നിശ്ശബ്ദതയുടെ നിലവിളികൾ
****************************
കരിഞ്ഞമാംസത്തിന്റെ ഗന്ധം
വർത്തമാനത്തിന്റെ
അടഞ്ഞവാതിലും കടന്ന്
പ്രയാണത്തിലാണ്.
ഇടിച്ചുകളഞ്ഞ ഖബറുകളിൽനിന്ന്
ചരിത്രം നിലവിളിക്കുന്നു.
ഭാവിയിലേക്കുള്ള
ചവിട്ടുപടികളിൽ
രക്തവും മാംസവും
കട്ടപിടിച്ചുനിൽക്കുന്നു,
പഥികാ, നീ സൂക്ഷിക്കണം
കാൽ തെറ്റിയാൽ
നിലയില്ലാക്കയത്തിലാണ്
ചെന്നെത്തുക.
അമ്മയും സഹോദരിയും
നിലവിളിക്കുന്നത്
കേൾക്കാൻ സാധ്യതയില്ലല്ലേ
ചെവിയടച്ച് മനമടച്ച് നീ
കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ
കുത്തിയിരിക്കയല്ലേ!
ഇന്നലെ നീ ചേർത്ത ലൈക്കും കമന്റും
ഉടുതുണിയുരിയപ്പെട്ട നിന്റെ
സ്വന്തക്കാരുടേതല്ലെന്ന്
ഉറപ്പുവരുത്തിയോ..
അടച്ചിടപ്പെട്ട വാതിലുകൾക്കുള്ളിൽ
മനോരോഗികൾ
കൂടുന്നതറിയുന്നുണ്ടോ
ജനാധിപത്യം കോടതിമുറികളിൽ
ബലാത്സംഗം ചെയ്യപ്പെടുന്നതോ..
മുഖംമൂടിയിട്ട ശവങ്ങൾ
മോർച്ചറികളിൽ നിറയുന്നു
കണ്ണുകൾ മാത്രംനോക്കി
നിങ്ങൾക്കവയെ തിരിച്ചറിയാമോ
ഇല്ല, അവയും ചൂഴ്ന്നെടുക്കപ്പെട്ടില്ലേ..
കറുത്ത കുഴികളിൽ
തളം കെട്ടിയ ഇരുട്ടിൽ
രക്തത്തിൽക്കുളിച്ച്
പ്രതീക്ഷകൾഎന്നേ
ആത്മഹത്യ ചെയ്തിട്ടുണ്ടാകും
നടപ്പാതകളിലെ
മാംസത്തുണ്ടുകളിൽ
ചവിട്ടാതെ നടക്കാൻ പഠിക്കുക,
ഇനിയതേ മാർഗ്ഗമുള്ളൂ.
രജനി വെള്ളോറ