ഓർമ്മമാത്രം
***********
ഒരൊഴിവുദിവസത്തിന്റെ
ഒഴിഞ്ഞകോണിൽ
തനിച്ചിരിക്കുമ്പോൾ
എന്നോ ഒരു നട്ടുച്ചവെയിലിൽ
കൈകോർത്ത വിരൽച്ചൂട്
വെറുതേ മനസ്സിലെത്തി.
തിരിച്ചുപോകാനാവാത്തത്രയും ദൂരം
ഞാൻ നടന്നകന്നുവല്ലോയെന്ന്
മനസ്സൊന്നു തേങ്ങി.
ഒരു വിളിക്കപ്പുറം
പ്രിയമേറിയൊരു ശബ്ദത്തെ
കാത്തിരുന്ന്,
വിളികേൾക്കാതെയോ
പ്രതിവിളിയില്ലാതെയോ
ഇനിയും നീ തനിച്ചുനടക്കെന്ന്..
പ്രണയം പാടുമൊരു മുളന്തണ്ടിൽ
വിരഹം തേങ്ങും ഗസലിൻവരികളിൽ
നിലാവിന്റെ നിഴൽത്താരയിൽ
പൊഴിഞ്ഞുപോയൊരു
നിലാത്തുണ്ടിൽ
നീയുണ്ടാകുമല്ലോയെന്ന്..
നിന്നോടുള്ള പ്രണയമില്ലായെങ്കിൽ
ഞാനില്ലാതാവില്ലേയെന്ന്...
അവസാനത്തെ
ഒഴിവുദിനത്തിന്റെ
ഒഴിഞ്ഞകോണിലെ
ചിലനിമിഷങ്ങളിലേക്ക്
നിന്നെചേർത്തുവച്ച്
സ്വന്തമല്ലാത്തൊരെഴുത്തുമേശയിൽ
എഴുതിത്തീർന്ന നോട്ടുപുസ്തകത്തിൽ
മഷിയില്ലാത്ത പേനകൊണ്ട്
ആദ്യമോ അന്തമോ ഇല്ലാത്ത വരികളിൽ
എന്റെ വെറുമോരോർമ്മക്കുറിപ്പ്..
രജനി