്പെടുന്ന തലം മണ്ണിനു മുകളിൽ സൂര്യന് അഭിമുഖമായുള്ളതും കാണപ്പെടാത്ത തലം മണ്ണിന് താഴെ ഇരുളിൽ മറഞ്ഞുകൊണ്ട് മരത്തെ മണ്ണിൽ താങ്ങി നിർത്തുന്നതും, മരത്തിന് മണ്ണിൽ നിന്നും വെള്ളവും വളവും വലിച്ചു നൽകി മരത്തിന് ജീവൻ പകർന്നു നൽകുന്ന വേരുകളോട് ബന്ധപ്പെട്ടതുമാണ്.
ഇതുപോലെ മനുഷ്യനും രണ്ടു തലമുണ്ട്. ദൃശ്യമായതും അദൃശ്യമായതുമായ രണ്ടു തലം. ദൃശ്യമായിരിക്കുന്നതിനെ കുറിച്ച് മനുഷ്യൻ ജാഗ്രതാ ബോധമുള്ളവനാണ്. എന്നാൽ അദൃശ്യമായിരിക്കുന്ന തലം അവന് അജ്ഞാനമായിരിക്കുന്നതിനാൽ ആ തലം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിക്കുന്നു. സാധാരണ ഈ അന്വേഷണത്തെ സ്പിരിച്വൽ ക്വസ്റ്റ് ആയാണ് കണക്കാക്കിവരുന്നത്.
സഹജമായ സ്വത്വത്തെ ഉദ്ഘനനം ചെയ്‌തു കണ്ടെടുക്കുന്നതിനായുള്ള സ്പിരിച്വൽ ക്വസ്റ്റ്. അങ്ങിനെയുള്ള ഒരു മനോവ്യാപാരത്തിലൂടെയാണ് കവിത തുടങ്ങുന്നത്.
"വീട്ടിലേക്കുള്ള വഴി
എപ്പോഴും മറന്നുപോകുന്നെന്ന്
അവൾ ഇന്നലെയും
പറഞ്ഞിരുന്നു."
സത്യത്തിൽ നാം വലിയൊരു മറവിയിൽപ്പെട്ടു കിടക്കുകയാണ്. അത് ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. പ്രാഗ്‌ബോധ കാലത്തിൽത്തന്നെ തുടങ്ങിയതാണ്. മറവിയുടെ മറനീക്കി ഞാൻ എന്നതിന്റെ പൊരുളറിയുന്നതിനായുള്ള ഈ സ്പിരിച്വൽ ക്വസ്റ്റ് ചാലക ശക്തിയായാണ് മനുഷ്യൻ തത്വശാസ്ത്രത്തിലേക്കും മതത്തിലേക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേയ്ക്കും എത്തപ്പെടുന്നത്. എന്നാൽ സാധാരണയായി പലരും ഇത് അറിയാതെ പോവുകയാണ് പതിവ്.
മനുഷ്യൻ തന്റെ ജീവിതത്തിന് അർത്ഥമോ ലക്ഷ്യമോ മൂല്യമോ ഉണ്ടോ എന്ന് ചോദ്യം ചെയ്യുന്ന നിമിഷങ്ങളാണ് സ്വത്വ പ്രതിസന്ധികൾ അല്ലങ്കിൽ അസ്‌തിത്വ പ്രതിസന്ധികൾ.
മനുഷ്യൻ തന്റെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും മൂല്യവും തിരയുന്നത് അസാധാരണമല്ല. എന്നിരുന്നാലും, അസ്തിത്വപരമായ ഒരു പ്രതിസന്ധിയോടെ, തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. ചില ആളുകൾക്ക്, ഉത്തരങ്ങളുടെ അഭാവം ഉള്ളിൽ നിന്നും ഒരു വ്യക്തിപരമായ സംഘട്ടനത്തിന് കാരണമാകുന്നു, ഇത് നിരാശയ്ക്കും ആന്തരിക സംഘർഷങ്ങൾക്കും കാരണമാകുന്നു. ഇതിന്റെ ഭാഗമായാണ് ഓരോരുത്തരും ഓരോ കൊടിയുടെയും ആ കൊടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെയും ഭാഗമായി നിന്നുകൊണ്ട് ജീവിക്കുവാൻ പ്രേരിപ്പിക്കുന്നത്.
"മുക്കൂട്ടു കവലയിൽ നിന്നും
വലത്തോട്ടോ അതോ
ഇടത്തോട്ടോ!
