Tuesday, 25 May 2021

കവിത - ശരികൾ(തെറ്റുകളും)

 ശരികൾ(തെറ്റുകളും)


ഇസ്രയേലോ പാലസ്തീനോ

ആരാണ് ശരി,

അല്ലെങ്കിൽ ആരാണ് തെറ്റ്!


കണ്ണീരും ചോരയും കലർന്ന മണ്ണിൽ

 ഒരു പൂവെങ്കിലും വിരിഞ്ഞിട്ടുണ്ടാകില്ലേ?

തോക്കിൻ കുഴലിൽനിന്ന്

ആകാശനീലിമയിലേക്ക്

ഒരു വെള്ളരിപ്രാവ്

എന്നെങ്കിലും പറന്നുയരുമോ!


അമ്മേയെന്ന ആർത്തനാദം

ഭാഷയറിയില്ലെങ്കിലും

മർത്ത്യർക്ക് മനസ്സിലാവാതെ വരുമോ?


അതിർത്തികൾക്കുള്ളിലെദേശവും 

അതിർത്തിയില്ലാത്ത ദേശീയതയും

രാഷ്ട്രമീമാംസയെഴുതിയ

പുസ്തകത്താളുകളിൽ

ചത്ത അക്ഷരങ്ങളിലുറങ്ങുന്നു.


ജോർദ്ദാൻ നദിയിലെ

വിശുദ്ധജലത്താൽ

ശുദ്ധീകരിക്കപ്പെട്ടവൻ

അവസാനതുള്ളിരക്തവും

വാർന്നൊഴുകിയപ്പോഴും

വിശക്കുന്നവന് അപ്പവും വീഞ്ഞുമാകാൻ

സ്നാനപ്പെട്ടുകൊണ്ടേയിരുന്നു.


മൂന്നാമത്തെ പുണ്യഭൂമിയിലേക്ക്

അള്ളാഹുവിന്റെ സാന്നിദ്ധ്യത്തിനായി നീങ്ങുന്നവരുടെ നീണ്ടനിര.


പണ്ടെങ്ങോ വിട്ടുപോയ രാജ്യത്തിലേക്ക്

നഷ്ടപ്പെട്ടുപോയ സ്വത്വത്തിലേക്ക്

തിരിഞ്ഞോടുന്ന ജൂതപ്പട.


ആരാണ് ശരി,

ആരാണ് തെറ്റ്,

എന്നും എവിടെയും

ഒരാളുടെ ശരിയല്ല

മറ്റൊരാളുടേത്

വിധിക്കാൻ നമ്മളാരാണ്!


പക്ഷേ

കൊലക്കളങ്ങളിൽ എങ്ങനെ സമാധാനം വരും

ചോരക്കൊതിപൂണ്ട്

ഉറ്റുനോക്കിയിരിക്കുന്നവർ

ആരാണ്?


എന്താണെഴുതേണ്ടത് ഞാൻ,

നീ പറയുന്നതുപോലെ

എഴുതാൻ വയ്യ

നിന്റെ ശരിയല്ലല്ലോ എന്റെ ശരി.


ഈ വെളുത്ത റോസാപുഷ്പം നീ സ്വീകരിക്കുമോ ഇനിയെങ്കിലും,

അല്ല, ഇത് ചുവന്നുപോയി

ആരുടെയൊക്കെയോ രക്തംവീണ്...

മനുഷ്യരുടെ രക്തം ചുവപ്പുതന്നെയാണ് സഖേ...

എവിടെയും..


രജനി



കവിത -പണ്ടൊരിക്കൽ

 Gabriel Okara എഴുതിയ Once Upon A Time

എന്ന കവിതയുടെ സ്വതന്ത്രവിവർത്തനം..


പണ്ടൊരിക്കൽ

---------------------

കുഞ്ഞേ,

പണ്ടൊരിക്കൽ

കണ്ണുകൾകൊണ്ടും ഹൃദയംകൊണ്ടും

ചിരിക്കുന്ന ആളുകളുണ്ടായിരുന്നു

പക്ഷേ ഇപ്പോഴൊക്കെ ആളുകൾ

വികാരങ്ങൾ മരവിച്ച കണ്ണുകൾകൊണ്ട്

എന്റെ നിഴലിനെത്തിരയുകയും

വെറുതേ പല്ലിളിച്ചുകാട്ടുകയും ചെയ്യുന്നു.


കുഞ്ഞേ,

ഒരു കാലമുണ്ടായിരുന്നു

ഹാർദ്ദമായി ഹസ്തദാനം ചെയ്തൊരുകാലം!

ആ കാലവും പോയ്മറഞ്ഞു,

ഇന്ന്, വെറും പുറംമോടിക്കായി

 വലതുകൈ നീട്ടുകയും

ഇടതുകയ്യാലെന്റെ

ഒഴിഞ്ഞകുപ്പായക്കീശയിൽ

പരതുകയും ചെയ്യുന്നവരനേകം!


സ്വന്തം വീടുപോലെകരുതി

ഇനിയും വരണമെന്ന് പണ്ടൊക്കെ

ആളുകളെന്നോട് പറഞ്ഞിരുന്നു.