പാർട്ടി ഗ്രാമങ്ങൾ എന്നപേരിൽ അറിയപ്പെടുന്ന പൊളിറ്റിക്കൽ അടിമകളെ സൃഷ്ടിക്കുന്ന കോളനികൾ ഇന്ന് കേരളത്തിൽ തഴച്ച് വളർന്നു കൊണ്ടിരിക്കുമ്പോൾ; കേരളത്തിൽ, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിലെയൊ, ചെറു പട്ടണങ്ങളിലെയൊ കവലകളിൽ വ്യത്യസ്‌ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും ആ കൊടിമരങ്ങളിൽ കെട്ടിയിട്ടുള്ള പല നിറത്തിലുള്ള കൊടികളും നിത്യക്കാഴ്ചയാണ്. ഇത് രാഷ്ട്രീയ പാർട്ടികളുടെ പേരും പെരുമയും വിളിച്ചോതുന്നതിനും കവല പ്രസംഗങ്ങൾക്കും ടീ ഷോപ് പൊളിറ്റിക്‌സിനും വഴിമരുന്നൊരുക്കുന്നു.
ഇതിൽ ഏതുകൊടിയുടെ പിന്നിൽ അണിനിരക്കണം എന്നതിനെ കുറിച്ച്
ഓരോരുത്തർക്കും അവരുടേതായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്, അത് അവരുടെ ജീവിതത്തെ മികച്ചതോ മോശമോ ആക്കി മാറ്റാൻ കഴിയും. ആരെങ്കിലും അവർക്കായി തീരുമാനമെടുക്കുന്നതിന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നു.
ഒരാളുടെ തിരഞ്ഞെടുക്കുന്നതിന്റെ അനന്തരഫലങ്ങൾ അയാൾ അംഗീകരിക്കണം. നന്നായി അവസാനിക്കാത്ത ഒരു തിരഞ്ഞെടുപ്പ് നടത്താൻ ഒരാൾ അയാളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുകയാണെങ്കിൽ, അയാൾക്ക് ആരുടെയും മേൽ കുറ്റം ചുമത്താൻ കഴിയില്ല.
ചിലരെ സംബന്ധിച്ചിടത്തോളം, ഈ സ്വാതന്ത്ര്യം അതിരുകടന്നതാണ്, അത് അസ്തിത്വപരമായ ഉത്കണ്ഠയ്ക്ക് കാരണമാകുന്നു, ഇത് ജീവിതത്തിന്റെ അർത്ഥത്തെയും തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ഉത്കണ്ഠയാണ്.
വലത്തോട്ട് തിരിഞ്ഞ്
നാലാമത്തെ ഗേറ്റില്ലാത്ത വീടാണെന്ന്
വീണ്ടും ഞാൻ ഓർമിപ്പിച്ചു."
അസ്തിത്വപരമായ പ്രതിസന്ധി സമയത്ത്, ഒരാൾക്ക് വിഷാദരോഗത്തിന്റെ സാധാരണ വികാരങ്ങൾ അനുഭവപ്പെടാം. ഈ പ്രവർത്തന ലക്ഷണങ്ങളിൽ പ്രിയപ്പെട്ട പ്രവർത്തനങ്ങളോടുള്ള താൽപര്യം നഷ്ടപ്പെടുക, ക്ഷീണം, തലവേദന, നിരാശയുടെ വികാരങ്ങൾ, നിരന്തരമായ സങ്കടം ഓർമ്മക്കുറവ് എന്നിവ അനുഭവപ്പെടാം.
അസ്തിത്വപരമായ വിഷാദത്തിന്റെ കാര്യത്തിൽ, ഒരാൾക്ക് ആത്മഹത്യയെക്കുറിച്ചോ ജീവിതാവസാനത്തെക്കുറിച്ചോ ചിന്തകളുണ്ടാകാം, അല്ലങ്കിൽ ഒരാളുടെ ജീവിതത്തിന് ലക്ഷ്യമില്ലെന്ന് തോന്നാം.
ഇത്തരത്തിലുള്ള വിഷാദരോഗത്തോടുള്ള നിരാശ, അർത്ഥമില്ലാത്ത ജീവിതത്തിന്റെ വികാരങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം ഉദ്ദേശ്യത്തെ നിങ്ങൾക്ക് ചോദ്യം ചെയ്യാം:
"എന്നിട്ടും ഇടത്തോട്ട് തിരിഞ്ഞ്
അഞ്ചാമത്തെ വീടിന്റെ
വലിയ മതിൽക്കെട്ടിനുമുന്പിൽ
അന്തിച്ചുനിന്ന്
അവളെന്നെ വിളിച്ചു"
അസ്തിത്വപരമായ ഒരു പ്രതിസന്ധി ആർക്കും സംഭവിക്കാം, ഇത് അവരുടെ നിലനിൽപ്പിനെയും ജീവിത ലക്ഷ്യത്തെയും ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നു. ഈ ചിന്താഗതിയുടെ ഗൗരവം നിലനിൽക്കുന്നുണ്ടെങ്കിലും, ഒരു പ്രതിസന്ധിയെ മറികടന്ന് ഈ പ്രതിസന്ധികളെ മറികടക്കാൻ കഴിയും
"എന്റെ വീടിനു ചുറ്റും
ആരോ മതില്കെട്ടി'.
തൊണ്ടയിൽ കുരുങ്ങിയ
സങ്കടക്കരച്ചിൽ
അപ്പാടെ വിഴുങ്ങി
വീണ്ടും ഞാനവളെ
വീട്ടിലേക്ക് നടത്തിച്ചു."
മനുഷ്യനായിരിക്കുക എന്നതിന്റെ ആഴം ഉൾക്കൊണ്ടുകൊണ്ട് സ്വതന്ത്രമായ ചിന്തയിലൂടെ, ദർശനത്തിലൂടെ സ്വന്തം ജീവിതം ജീവിക്കുക എന്നത് ദുഷ്‌കരമായ പ്രവർത്തിയാണ്.
അതും ജാതിയുടെയും, മതത്തിന്റെയും, കക്ഷിരാഷ്ട്രീയത്തിന്റെയും, വിശ്വാസങ്ങളുടെയുമെല്ലാം മതിലുകൾ കെട്ടി മനുഷ്യനെ വേർതിരിച്ചു കാണുകയും, വേർപ്പെടുത്തി നിർത്തുകയും ചെയ്യുന്ന ഒരു കാലത്തിൽ...!
"മൂക്കൂട്ടുകവലയിലെ
മൂന്നു കൊടിമരങ്ങളിലെ
ഏതോ ഒരു കൊടി
പുതച്ചാണ് തന്റെ
സ്വപ്‌നങ്ങൾ ഉറങ്ങിക്കിടന്നതെന്ന
ചെറിയോരോർമ്മയുണ്ടെന്ന്
അവൾ ഇന്നും പറഞ്ഞു."
മൂന്ന് കൊടിമരങ്ങൾ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായിട്ടുള്ള ഇടതുപക്ഷ, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളെ പ്രതിനിധാനം ചെയ്‌ത് ഓരോ കവല മുക്കിലും നിലകൊണ്ടുകൊണ്ട് രാഷ്ട്രീയ ഇരകളെ തേടുന്ന വർത്തമാനകാല സമസ്യകൾ..
കക്ഷിരാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കൊല്ലും കൊലയും കൊള്ളിവെപ്പും ചേരിപ്പോരുകൾ പകപോക്കലുകൾ നിത്യ സംഭവമായി മാറുന്ന ഒരു കാലത്തിലേക്ക് കേരള രാഷ്ട്രീയം പരിണമിച്ചിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയ്ക്ക് വെള്ളവും വളവും നൽകാൻ അവർക്ക് രക്തസാക്ഷികളെ, ബലിദാനികളെ ആവശ്യമായി വരുന്ന ദയനീയ കാഴ്‌ച്ച . രാഷ്ട്രീയത്തിന്റെ ധാർമ്മികതയ്ക്കും നൈതികതയ്ക്കും കൂച്ചുവിലങ് ഇട്ടുകൊണ്ട് കൊലപാത രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ കൂപ്പുകുത്തൽ. അങ്ങിനെ ഒരാളുടെ ഉള്ളിലെ സ്പിരിച്വൽ ക്വസ്റ്റിന്റെ എല്ലാ സാധ്യതകളെയും രാഷ്ട്രീയ പാർട്ടികൾ പരമാവധി ചൂഷണം ചെയ്‌ത് അവനെ ചാവേറുകളും ബലി മൃഗങ്ങളുമാക്കി മാറ്റുന്ന ഖേദകരമായ കാഴ്ച്ച.
മനുഷ്യനിലെ സഹജവും സ്വാഭാവികവുമായി സംഭവിക്കുന്ന സ്പിരിച്വൽ ക്വസ്റ്റിനെ വഴിമാറ്റി അതിന്റെ ജൈവിക ഊർജ്ജത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കൊടി കൈകളിലേന്തി സഹോദര മനുഷ്യന്റെ ജീവൻ കവർന്നെടുക്കുന്നതിനായുള്ള കഠാരയാക്കുന്ന രാഷ്ട്രീയ അപചയത്തിന്റെയും ജീർണ്ണതയുടെയും ചിത്രങ്ങൾ തന്റെ തൂലികയുടെ ക്യാൻവാസിൽ വരയ്ക്കുകയാണ് കൊടി എന്ന കവിതയിലൂടെ കവയിത്രി രജനി വെള്ളോറ.
സൂക്ഷ്മ രാഷ്ട്രീയത്തിന്റെയും സാമൂഹ്യ വിമർശനങ്ങളുടെയും ഉരുക്കി ചേർക്കലുകൾ കവിതയുടെ കരുത്തായി നിലകൊള്ളുന്നു.
രമേഷ് ഡിസൈൻലാബ്