ഒന്നും രണ്ടും തവണകൾക്ക്ശേഷം

മൂന്നാംതവണയവർ വാതിലുകളെന്റെ

 മുഖത്തിന് നേരെ കൊട്ടിയടച്ചു!


കുഞ്ഞേ, 

അങ്ങനെയാണ് ഞാൻ

മാറ്റിമാറ്റി ധരിക്കുന്ന വസ്ത്രങ്ങൾ പോലെ

പല മുഖങ്ങളെടുത്തണിയാൻ പഠിച്ചത്-

വീട്ടുമുഖം, ഓഫീസ് മുഖം, പാർട്ടിമുഖം, ആതിഥേയമുഖം അങ്ങനെ പലതും,

കൂട്ടത്തിൽ ഛായാചിത്രത്തിലെപ്പോലൊരു പുഞ്ചിരിയും ഒട്ടിച്ചുവെക്കും!


പല്ലുകൾകാട്ടി പൊള്ളച്ചിരി ചിരിച്ചും

പുറംപൂച്ചിനായി ഹസ്തദാനം ചെയ്തും

സന്തോഷമൊട്ടുമില്ലാതെ

'കണ്ടതിൽ സന്തോഷ'മെന്നും

ബോറടിച്ചിട്ടും,

'നിങ്ങളോട് സംസാരിക്കാൻ സന്തോഷ'മെന്നും

'പോയി തുലയ്' എന്ന് മനസ്സിലോർത്ത്

'ഗുഡ്ബൈ' എന്നും പറയാൻ

ഞാൻ പഠിച്ചുകഴിഞ്ഞു.


കുഞ്ഞേ,

എന്നെ വിശ്വസിക്കൂ,

നിന്നെപ്പോലെയിരുന്ന ഒരു കാലത്തിലേക്ക്

എനിക്ക് തിരിച്ചുപോകണമായിരുന്നു,

ഞാൻ പഠിച്ചുവച്ചതൊക്കെ എനിക്ക് മറക്കണമായിരുന്നു

കണ്ണാടിയിൽക്കാണുന്ന എന്റ വിഷപ്പല്ലുകൾ കാട്ടാതെ എനിക്ക് ചിരിക്കാൻ പഠിക്കണമായിരുന്നു.


കുഞ്ഞേ,

പണ്ടൊരിക്കൽ  കുഞ്ഞായിരുന്നപ്പോൾ

ഞാൻ പൊട്ടിച്ചിരിക്കുകയും

പുഞ്ചിരിക്കുകയും ചെയ്തതുപോലെ

നീയൊന്നെന്നെ ചിരിച്ചു കാണിക്കാമോ..


രജനി വെള്ളോറ

അവളും അമ്മയും

 അവളും അമ്മയും

------------------------------

പ്രശസ്ത എഴുത്തുകാരി ശശി ദേശ്പാണ്ഡെയുടെ ഒരു ലേഖനമുണ്ട്,  അമ്മയാകാൻ പഠിക്കണം(Learning to be a mother) എന്നാണ് ടൈറ്റിൽ.

അമ്മയാകാൻ വേണ്ടുന്ന നിർദ്ദേശങ്ങളല്ല ഇതിൽ. ഓരോ സ്ത്രീയും അവരുടെ സന്തോഷങ്ങളൊന്നും വേണ്ടാന്നു വച്ചിട്ട് അമ്മയാകരുത് എന്നാണ് 😊.


വിവാഹത്തിനുശേഷം പഠനം തുടരാം എന്ന മോഹനവാഗ്ദാനത്തിൽ മയങ്ങി, വിവാഹിതയാവുകയും ഗർഭിണിയായതിനാൽ പഠനം തുടരാനാകാതിരിക്കുകയും ചെയ്ത സ്ത്രീകളുടെ എണ്ണം, എണ്ണിയാൽ  തീരാത്തത്രയും ഉണ്ട്.  തന്റെ കരിയറിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ വിവാഹിതയാവുകയും കുഞ്ഞുണ്ടാവുകയും ചെയ്ത ഒരുവളെ അറിയാം. ഓട്ടിസം ബാധിച്ച കുഞ്ഞിനു വേണ്ടി സർവ്വവും ഉപേക്ഷിക്കേണ്ടിവന്ന അവൾക്ക് സന്തോഷം പോലും അന്യമായിപ്പോയി. ആരുടെയും തെറ്റല്ല...എങ്കിലും.......


വേറൊരു വിഭാഗം അമ്മമാർ  ഇതാ.....


കണ്ണീരുവരില്ലെങ്കിലും ഏറ്റവുംകടുത്ത വേദന സഹിച്ച് ഭാവിതലമുറയ്ക്ക് ജൻമം നൽകുന്നവൾ. ....

കുഞ്ഞുണ്ടായില്ലെങ്കിൽ പാട്രിയാർക്കി മാത്രമല്ല, സ്ത്രീകളും ആഞ്ഞാഞ്ഞുകുത്തും. അതു സഹിക്കാനുള്ള ശക്തിയില്ലാതെ പലപ്പോഴും അമ്മയാകുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. പോസ്റ്റ്പാർട്ടം ഡിപ്രഷനും മറ്റു മാനസികപ്രശ്നങ്ങളുമായി ശിഷ്ടജീവിതം, കഷ്ടജീവിതം ആക്കുന്നവർ!


സ്വന്തം അമ്മയെയോ, ഭർത്താവിന്റെ അമ്മയെയോപോലും മനസ്സിലാക്കാത്തവർ ,  അമ്മയായിക്കഴിഞ്ഞ്, ആ കുഞ്ഞിന്റെ മേൽ , തന്റെ നടക്കാതെപോയ സ്വപ്നങ്ങളുടെ വലിയ ഭാണ്ഡം എടുത്തുവെക്കുന്നു. നൃത്തം ഇഷ്ടമല്ലാഞ്ഞിട്ടും  അമ്മയ്ക്കുവേണ്ടി നൃത്തം പഠിക്കുന്ന പാവം കുട്ടി, സയൻസ് ഇഷ്ടമല്ലാഞ്ഞിട്ടും അമ്മയ്ക്കുവേണ്ടി ഡോക്ടറാകാൻ ശ്രമിക്കുന്ന വേറൊരുകുട്ടി!

നീണ്ടമുടി ഇഷ്ടമല്ലാത്ത വേറൊരുവൾ, അമ്മയ്ക്കുവേണ്ടി മാത്രം അത് നീട്ടി വളർത്തിയിരിക്കുന്നു, വേറൊരിടത്ത് നേരെ തിരിച്ചും..എത്ര ദയനീയം അല്ലേ?!!


പ്രശസ്ത സെയിലർ അഭിലാഷ് ടോമിയുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു. കുഞ്ഞുന്നാൾമുതൽ ആകാശത്തെയും കടലിനെയും സ്വപ്നം കണ്ടവൻ!

IIT, NEET ഉയർന്ന റാങ്കുകൾ!

അച്ഛന് മകൻ എൻജിനീയർ ആകണം, അമ്മയ്ക്ക് ഡോക്ടർ!

രണ്ടുമുപേക്ഷിച്ച് അവൻ അവന്റെ വഴിയേ പോയി.. രക്ഷിതാക്കളും കൂടെ നിന്നു..കടലിലൂടെ ലോകം ചുറ്റണമെന്ന ഒറ്റ ലക്ഷ്യത്തിന്റെ പിന്നാലെ....അവൻ നേടുക തന്നെ ചെയ്യും..

സ്വതന്ത്രമായി പറക്കാൻ അനുവദിച്ചാൽ മാത്രം മതി, അവർ ലക്ഷ്യം നേടും...


ഒരു നല്ല അമ്മയാകാൻ ഓരോ സ്ത്രീയും അവരുടെ ജീവിതം ഹോമിക്കേണ്ടതുണ്ടോ?

പുനർവിചിന്തനം വേണ്ടുന്ന സമയമായില്ലേ?

നമ്മുടെ അമ്മമാരെ മനസ്സിലാക്കാൻ നമ്മൾ ഓരുപാടു വൈകിയില്ലേ?

നമ്മുടെ സന്തോഷങ്ങൾ വേണ്ടെന്നു വെക്കാതെ നമുക്ക് കുട്ടികളെ വളർത്താൻ പറ്റില്ലേ? തിരിച്ചറിയാനുള്ള പ്രായമായാൽ അവർ നമ്മളെ മനസ്സിലാക്കില്ലേ?

ത്യാഗമല്ല, അവരവരുടെ ജീവീതമാണ് മറ്റെന്തിനെക്കാളും വലുതെന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഇത് സഹായിക്കില്ലേ?

എന്റെ കുട്ടികൾ പറയാറുണ്ട്, അമ്മയ്ക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തണം എന്ന്..

ആരെങ്കിലുമൊക്കെ നമ്മളെ മനസ്സിലാക്കുമ്പോൾ ഒരു സന്തോഷമല്ലേ..


അവൾക്ക് നല്ല അമ്മയാകാം,

അവളിലെ അവളെ നിലനിർത്തിക്കൊണ്ടുതന്നെ!

അതുകൊണ്ട് ആദ്യം വികാരവിചാരങ്ങളുള്ള ഒരു മനുഷ്യനാകാം എന്നിട്ട് അമ്മയാകാം..

അല്ലാതെ അമ്മയായി മാത്രം ജീവിച്ചിട്ട് എന്ത് നേട്ടം..നമ്മൾ ചേർത്തുപിടിച്ച കുഞ്ഞിക്കിളികൾക്ക് ചിറകുമുളയ്ക്കുമ്പോൾ അവർ പറന്നുപോകും. അവരെ കാത്ത് പുറത്ത് വിശാലമായ ലോകമുണ്ട്. നമ്മുടെ ഇത്തിരിപ്പോന്ന ആകാശത്ത് നമുക്ക് പറന്നുനടക്കാൻ ആരോഗ്യമുള്ളപ്പോഴല്ലേ പറ്റൂ...


എന്നാൽ ബാ പറക്കാം....


☘️രജനി☘️